“എന്റെ കഷ്ടതകളില്‍ യേശുവാണ് എന്നെ നയിച്ചത്”: ഗ്രാമി അവാര്‍ഡ് ജേതാവ് മിഷേല്‍ വില്ല്യംസ്

റോക്ക്ഫോര്‍ഡ്: തന്റെ അസ്വസ്ഥതകളുടേയും സങ്കടങ്ങളുടേയും നാളുകളില്‍ യേശു ക്രിസ്തുവാണ്‌ തന്നെ കൈപിടിച്ച് നടത്തിയതെന്ന്‍ പ്രശസ്ത അമേരിക്കന്‍ ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ മിഷേല്‍ വില്ല്യംസിന്‍റെ സാക്ഷ്യം. ലിബര്‍ട്ടി യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന അവസരത്തിലാണ് യേശു തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെയും ക്രിസ്തുവിനോടുള്ള തന്റെ സ്നേഹത്തെയും പറ്റി പ്രസിദ്ധ ഗായിക വെളിപ്പെടുത്തല്‍ നടത്തിയത്. ബിരുദദാന ചടങ്ങില്‍ വെച്ച് വിദ്യാര്‍ത്ഥികളുമായി നടത്തിയ അഭിമുഖ സംവാദത്തില്‍, തങ്ങളുടെ വിശ്വാസ യാത്രയില്‍ മുന്നേറുവാന്‍ മിഷേല്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

“ഞാന്‍ യേശുവിനെ സ്നേഹിക്കുന്നു” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തനിക്ക് മുന്നില്‍ കൂടിയവരെ പ്രോത്സാഹിപ്പിക്കുവാനും അവര്‍ മറന്നില്ല. 15-മത്തെ വയസ്സിലാണ് താന്‍ യേശുവിനെ പിന്തുടരുവാന്‍ തീരുമാനിച്ചതെന്ന്‍ വില്ല്യംസ് പറഞ്ഞു. തന്റെ ഉന്നതിയുടെ നാളുകളില്‍പോലും മനോസംഘര്‍ഷവും, മാനസിക തളര്‍ച്ചയും അനുഭവപ്പെട്ടപ്പോള്‍ യേശുവില്‍ പ്രത്യാശയര്‍പ്പിച്ചുള്ള പ്രാര്‍ത്ഥനയിലൂടെയും കൗണ്‍സലിംഗും വഴിയാണ് പിടിച്ചുനിന്നത്. സഹായം അപേക്ഷിക്കുന്നതു കൊണ്ട് നമ്മള്‍ ഒരിക്കലും ദുര്‍ബ്ബലരാകുന്നില്ല.

“കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും” (സുഭാഷിതങ്ങള്‍ 3:5-6) എന്ന സുവിശേഷ വാക്യമാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്നും നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും യേശുവിനെ ഓര്‍ക്കണമെന്നും വില്ല്യംസ് പറഞ്ഞു.

‘ഡെസ്റ്റിനീസ് ചൈല്‍ഡ്’ എന്ന സുപ്രസിദ്ധ അമേരിക്കന്‍ വനിതാ സംഗീത ബാന്‍ഡിലൂടെയാണ് മിഷേല്‍ വില്യംസ് പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയത്. ‘സേ മൈ നെയിം’, ‘സര്‍വൈവര്‍’ തുടങ്ങിയ ജനപ്രീതി നേടിയ ഗാനങ്ങള്‍ വഴി അമേരിക്കന്‍ സംഗീത പ്രേമികളുടെ ഇടയില്‍ വലിയ സ്ഥാനമാണ് മിഷേല്‍ നേടിയത്.

‘ഹൗ ഗ്രേറ്റ് ദൗ ആര്‍ട്ട്’, ‘കിംഗ് ഓഫ് മൈ ഹാര്‍ട്ട്’ തുടങ്ങിയ പ്രശസ്ത ക്രിസ്ത്യന്‍ ഗാനങ്ങളും വില്ല്യംസിന്റേതായുണ്ട്. 2015-ല്‍ ബറാക്ക് ഒബാമ പ്രസിഡന്‍റായിരിന്ന കാലഘട്ടത്തില്‍ മിഷേല്‍ വൈറ്റ് ഹൗസിൽ സംഗീതം ആലപിച്ചിരിന്നു. ഏറെ നാളുകൾക്ക് ശേഷം ‘ജേര്‍ണി റ്റു ഫ്രീഡം’ എന്ന ക്രിസ്ത്യന്‍ സംഗീത ആല്‍ബവുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിഷേല്‍. ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിലും പ്രശസ്തി നേടിയ മിഷേല്‍ വില്ല്യംസ് നിരവധി പുരസ്ക്കാരങ്ങളാണ് ഇതിനോടകം കരസ്ഥമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here