ഇരുപത്തേഴാം വാരം: തിങ്കള്‍ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (9/10/17)

ഒന്നാം വായന
യോനാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (1:1-17,2:1)
(കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്ന് ഒളിച്ചോടാന്‍ യോനാ ഒരുങ്ങി )
അമിത്തായിയുടെ പുത്രന്‍ യോനായ്ക്ക് കര്‍ത്താവിന്‍റെ അരുളപ്പാടുണ്ടായി: നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയില്‍ച്ചെന്ന് അതിനെതിരേ വിളിച്ചുപറയുക. എന്തെന്നാല്‍, അവരുടെ ദുഷ്ടത എന്‍റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.എന്നാല്‍, യോനാ താര്‍ഷീഷിലേക്കു ഓടി കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നു മറയാന്‍ ഒരുങ്ങി. അവന്‍ ജോപ്പായിലെത്തി. അവിടെ താര്‍ഷീഷിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട് യാത്രക്കൂലി കൊടുത്ത് അവന്‍ അതില്‍ കയറി. അങ്ങനെ താര്‍ഷീഷില്‍ ചെന്നു കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്ന് ഒളിക്കാമെന്ന് അവന്‍ കരുതി.
എന്നാല്‍, കര്‍ത്താവ് കടലിലേക്ക് ഒരു കൊടുങ്കാറ്റ് അയച്ചു; കടല്‍ക്ഷോഭത്തില്‍ കപ്പല്‍ തകരുമെന്നായി. കപ്പല്‍ യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവന്‍മാരെ വിളിച്ചപേക്ഷിച്ചു. ഭാരം കുറയ്ക്കാന്‍വേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവര്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍, യോനാ കപ്പലിന്‍റെ ഉള്ളറയില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ കപ്പിത്താന്‍ അടുത്തുവന്ന് അവനോടു ചോദിച്ചു: നീ ഉറങ്ങുന്നോ? എന്താണ് ഇതിന്‍റെ അര്‍ത്ഥം? എഴുന്നേറ്റ് നിന്‍റെ ദൈവത്തെ വിളിച്ചപേക്ഷിക്കുക. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്ഷേ അവിടുന്ന് നമ്മെ ഓര്‍ത്തേക്കും. അനന്തരം അവര്‍ പരസ്പരം പറഞ്ഞു: ആരു നിമിത്തമാണ് നമുക്ക് ഈ അനര്‍ത്ഥം ഭവിച്ചതെന്നറിയാന്‍ നമുക്കു നറുക്കിടാം. അവര്‍ നറുക്കിട്ടു. യോനായ്ക്കു നറുക്കു വീണു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: പറയു, ആരു നിമിത്തമാണ് ഈ അനര്‍ഥം നമ്മുടെമേല്‍ വന്നത്? നിന്‍റെ തൊഴില്‍ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്‍റെ നാടേതാണ്? നീ ഏതു ജനതയില്‍പ്പെടുന്നു? അവന്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായനാണ്. കടലും കരയും സൃഷ്ടിച്ച, സ്വര്‍ഗസ്ഥനായ ദൈവമായ കര്‍ത്താവിനെ ആണ് ഞാന്‍ ആരാധിക്കുന്നത്. അപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ട് അവനോടു പറഞ്ഞു: നീ എന്താണ് ഈ ചെയ്തത്? അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്ന് ഓടിയൊളിക്കുകയാണെന്ന്, അവന്‍തന്നെ പറഞ്ഞ് അവര്‍ അറിഞ്ഞു. അവര്‍ അവനോടു പറഞ്ഞു: കടല്‍ ശാന്തമാകേണ്ടതിന് ഞങ്ങള്‍ നിന്നെ എന്തുചെയ്യണം? കടല്‍ കൂടുതല്‍ കൂടുതല്‍ പ്രഷുബ്ധമായിക്കൊണ്ടിരിക്കുന്നു. അവന്‍ അവരോടു പറഞ്ഞു: എന്നെ എടുത്തു കടലിലേക്കെറിയുക. അപ്പോള്‍ കടല്‍ ശാന്തമാകും. എന്തെന്നാല്‍, ഞാന്‍ നിമിത്തമാണ് ഈ വലിയ കൊടുങ്കാറ്റ് നിങ്ങള്‍ക്കെതിരേ ഉണ്ടായിരിക്കുന്നതെന്നു ഞാന്‍ മനസ്സിലാക്കുന്നു.
