ഇരുപത്തേഴാം വാരം: ബുധന്‍ – ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം- (11/10/17)

ഒന്നാം വായന

യോനാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (4:1-11)

(നിനക്കു ചെടിയോട് അനുകമ്പ തോന്നുന്നുവെങ്കില്‍ എനിക്ക്   മഹാനഗരമായ നിനിവേയോട് അനുകമ്പ തോന്നരുതെന്നോ? )

ദൈവം നിനിവേനഗരത്തോട് സഹതാപം കാണിച്ചതില്‍ യോനാ അത്യധികം അസംതൃപ്തനും കുപിതനുമായി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ എന്‍റെ ദേശത്തായിരുന്നപ്പോള്‍ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണ്  ഞാന്‍ താര്‍ഷീഷിലേക്കു ഓടിപ്പോകാന്‍ ശ്രമിച്ചത്. അവിടുന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്നേഹനിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു. കര്‍ത്താവേ, എന്‍റെ ജീവന്‍ എടുത്തുകൊള്ളുക എന്നു ഞാന്‍ അപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്ക് നല്ലത്. കര്‍ത്താവ് ചോദിച്ചു: നിനക്കു കോപിക്കാന്‍ എന്തു കാര്യം? യോനാ പുറത്തിറങ്ങി നഗരത്തിന്‍റെ കിഴക്കുഭാഗത്തു പോയി ഇരുന്നു. അവിടെ അവന്‍ തനിക്കുവേണ്ടി ഒരു കൂടാരം നിര്‍മിച്ചു. നഗരത്തിന് എന്തു സംഭവിക്കുമെന്ന് കാണാനായി കൂടാരത്തിന്‍റെ കീഴില്‍ ഇരുന്നു. യോനായ്ക്കു തണലും ആശ്വാസവും നല്‍കുന്നതിന് ദൈവമായ കര്‍ത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു. പിറ്റേന്നു പ്രഭാതത്തില്‍ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ള കിഴക്കന്‍കാറ്റിനെ നിയോഗിച്ചു. തലയില്‍ സൂര്യന്‍റെ ചൂടേറ്റ് യോനാ തളര്‍ന്നു. മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്. ദൈവം യോനായോടു ചോദിച്ചു: ആ ചെടിയെചൊല്ലി കോപിക്കാന്‍ നിനക്കെന്തു കാര്യം? അവന്‍ പറഞ്ഞു: കോപിക്കാന്‍ എനിക്കു കാര്യമുണ്ട്, മരണംവരെ കോപിക്കാന്‍. കര്‍ത്താവ് പറഞ്ഞു: ഈ ചെടി ഒരു രാത്രികൊണ്ട് വളരുകയും അടുത്ത രാത്രി നശിക്കുകയും ചെയ്തു. നീ അതിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി അദ്ധ്വാനിച്ചിട്ടില്ല. എന്നിട്ടും നിനക്കതിനോട് അനുകമ്പ തോന്നുന്നു. എങ്കില്‍, ഇടംവലം തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരുലക്ഷത്തിയിരുപതിനായിരത്തില്‍പരം ആളുകളും അസംഖ്യം മൃഗങ്ങളും വസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(86:3-4,5-6,9-10)

R (v.15a) കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.

1. കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസന്‍റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക് എന്‍റെ മനസ്സിനെ ഉയര്‍ത്തുന്നു.

R കര്‍ത്താവേ, അങ്ങു കാരുണ്യവാനും……..

2. കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്‍റെ യാചനയുടെ സ്വരം ശ്രവിക്കണമേ!

R കര്‍ത്താവേ, അങ്ങു കാരുണ്യവാനും……..

3. കര്‍ത്താവേ, അങ്ങു സൃഷ്ടിച്ച ജനതകള്‍വന്ന് അങ്ങയെ കുമ്പിട്ട് ആരാധിക്കും; അവര്‍ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും. എന്തെന്നാല്‍, അങ്ങു വലിയവനാണ്. വിസ്മയകരമായ കാര്യങ്ങള്‍ അങ്ങു നിര്‍വഹിക്കുന്നു; അങ്ങു മാത്രമാണു ദൈവം.

R കര്‍ത്താവേ, അങ്ങു കാരുണ്യവാനും……..

