ഇരുപത്തെട്ടാം വാരം: വ്യാഴം – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (19/10/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍നിന്ന് (3:21-30a)
(നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍
നീതീകരിക്കപ്പെടുന്നു)
സഹോദരരേ, നിയമവും പ്രവാചകന്‍മാരും സാഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്. എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി. അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്തുവഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു. വിശ്വാസംവഴി സംലബ്ധമാകുന്ന രക്തം കൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചു തന്നു. അവിടുന്നു തന്‍റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോള്‍ തന്‍റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയാക്കാനുമാണ് ഇപ്രകാരം ചെയ്തത്. അതുകൊണ്ട്, നമ്മുടെ വന്‍പുപറച്ചില്‍ എവിടെ? അതിനു സ്ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്ഥാനത്തില്‍? പ്രവൃത്തികളുടെ അടിസ്ഥാനത്തിലോ? അല്ല, വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍. എന്തെന്നാല്‍, നിയമാനുഷ്ഠാനം കൂടാതെ തന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്. എന്തെന്നാല്‍, ദൈവം ഏകനാണ്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(130:1-2,3-4,5+7)
R (v.7b ) കര്‍ത്താവ് കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.
1. കര്‍ത്താവേ അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! ചെവി ചായ്ച്ച് എന്‍റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!
R കര്‍ത്താവ് കാരുണ്യവാനാണ്……..
2. കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും? എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്: അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു.
R കര്‍ത്താവ് കാരുണ്യവാനാണ്……..
3. ഞാന്‍ കാത്തിരിക്കുന്നു, എന്‍റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാക്ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ.
R കര്‍ത്താവ് കാരുണ്യവാനാണ്……..
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (1: 1-10)
(ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍
തെരഞ്ഞെടുത്തു)
ദൈവതിരുമനസ്സിനാല്‍ യേശുക്രിസ്തുവിന്‍റെ അപ്പസ്തോലനായ പൗലോസ്, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരായി എഫേസോസിലുള്ള വിശുദ്ധര്‍ക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും! സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ! തന്‍റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാന്‍ ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു. യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്‍റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു. അവിടുന്ന് ഇപ്രകാരം ചെയ്തത് തന്‍റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ തന്‍റെ കൃപയുടെ മഹത്വത്തിനും പുകഴ്ചക്കും വേണ്ടിയാണ്. അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്‍റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു. ഈ കൃപയാകട്ടെ അവിടുന്നു തന്‍റെ ജ്ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു. ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്‍റെ അഭീഷ്ടമനുസരിച്ച് അവിടുന്ന് തന്‍റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു. ഇത് കാലത്തിന്‍റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്രേ.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(98:1,2-3a,3b-4,5-6)
R (v.2a) കര്‍ത്താവ് തന്‍റെ വിജയം വിളംബരം ചെയ്തു.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അത്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
R കര്‍ത്താവ് തന്‍റെ വിജയം……..
2. കര്‍ത്താവു തന്‍റെ വിജയം വിളംബരം ചെയ്തു; അവിടുന്നു തന്‍റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. ഇസ്രായേല്‍ഭവനത്തോടുള്ള തന്‍റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.
R കര്‍ത്താവ് തന്‍റെ വിജയം……..
3. ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചു. ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ലാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
R കര്‍ത്താവ് തന്‍റെ വിജയം……..
4. കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍. വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍, കൊമ്പും കാഹളവും മുഴക്കി രാജാവായ കര്‍ത്താവിന്‍റെ സന്നിധിയില്‍ ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.
R കര്‍ത്താവ് തന്‍റെ വിജയം……..
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.14:6) കര്‍ത്താവ് അരുളിച്ചെയ്യുന്നു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (11:47-54)
(ആബേല്‍ മുതല്‍ സഖറിയാവരെയുള്ളവരുടെ രക്തത്തിന്
ഈ തലമുറ ഉത്തരം പറയേണ്ടിവരും)
അക്കാലത്ത്, യേശു അരുളിച്ചെയ്തു: ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്‍മാര്‍ വധിച്ച പ്രവാചകന്‍മാര്‍ക്കു നിങ്ങള്‍ കല്ലറകള്‍ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്‍മാരുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ സാക്ഷ്യവും അംഗീകാരവും നല്‍കുന്നു. എന്തെന്നാല്‍, അവന്‍ അവരെ കൊന്നു; നിങ്ങളോ അവര്‍ക്കു കല്ലറകള്‍ പണിയുന്നു. അതുകൊണ്ടാണ്, ദൈവത്തിന്‍റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്; ഞാന്‍ അവരുടെ അടുത്തേക്കു പ്രവാചകന്‍മാരെയും അപ്പസ്തോലന്‍മാരെയും അയയ്ക്കും. അവരില്‍ ചിലരെ അവര്‍ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. ലോകാരംഭം മുതല്‍ ചൊരിയപ്പെട്ടിട്ടുള്ള സകല പ്രവാചകന്‍മാരുടെയും രക്തത്തിന് – ആബേല്‍ മുതല്‍, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാവരെയുള്ളവരുടെ രക്തത്തിന് – ഈ തലമുറ ഉത്തരം പറയേണ്ടിവരും. അതേ, ഞാന്‍ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും. നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്‍റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു. അവന്‍ അവിടെനിന്നു പോകവേ, നിയമജ്ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെപ്പറ്റി സംസാരിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും അവന്‍ പറയുന്നതില്‍ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കാന്‍ തക്കം നോക്കുകയും ചെയ്തു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here