കപ്പല്‍ കരയ്ക്ക് അടുപ്പിക്കുന്നതിനായി അവര്‍ ശക്തിപൂര്‍വം തണ്ടുവലിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, കടല്‍ അവര്‍ക്കെതിരേ പൂര്‍വാധികം ക്ഷോഭിക്കുകയായിരുന്നു. അതുകൊണ്ട് , അവര്‍ കര്‍ത്താവിനോടു നിലവിളിച്ചു. കര്‍ത്താവേ, ഈ മനുഷ്യന്‍റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിക്കാനിടയാകരുതേ! നിഷ്കളങ്കരക്തം ചിന്തി എന്ന കുറ്റം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കര്‍ത്താവേ, അവിടുത്തെ ഹിതമനുസരിച്ചാണല്ലോ ഇപ്രകാരം സംഭവിച്ചത്. അനന്തരം, അവര്‍ യോനായെ എടുത്തു കടലിലേക്കെറിഞ്ഞു. ഉടനെ കടല്‍ ശാന്തമായി. അപ്പോള്‍ അവര്‍ കര്‍ത്താവിനെ അത്യധികം ഭയപ്പെടുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയും നേര്‍ച്ചനേരുകയും ചെയ്തു.
യോനായെ വിഴുങ്ങാന്‍ കര്‍ത്താവ് ഒരു വലിയ മത്സ്യത്തെ നിയോഗിച്ചു. യോനാ മൂന്നു രാവും പകലും ആ മത്സ്യത്തിന്‍റെ ഉദരത്തില്‍ കഴിഞ്ഞു. മത്സ്യത്തിന്‍റെ ഉദരത്തില്‍ വച്ചു യോനാ തന്‍റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. കര്‍ത്താവ് മത്സ്യത്തോടു കല്‍പിച്ചു. അതു യോനായെ കരയിലേക്കു ഛര്‍ദിച്ചിട്ടു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(യോനാ.2:2,3,4,7)
R (v.6c) കര്‍ത്താവേ, അങ്ങ് എന്‍റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.
1. എന്‍റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്‍റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന് എന്‍റെ നിലവിളി കേട്ടു.
R കര്‍ത്താവേ, അങ്ങ്……..
2. അവിടുന്ന് എന്നെ ആഴത്തിലേക്ക്, സമുദ്രമദ്ധ്യത്തിലേക്കു വലിച്ചെറിഞ്ഞു. പ്രവാഹം എന്നെ വളഞ്ഞു. അങ്ങയുടെ തിരമാലകള്‍ എന്‍റെ മുകളിലൂടെ കടന്നുപോയി.
R കര്‍ത്താവേ, അങ്ങ്……..
3. അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ നിഷ്കാസിതനായിരിക്കുന്നു. അങ്ങയുടെ വിശുദ്ധ മന്ദിരത്തലേയ്ക്ക്, ഇനി ഞാന്‍ എങ്ങനെ നോക്കും?
R കര്‍ത്താവേ, അങ്ങ്……..
4. എന്‍റെ ജീവന്‍ മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു. എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ അടുക്കല്‍, അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍ എത്തി.
R കര്‍ത്താവേ, അങ്ങ്……..
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയാക്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (42:1-3,5-6,12-16)
(സുവിശേഷം ഞാന്‍ മനുഷ്യനില്‍നിന്നല്ല സ്വീകരിച്ചത്. ആരും അതെന്നെ
പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്‍റെ വെളിപാടിലൂടെയാണ് അത്
എനിക്കു ലഭിച്ചത്)
സഹോദരരേ, ക്രിസ്തുവിന്‍റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്‍റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരംതന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്‍റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്തുവിന്‍റെ ദാസനാവുകയില്ലായിരുന്നു.
സഹോദരരേ, ഞാന്‍ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാന്‍ അറിയിക്കുന്നു. എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്‍റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(111:1-2, 7-8, 9+10c)
R (v.5b) കര്‍ത്താവു തന്‍റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു. (അല്ലെങ്കില്‍: അല്ലേലൂയാ!)
1. കര്‍ത്താവിനെ സ്തുതിക്കുവിന്‍! നീതിമാന്‍മാരുടെ സംഘത്തിലും സഭയിലും പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും. കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്; അവയില്‍ ആനന്ദിക്കുന്നവര്‍ അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.
R കര്‍ത്താവു തന്‍റെ ഉടമ്പടിയെ……..
2. അവിടുത്തെ പ്രവൃത്തികള്‍ വിശ്വസ്തവും നീതിയുക്തവുമാണ്. അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസ്യമാണ്; വിശ്വസ്തതയോടും പരമാര്‍ത്ഥതയോടുംകൂടെ പാലിക്കപ്പെടാന്‍, അവയെ എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു.
R കര്‍ത്താവു തന്‍റെ ഉടമ്പടിയെ……..
3. അവിടുന്നു തന്‍റെ ജനത്തെ വീണ്ടെടുത്തു; അവിടുന്നു തന്‍റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു; വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെ നാമം. അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും.
R കര്‍ത്താവു തന്‍റെ ഉടമ്പടിയെ……..
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.13:34) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്‍കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (10:25-37)
(ആരാണ് എന്‍റെ അയല്‍ക്കാരന്‍)
അക്കാലത്ത്, ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവന്‍ ഉത്തരം പറഞ്ഞു: നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും. എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്‍റെ അയല്‍ക്കാരന്‍? യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്‍റെ മുറിവുകള്‍ വച്ചുകെട്ടി, തന്‍റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്തദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്‍റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്‍റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here