ഇരുപത്തിരണ്ടാം വാരം: ശനി ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (9/9/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ കൊളോസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (1:21-23)
(പരിശുദ്ധരും നിര്‍മ്മലരുമായിത്തീരാന്‍ ക്രിസ്തു നിങ്ങളെ ദൈവത്തോട്
അനുരജ്ഞിപ്പിച്ചിരിക്കുന്നു)
സഹോദരരേ, ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികള്‍വഴി മനസ്സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ക്രിസ്തു തന്‍റെ മരണംവഴി സ്വന്തം ഭൗതികശരീരത്തില്‍ നിങ്ങളെ അനുരജ്ഞിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് അവന്‍ ഇപ്രകാരം ചെയ്തത്. എന്നാല്‍, നിങ്ങള്‍ ശ്രവിച്ച സുവിശേഷം നല്‍കുന്ന പ്രത്യാശയില്‍നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്‍റെ ശ്രുശ്രൂഷകനായി.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(54:1-2,4+6)
R (v.4a) ഇതാ, ദൈവമാണ് എന്‍റെ സഹായകന്‍.
1. ദൈവമേ, അങ്ങയുടെ നാമത്താല്‍ എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കു നീതി നടത്തിത്തരണമേ! ദൈവമേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്‍റെ അധരങ്ങളില്‍നിന്ന് ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ!
R ഇതാ, ദൈവമാണ്………..
1. ഇതാ, ദൈവമാണ് എന്‍റെ സഹായകന്‍, കര്‍ത്താവാണ് എന്‍റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍. ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വ്വം ബലി അര്‍പ്പിക്കും; കര്‍ത്താവേ, അങ്ങയുടെ ശ്രേഷ്ഠമായ നാമത്തിനു ഞാന്‍ നന്ദിപറയും.
R ഇതാ, ദൈവമാണ്………..
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (4:6b-15)
(ഞങ്ങള്‍ വിശന്നും ദാഹിച്ചും വസ്ത്രക്ഷാമം അനുഭവിച്ചും കഴിയുകയാണ്)
സഹോദരരേ, എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെ പക്ഷംപിടിച്ച് മറ്റുള്ളവര്‍ക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു? ഇപ്പോള്‍ നിങ്ങള്‍ എല്ലാം തികഞ്ഞവരായെന്നോ! ഞങ്ങളെക്കൂടാതെ നിങ്ങള്‍ ഭരണം നടത്തിവരുന്നെന്നോ! ഞങ്ങളും പങ്കാളികളാകത്തക്കവിധം നിങ്ങള്‍ ഭരിച്ചിരുന്നെങ്കില്‍! ദൈവം അപ്പസ്തോലന്‍മാരായ ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും അവസാനത്തെ നിരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം, ഞങ്ങള്‍ ലോകത്തിനും ദൂതന്‍മാര്‍ക്കും മനുഷ്യര്‍ക്കും പ്രദര്‍ശനവസ്തുക്കള്‍ ആയിത്തീര്‍ന്നിരിക്കുന്നു. ഞങ്ങള്‍ ക്രിസ്തുവിനെപ്രതി ഭോഷന്‍മാര്‍, നിങ്ങള്‍ ക്രിസ്തുവില്‍ ജ്ഞാനികള്‍; ഞങ്ങള്‍ ബലഹീനര്‍മാര്‍; നിങ്ങള്‍ ബലവാന്‍മാര്‍; നിങ്ങള്‍ ബഹുമാനിതര്‍, ഞങ്ങള്‍ അവമാനിതര്‍. ഈ നിമിഷംവരെ ഞങ്ങള്‍വിശന്നും ദാഹിച്ചും നഗ്നരായും പ്രഹരങ്ങളേറ്റും പാര്‍പ്പിടമില്ലാതെയും കഴിയുന്നു. സ്വന്തം കൈകൊണ്ടു ഞങ്ങള്‍ അദ്ധ്വാനിക്കുന്നു. നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ നില്‍ക്കുന്നു. ദൂഷണം പറയുന്നവനോടു ഞങ്ങള്‍ നല്ല വാക്കു പറയുന്നു. ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിന്‍റെ ചപ്പും ചവറുംപോലെയും എല്ലാറ്റിന്‍റെയും ഉച്ഛിഷ്ടം പോലെയുമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാന്‍ ഇതെല്ലാം നിങ്ങള്‍ക്കെഴുതുന്നത്, വത്സലമക്കളെയെന്നപോലെ ഉപദേശിക്കാനാണ്. നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്‍മാര്‍ അധികമില്ല. സുവിശേഷപ്രസംഗം വഴി യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു ജന്‍മം നല്‍കിയതു ഞാനാണ്.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(145:17-18,19-20,21)
R (v.18b) തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.
1. കര്‍ത്താവിന്‍റെ വഴികള്‍ നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.
R തന്നെ വിളിച്ച………..
2. തന്‍റെ ഭക്തന്‍മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു. തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവു പരിപാലിക്കുന്നു; എന്നാല്‍, സകല ദുഷ്ടരെയും അവിടുന്നു നശിപ്പിക്കും.
R തന്നെ വിളിച്ച………..
3. എന്‍റെ വായ് കര്‍ത്താവിന്‍റെ സ്തുതികള്‍ പാടും; എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ എന്നേക്കും വാഴ്ത്തട്ടെ!
R തന്നെ വിളിച്ച………..
അല്ലേലൂയാ!
അല്ലേലൂയാ!(യോഹ.14:6) കര്‍ത്താവ് അരുളിച്ചെയ്യുന്നു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (6:1-5)
(സാബത്തില്‍ നിഷി്ദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്?)
ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്‍റെ ശിഷ്യന്‍മാര്‍ കതിരുകള്‍ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഫരിസേയരില്‍ ചിലര്‍ ചോദിച്ചു: സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്? അവന്‍ മറുപടി പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്തതെന്ന് നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് കൊടുക്കുകയും ചെയ്തില്ലേ. അവന്‍ അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here