ഏഴുപതിനായിരം രോഹിൻഗ്യകള്‍ക്ക് ഭക്ഷണവുമായി കത്തോലിക്ക സംഘടന

ധാക്ക: മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തു ബംഗ്ലാദേശില്‍ കഴിയുന്ന ഏഴുപതിനായിരം രോഹിൻഗ്യ അഭയാർത്ഥികൾക്ക് ഭക്ഷണമെത്തിച്ചുകൊണ്ട് കത്തോലിക്ക സന്നദ്ധസംഘടനയായ കാരിത്താസ് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. അഭയാര്‍ത്ഥികള്‍ക്ക് സഹായം ലഭ്യമാക്കാൻ ബംഗ്ലാദേശ് ഭരണകൂടം കാരിത്താസ് സംഘടനയ്ക്ക് അനുവാദം നൽകിയതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അറുപത് ദിവസത്തേയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും അംഗീകാരം പുതുക്കി നൽകിയാൽ കൂടുതൽ സഹായം ലഭ്യമാക്കുമെന്നും ചിറ്റഗോങ്ങിലെ കാരിത്താസിന്‍റെ പ്രാദേശിക ഡയറക്ടറായ ജെയിംസ് ഗോമസ് പറഞ്ഞു.

അഞ്ചര ലക്ഷത്തോളം രോഹിൻഗ്യന്‍ മുസ്ലിംങ്ങളാണ് മ്യാൻമറിൽ നിന്നും പലായനം ചെയ്തു ബംഗ്ലാദേശിൽ അഭയം തേടിയെത്തിയത്. അതേസമയം അടിയന്തരാവസ്ഥ പരിഗണിച്ചാണ് അതിർത്തികൾ തുറന്നു കൊടുത്തതെന്നും പലായനം ചെയ്തവർ തിരികെ പോകണമെന്ന നിർദ്ദേശം ഷെയ്ക്ക് ഹസീന ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുടെ അഭാവം മൂലം സ്ത്രീകളുടേയും കുട്ടികളുടേയും സ്ഥിതിഗതികൾ പരിതാപകരമാണെന്ന്‍ ബംഗ്ലാദേശ് മെത്രാൻ സമിതി വൈസ് പ്രസിഡന്റ് ബിഷപ്പ് റൊസാരിയോ പറഞ്ഞു.

ആക്രമണ പരമ്പരകളുടെയും കൊലപാതകങ്ങളുടെയും ഭീതിയിൽ നിന്നും അവർ ഇനിയും മുക്തരായിട്ടില്ല. കാരിത്താസ് സംഘടനയുടെ സഹായം സത്യുതർഹമാണെന്നും അദ്ദേഹം പറഞ്ഞു. മ്യാൻമാർ ഭരണകൂടം ബംഗ്ലാദേശ് അധികാരികളുമായി ചർച്ചകൾ വൈകിപ്പിക്കരുതെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ജനാധിപത്യം മാത്രമാണ് വഴിയെന്നും മോൺസിഞ്ഞോർ റൊസാരിയോ അഭിപ്രായപ്പെട്ടു. അതേസമയം രാജ്യത്തെ കത്തോലിക്കസഭയുടെയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ആയിരകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here