ഇരുപത്തിരണ്ടാം വാരം: തിങ്കള്‍ ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – 4/9/17

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കാക്കാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (4:13-18)
(യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും)
സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറുവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും. കര്‍ത്താവിന്‍റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്‍റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു. എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്‍റെ ശബ്ദം ഉയരുകയും ദൈവത്തിന്‍റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍ , കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയും ചെയ്യും. അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുവിന്‍.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(96:1+3,4-5,11-12,13)
R (v.13b) കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ! ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍; ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
R കര്‍ത്താവു ഭൂമിയെ വിധിക്കാന്‍………..
2. എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്; സകലദേവന്‍മാരെയുംകാള്‍ ഭയപ്പെടേണ്ടവനുമാണ്. ജനതകളുടെ ദേവന്‍മാര്‍ വിഗ്രഹങ്ങള്‍ മാത്രം; എന്നാല്‍, കര്‍ത്താവ് ആകാശത്തിന്‍റെ സ്രഷ്ടാവാണ്.
R കര്‍ത്താവു ഭൂമിയെ വിധിക്കാന്‍………..
3. ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! അപ്പോള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.
R കര്‍ത്താവു ഭൂമിയെ വിധിക്കാന്‍………..
4. എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.
R കര്‍ത്താവു ഭൂമിയെ വിധിക്കാന്‍………..
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (2:1-5)
(ക്രൂശിതനായ യേശുക്രിസ്തുവിനെ ഞാന്‍ നിങ്ങളെ അറിയിക്കുന്നു)
സഹോദരരേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത് വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല. നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു. നിങ്ങളുടെ മുമ്പില്‍ ഞാന്‍ ദുര്‍ബലനും ഭയചകിതനുമായിരുന്നു. എന്‍റെ വചനവും പ്രസംഗവും വിജ്ഞാനം കൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്‍റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളടെ വിശ്വസാസത്തിന്‍റെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(119:97-98, 99-100,101-102)
R (v.97a) കര്‍ത്താവേ, അങ്ങയുടെ നിയമത്തെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു!
1.കര്‍ത്താവേ, അങ്ങയുടെ നിയമത്തെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു! അതിനെപ്പറ്റിയാണു ദിവസം മുഴുവനും ഞാന്‍ ധ്യാനിക്കുന്നത്. അങ്ങയുടെ കല്‍പനകള്‍ എന്നെ എന്‍റെ ശത്രുക്കളെക്കാള്‍ ജ്ഞാനിയാക്കുന്നു. എന്തെന്നാല്‍, അവ എപ്പോഴും എന്നോടൊത്തുണ്ട്.
R കര്‍ത്താവേ, അങ്ങയുടെ നിയമത്തെ………..
2. എന്‍റെ എല്ലാ ഗുരുക്കന്‍മാരെയുംകാള്‍ എനിക്ക് അറിവുണ്ട്, എന്തെന്നാല്‍, അങ്ങയുടെ കല്‍പനകളെപ്പറ്റി ഞാന്‍ ധ്യാനിക്കുന്നു. വൃദ്ധരെക്കാള്‍ എനിക്ക് അറിവുണ്ട്, എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ ഞാന്‍ പാലിക്കുന്നു.
R കര്‍ത്താവേ, അങ്ങയുടെ നിയമത്തെ………..
3. അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലും നിന്ന് എന്‍റെ പാദങ്ങള്‍ പിന്‍വലിക്കുന്നു. അവിടുന്ന് എന്നെ പഠിപ്പിച്ചതുകൊണ്ട് ഞാന്‍ അങ്ങയുടെ കല്‍പനകളില്‍നിന്നു വ്യതിചലിച്ചില്ല.
R കര്‍ത്താവേ, അങ്ങയുടെ നിയമത്തെ………..
അല്ലേലൂയാ!
അല്ലേലൂയാ!(cf.ലൂക്കാ.4:18) കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (4:16-30)
(ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ എന്നെ അയച്ചിരിക്കുന്നു;
ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല)
അക്കാലത്ത്, യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകം അവനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു: കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്‍പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്‍റെ നാവില്‍ നിന്നു പുറപ്പെട്ട കൃപാവചസ്സു കേട്ട് അദ്‌ഭുതപ്പെടുകയും ചെയ്തു. അവന്‍ ജോസഫിന്‍റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു. അവന്‍ അവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധരിച്ചകൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ എന്നോട് കഫര്‍ണാമില്‍ നി ചെയ്ത അദ്ഭുതങ്ങള്‍ ഇവിടെ നിന്‍റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും. എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്‍റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്ന് മൂന്നു വര്‍ഷവും ആറുമാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, സീദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാ പ്രവാചകന്‍റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല. ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവര്‍ അവനെ പട്ടണത്തില്‍നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍നിന്നു താഴേക്കു തള്ളിയിടാനായികൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here