രണ്ടാം വര്‍ഷം

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയാക്കാര്‍ക്ക്

എഴുതിയ ലേഖനത്തില്‍നിന്ന് (2: 1-2, 7-14)

(എനിക്കു കൃപ ലഭിച്ചിരിക്കുന്നുവെന്ന് അവര്‍ അറിഞ്ഞു)

സഹോദരരേ, പതിന്നാലു വര്‍ഷത്തിനുശേഷം ബാര്‍ണബാസിനോടുകൂടെ ഞാന്‍ വീണ്ടും ജറുസലെമിലേക്കു പോയി. തീത്തോസിനെയും കൂടെക്കൊണ്ടുപോയിരുന്നു. ഒരു വെളിപാടനുസരിച്ചാണ് ഞാന്‍ പോയത്. അവിടത്തെ പ്രധാനികളുടെ മുമ്പില്‍, ഞാന്‍ വിജാതീയരുടെയിടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു. ഇത്, ഞാന്‍ ഓടുന്നതും ഓടിയതും വ്യര്‍ഥമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു. പരിച്ഛേദിതര്‍ക്കുള്ള സുവിശേഷം പത്രോസിന് എന്നതുപോലെ, അപരിച്ഛേദിതര്‍ക്കുള്ള സുവിശേഷം എനിക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ മനസ്സിലാക്കി. എന്തെന്നാല്‍, പരിച്ഛേദിതര്‍ക്കുള്ള പ്രേഷിതത്വം പത്രോസിലൂടെ നിറവേറ്റുന്നവന്‍ തന്നെ വിജാതീയര്‍ക്കുവേണ്ടി എന്നിലൂടെ പ്രവര്‍ത്തിക്കുന്നു. നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്‍റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെ അടുത്തേക്ക് അവരും പോകാന്‍ തീരുമാനമായി. പാവങ്ങളെപ്പറ്റി ചിന്തവേണം എന്നു മാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതു തന്നെയാണ് എന്‍റെ തീവ്രമായ താത്പര്യം. എന്നാല്‍, കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട്, ഞാന്‍ അവനെ മുഖത്തുനോക്കി എതിര്‍ത്തു. യാക്കോബിന്‍റെ അടുത്തുനിന്നു ചിലര്‍ വരുന്നതുവരെ അവന്‍ വീജാതീയരോടൊപ്പമിരുന്ന് ഭക്ഷിച്ചിരുന്നു. അവര്‍ വന്നു കഴിഞ്ഞപ്പോഴാകട്ടെ, പരിച്ഛേദിതരെ ഭയന്ന് അവന്‍ പിന്‍മാറിക്കളഞ്ഞു. അവനോടൊത്ത് ബാക്കി യഹൂദന്‍മാരും കപടമായി പെരുമാറി. അവരുടെ കാപട്യത്താല്‍ ബാര്‍ണബാസ് പോലും വഴിതെറ്റിക്കപ്പെട്ടു. അവരുടെ പെരുമാറ്റം സുവിശേഷസത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ കേപ്പായോട് പറഞ്ഞു: യഹൂദനായ നീ യഹൂദനെപ്പോലെയല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നതെങ്കില്‍, യഹൂദരെപ്പോലെ ജീവിക്കാന്‍ വിജാതീയരെ പ്രേരിപ്പിക്കുന്നതിന് നിനക്ക് എങ്ങനെ സാധിക്കും?

കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(117:1,2)

R (vbc.മര്‍ക്കോ.16:15)

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.(അല്ലെങ്കില്‍: അല്ലേലൂയാ)

1. ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

R നിങ്ങള്‍ ലോകമെങ്ങും പോയി……..

2. നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്തുതിക്കുവിന്‍.

R നിങ്ങള്‍ ലോകമെങ്ങും പോയി……..

അല്ലേലൂയാ!

അല്ലേലൂയാ! (റോമാ.8:15bc) പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണ് നാം അബാ-പിതാവേ- എന്നു വിളിക്കുന്നത്. അല്ലേലൂയാ!

സുവിശേഷം

വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (11:1-4)

(കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക)

അക്കാലത്ത്, യേശു ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക. അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍. പിതാവേ, അങ്ങയുടെ നാമം പൂജീതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.

കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here