ഇരുപത്തൊന്‍പതാം വാരം: തിങ്കള്‍ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (23/10/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍നിന്ന് (4:20-25)
(അവന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന്
എഴുതിയിരിക്കുന്നതു നമ്മെ സംബന്ധിച്ചുകൂടിയാണ്)
സഹോദരരേ, വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്‍റെ വാഗ്ദാനത്തിനെതിരായി അബ്രാഹം ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ വിശ്വാസത്താല്‍ ശക്തി പ്രാപിച്ചു. വാഗ്ദാനം നിറവേറ്റാന്‍ ദൈവത്തിനു കഴിയുമെന്ന് അവനു പൂര്‍ണബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്‍റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്. അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടിയാണ്. നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിന് ഏല്‍പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(ലൂക്കാ.1:69-70, 71-72,73-75)
r (V.68 ) ഇസ്രായേലിന് ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്‍റെ ജനത്തെ സന്ദര്‍ശിച്ചു.
1. ആദിമുതല്‍ തന്‍റെ വിശുദ്ധന്‍മാരായ പ്രവാചകന്‍മാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്തതുപോലെ, തന്‍റെ ദാസനായ ദാവീദിന്‍റെ ഭവനത്തില്‍ നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയര്‍ത്തി.
R ഇസ്രായേലിന്‍റെ ദൈവമായ…….
2. ശത്രുക്കളില്‍നിന്നും നമ്മെ വെറുക്കുന്നവരുടെ കൈയില്‍ നിന്നും നമ്മെ രക്ഷിക്കാനും നമ്മുടെ പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്ത കാരുണ്യം നിവര്‍ത്തിക്കാനുമാണ് ഇത്.
R ഇസ്രായേലിന്‍റെ ദൈവമായ…….
3. നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്ത അവിടുത്തെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കാനും ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം നമുക്കു നല്‍കാനുമായിട്ടാണ് ഇത്.
R ഇസ്രായേലിന്‍റെ ദൈവമായ…….
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (2: 1-10)
(യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍
അവനോടുകൂടെ ഇരുത്തുകയും ചെയ്തു)
സഹോദരരേ, അപരനാമങ്ങളും പാപങ്ങളുംമൂലം ഒരിക്കല്‍ നിങ്ങള്‍ മൃതരായിരുന്നു. അന്ന്, ഈ ലോകത്തിന്‍റെ ഗതി പിന്തുടര്‍ന്നും, അനുസരണക്കേടിന്‍റെ മക്കളില്‍ പ്രവര്‍ത്തിക്കുന്ന അരൂപിയായ അന്തരീക്ഷശക്തികളുടെ അധീശനെ അനുസരിച്ചുമാണ് നിങ്ങള്‍ നടന്നിരുന്നത്.അനുസരണക്കേടിന്‍റെ ഈ മക്കളോടൊപ്പം ഒരു കാലത്ത് നമ്മളും ശരീരത്തിന്‍റെയും മനസ്സിന്‍റെയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട് ജഡമോഹങ്ങളില്‍ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്‍റെ മക്കളായിരുന്നു. എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താല്‍, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്‍റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്‍റെ ദാനമാണ്. അതു പ്രവത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്‍റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(100:1-2,3,4,5)
R (v.3b ) കര്‍ത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്.
1. ഭൂമി മുഴുവന്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.
R കര്‍ത്താവാണ് നമ്മെ…….
2. കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍; അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതൈണ്; നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
R കര്‍ത്താവാണ് നമ്മെ…….
3. കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്ദിപറയുവിന്‍; അവിടുത്തെ നാമം വാഴ്ത്തുവിന്‍.
R കര്‍ത്താവാണ് നമ്മെ…….
4. കര്‍ത്താവു നല്ലവനാണ്, അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.
R കര്‍ത്താവാണ് നമ്മെ…….
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ.5:3) ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍, സ്വര്‍ഗരാജ്യം അവരുടേതാണ്. – അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (12:13-21)
(നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?)
അക്കാലത്ത്, ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ യേശുവിനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്‍റെ സഹോദരനോടു കല്‍പിക്കണമേ! യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്.
ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: ഒരു ധനികന്‍റെ കഷിസ്ഥലം സമൃദ്ധമായ വിളവു നല്‍കി. അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവന്‍ സൂക്ഷിക്കാന്‍ എനിക്കു സ്ഥലമില്ല്ലോ. അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും, എന്‍റെ അറപ്പുരകള്‍ ൊളിച്ച്, കൂടുതല്‍ വലിയവ പണിയും; അതില്‍ എന്‍റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാന്‍ എന്‍റെ ആത്മാവിനോടു പറയും; ആത്മാവേ, അനേകവര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക. എന്നാല്‍, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും? ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here