ഒക്ടോബര്‍ 18 – വി.ലൂക്കാ സുവിശേഷകന്‍ (തിരുന്നാള്‍)

ഒന്നാം വായന
പൗലോസ് അപ്പസ്തോലന്‍തിമോത്തേയോസിന്എഴുതിയ രണ്ടാംലേഖനത്തില്‍നിന്ന് (4:9-17a)
(ലൂക്കാ മാത്രമേ എന്നോടുകൂടെയുള്ളു)
സഹോദരാ, എന്‍റെ അടുത്തു വേഗം എത്തിച്ചേരാന്‍ ഉത്സാഹിക്കുക. എന്തെന്നാല്‍, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെ വിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദല്‍മാത്തിയായിലേക്കും പോയ്ക്കഴിഞ്ഞു. ലൂക്കാ മാത്രമേ എന്നോടുകൂടെയുള്ളു. മര്‍ക്കോസിനോടുകൂടെ നീ കൂട്ടിക്കൊണ്ടുവരണം. ശുശ്രൂഷയില്‍ അവന്‍ എനിക്കു പ്രയോജനപ്പെടും. തിക്കിക്കോസിനെ ഞാന്‍ എഫേസോസിലേക്കയച്ചിരിക്കുകയാണ്. നീ വരുമ്പോള്‍, ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്‍റെ പക്കല്‍ ഏല്‍പിച്ചിട്ടു പോന്ന എന്‍റെ പുറംകുപ്പായവും പുസ്തകങ്ങളും പ്രത്യേകിച്ച്, തുകല്‍ച്ചുരുളുകളും കൊണ്ടുപോരണം. ചെമ്പുപണിക്കാരനായ അലക്സാണ്ടര്‍ എനിക്കു വലിയ ദ്രോഹംചെയ്തു. കര്‍ത്താവ് അവന്‍റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്‍കും. നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ശക്തിപൂര്‍വം എതിര്‍ത്തവനാണ്. എന്‍റെ ന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിച്ചപ്പോള്‍ ആരും എന്‍റെ ഭാഗത്തില്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ. എന്നാല്‍, കര്‍ത്താവ് എന്‍റെ ഭാഗത്തുണ്ടായിരുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (145:10-11,12-13,17-18)
R (v.11a) കര്‍ത്താവേ, അങ്ങയുടെ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്‍റെ മഹത്വത്തെപ്രതി സംസാരിക്കും.
1. കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യത്തിന്‍റെ മഹത്വത്തെപ്രതി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
R കര്‍ത്താവേ, അങ്ങയുടെ …………..
2. അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്‍റെ മഹത്വപൂര്‍ണമായ പ്രതാപവും മനുഷ്യമക്കളെ അവര്‍ അറിയിക്കും. അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു.
R കര്‍ത്താവേ, അങ്ങയുടെ …………..
3. കര്‍ത്താവിന്‍റെ വഴികള്‍ നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.
R കര്‍ത്താവേ, അങ്ങയുടെ …………..
അല്ലേലൂയാ!
അല്ലേലൂയാ! (cf.യോഹ.15:16) കര്‍ത്താവ് അരുള്‍ചെയ്യുന്നു: നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അല്ലേലൂയാ!

സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (10:1-9)
(കൊയത്തു വളരെ; വേലക്കാരോ ചുരുക്കം)
അക്കാലത്ത്, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേ അയച്ചു. അവന്‍ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്‍റെ നാഥനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍. പോകുവിന്‍, ഇതാ ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്‍റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും. അവരോടൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടില്‍ തന്നെ വസിക്കുവിന്‍. വേലക്കാരന്‍ തന്‍റെ കൂലിക്ക് അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോറും ചുറ്റിനടക്കരുത്. ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്ഷിക്കുവിന്‍. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയും ചെയ്യുവിന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here