ഇരുപത്തിമൂന്നാം വാരം: ശനി- ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (16/9/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (1:15-17)
(യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ്)
യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍. എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്‍റെ പൂര്‍ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്. യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏക ദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കുട്ടെ.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(113:11-2,3-4,5a+6-7)
R( v.2) കര്‍ത്താവിന്‍റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ! (അല്ലെങ്കില്‍:അല്ലേലൂയാ)
1. കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്‍റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്‍റെ നാമത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്‍റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
R കര്‍ത്താവിന്‍റെ നാമം………..
2. ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്‍റെ നാമം വാഴ്ത്തപ്പെടട്ടെ! കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
R കര്‍ത്താവിന്‍റെ നാമം………..
3. നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു. അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന് ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍നിന്ന് ഉദ്ധരിക്കുന്നു.
R കര്‍ത്താവിന്‍റെ നാമം………..
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (10:14-22a)
(പലരായിരിക്കുന്ന നാം ഒരു ശരീരമാണ്.
എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ് )
എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍നിന്ന് ഓടിയകലുവിന്‍. വിവേകമതികളോടെന്നപോലെ ഞാന്‍ നിങ്ങളോടു പറയുന്നു; ഞാന്‍ പറയുന്നതു നിങ്ങള്‍തന്നെ വിധിക്കുവിന്‍.
നാം ആശിര്‍വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്. ജനനം കൊണ്ടുമാത്രം ഇസ്രായേല്‍ക്കാരായവരെ നോക്കുവിന്‍. ബലിവസ്തുക്കള്‍ ഭക്ഷിക്കുന്നവര്‍ക്കല്ലേ ബലിപീഠത്തിലെ ഭാഗഭാഗിത്വം? വിഗ്രഹത്തിനു സമര്‍പ്പിച്ച ആഹാരപദാര്‍ത്ഥമോ വിഗ്രഹം തന്നെയോ എന്തെങ്കിലും ആണെന്നു ഞാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരേ സമയം കര്‍ത്താവിന്‍റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്‍റെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല. കര്‍ത്താവില്‍ നാം അസൂയ ഉണര്‍ത്തണമോ? നാം അവിടുത്തെക്കാള്‍ ശക്തരാണോ?
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(116:12-13, 17-18)
R (v.17a) ഞാന്‍ കര്‍ത്താവിനു കൃതജ്ഞതാബലി അര്‍പ്പിക്കും.
1. കര്‍ത്താവ് എന്‍റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തു പകരം കൊടുക്കും? ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കും.
R ഞാന്‍ കര്‍ത്താവിനു………..
2. ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും; ഞാന്‍ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ജനത്തിന്‍റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും.
R ഞാന്‍ കര്‍ത്താവിനു………..
അല്ലേലൂയാ!
അല്ലേലൂയാ!(യോഹ.14:23) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.. അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (6:43-49)
(നിങ്ങള്‍ എന്നെ “കര്‍ത്താവേ”, “കര്‍ത്താവേ” എന്നു വിളിക്കയും ഞാന്‍
പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കയും ചെയ്യുന്നതെന്തുകൊണ്ട്?)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വര്‍ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യന്‍ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്‍റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? എന്‍റെ അടുത്തുവന്ന് എന്‍റെ വചനം കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്ന് ഞാന്‍ വ്യക്തമാക്കാം. ആഴത്തില്‍ കുഴിച്ച് പാറമേല്‍ അടിസ്ഥാനമിട്ട് വീടു പണിത മനുഷ്യനോടു സദൃശനാണ് അവന്‍. വെള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിന്‍മേല്‍ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍, ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല; എന്തെന്നാല്‍, അതു ബലിഷ്ഠമായി പണിയപ്പെട്ടിരുന്നു. വചനം കേള്‍ക്കുകയും എന്നാല്‍, അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍. ജലപ്രവാഹം അതിന്‍മേല്‍ ആഞ്ഞടിച്ചു; ഉടനെ അതു നിലംപതിച്ചു. അ വീടിന്‍റെ തകര്‍ച്ച വലുതായിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here