ഒക്ടോബര്‍ 1 വി.കൊച്ചുത്രേസ്യയുടെ തിരുനാള്‍

 

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന്(66:10-14c)
(ഞാന്‍ അവള്‍ക്കു നദീസമാനം സമാധാനം നല്‍കും)
ജറുസലെമിനെ സ്നേഹിക്കുന്ന നിങ്ങള്‍ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിന്‍. അവളെപ്രതി വിലപിക്കുന്ന നിങ്ങള്‍ അവളോടൊത്തു സന്തോഷിച്ചു തിമിര്‍ക്കുവിന്‍. അവളുടെ സാന്ത്വനസ്തന്യം പാനം ചെയ്ത് തൃപ്തരാകുവിന്‍; അവളുടെ മഹത്വത്തിന്‍റെ സമൃദ്ധി നുകര്‍ന്നു സംതൃപ്തിയടയുവിന്‍. കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഐശ്വര്യം നദിപോലെ അവളിലേക്കു ഞാന്‍ ഒഴുക്കും; ജനതകളുടെ ധനം കവിഞ്ഞൊഴുകുന്ന അരുവിപോലെയും. നിന്നെ അവള്‍ പാലൂട്ടുകയും എളിയില്‍ എടുത്തുകൊണ്ടു നടക്കുകയും മടിയില്‍ ഇരുത്തി ലാളിക്കുകയും ചെയ്യും. അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും. അതു കണ്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥി പുല്ലുപോലെ തളിര്‍ക്കും;കര്‍ത്താവിന്‍റെ കരം അവിടുത്തെ ദാസരോടുകൂടെയും കര്‍ത്താവിന്‍റെ രോഷം അവിടുത്തെ ശത്രുക്കള്‍ക്കെതിരെയും ആണെന്ന് അപ്പോള്‍ വെളിവാകും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (16:1-2+5,7-8,11)
R (v.5a) കര്‍ത്താവാണ് എന്‍റെ ഓഹരിയും പാനപാത്രവും.
1. ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്‍റെ കര്‍ത്താവ്;അങ്ങില്‍നിന്നല്ലാതെ
എനിക്കു നന്‍മയില്ലഎന്നു ഞാന്‍
കര്‍ത്താവിനോടു പറയും.
കര്‍ത്താവാണ് എന്‍റെ ഓഹരിയും പാനപാത്രവും;
എന്‍റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
R കര്‍ത്താവാണ്………….
2. എനിക്ക് ഉപദേശം നല്‍കുന്ന കര്‍ത്താവിനെ ഞാന്‍
വാഴ്ത്തുന്നു;
രാത്രിയിലും എന്‍റെഅന്തരംഗത്തില്‍ പ്രബോധനം
നിറയുന്നു.
കര്‍ത്താവ് എപ്പോഴും എന്‍റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.
R കര്‍ത്താവാണ്………….
3. അങ്ങ് എനിക്ക് ജീവന്‍റെ മാര്‍ഗം കാണിച്ചുതരുന്നു
അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്‍റെ പൂര്‍ണതയുണ്ട്;
അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ ഒരുസന്തോഷമുണ്ട്.
Rഞ കര്‍ത്താവാണ്………….
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ
ലേഖനത്തില്‍നിന്ന് (1:26-31)
(ലോകത്തില്‍ ബലഹീനരായവരെ ദൈവം തിരഞ്ഞെടുത്തു)
സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്;ലൗകികമാനദണ്‍ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും, നിലവിലുള്ളവയെ നശിപ്പിക്കുവാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു. ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്. യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്‍റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ നമുക്കു ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു. അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(Mt.11:25) സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (18:1-5)
(ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കയില്ല)
അക്കാലത്ത് ശിഷ്യന്‍മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു:സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്?യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. ഇതുപോലുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here