ഇരുപത്തിനാലാം വാരം: ബുധന്‍ ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം- (20/9/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (3:14-16)
(നമ്മുടെ മതത്തിന്‍റെ രഹസ്യം ശ്രേഷ്ഠമാണ്)
വാത്സ്യല്യമുള്ളവനേ, നിന്‍റെ അടുത്തു വേഗം എത്തിച്ചേരാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഇത് എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്‍റെ സഭയും സത്യത്തിന്‍റെ തൂണും കോട്ടയുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്‍റെ അറിവിനായി നിര്‍ദേശിക്കാനാണ്. നമ്മുടെ മതത്തിന്‍റെ രഹസ്യം ശ്രേഷ്ഠമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്‍മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(111:1-2,34,56)
R (v. 2a) ്യൂകര്‍ത്താവിന്‍റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.
1. കര്‍ത്താവിനെ സ്തുതിക്കുവിന്‍! നീതിമാന്‍മാരുടെ സംഘത്തിലും സഭയിലും പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും. കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്; അവയില്‍ ആനന്ദിക്കുന്നവര്‍ അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.
R കര്‍ത്താവിന്‍റെ പ്രവൃത്തികള്‍……….
2. അവിടുത്തെ പ്രവൃത്തി മഹത്തും തേജസ്സുറ്റതുമാണ്; അവിടുത്തെ നീതി ശാശ്വതമാണ്. തന്‍റെ അദ്ഭുതപ്രവൃത്തികളെ അവിടുന്നു സ്മരണീയമാക്കി; കര്‍ത്താവു കൃപാലുവും വാത്സല്യനിധിയുമാണ്.
R കര്‍ത്താവിന്‍റെ പ്രവൃത്തികള്‍……….
3. തന്‍റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; അവിടുന്നു തന്‍റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു. ജനതകളുടെ അവകാശത്തെ തന്‍റെ ജനത്തിനു നല്‍കിക്കൊണ്ടു തന്‍റെ പ്രവൃത്തികളുടെ ശക്തിയെ അവര്‍ക്കു വെളിപ്പെടുത്തി.
R കര്‍ത്താവിന്‍റെ പ്രവൃത്തികള്‍……….
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (12:31-13: 13)
(വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍,
സ്നേഹമാണ് സര്‍വോത്കൃഷ്ടം )
സഹോദരരേ, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം. ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ എന്‍റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്‍റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടു കൊടുത്താലും സ്നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.
സ്നേഹം ദീര്‍ഘക്ഷമയും ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല. സത്യത്തില്‍ ആഹ്ളാദം കൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്ഞാനം തിരോഭവിക്കും.
നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്. പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണമായവ അസ്തമിക്കുന്നു. ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു. ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്നേഹമാണ് സര്‍വോത്കൃഷ്ടം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(33:2-3,4-5,12+22)
R (v. 12b) കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
1. കിന്നരംകൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍. പത്തു കമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ദമായി തന്ത്രി മീട്ടുവിന്‍.
R കര്‍ത്താവു തനിക്കുവേണ്ടി………..
2. കര്‍ത്താവിന്‍റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
R കര്‍ത്താവു തനിക്കുവേണ്ടി………..
3. കര്‍ത്താവു ദൈവവുമായുള്ള ജനവും അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്. കര്‍ത്താവേ അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.
R കര്‍ത്താവു തനിക്കുവേണ്ടി………..
അല്ലേലൂയാ!(cf.യോഹ.6:63b+68c) കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ്. നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്. അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (7:31-35)
(ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങള്‍ നൃത്തം
ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനമാലപിച്ചുവെങ്കിലും നിങ്ങള്‍ കരഞ്ഞില്ല)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: ഈ തലമുറയെ എന്തിനോടാണ് ഞാന്‍ ഉപമിക്കേണ്ടത്? അവര്‍ ആരെപ്പോലെയാണ്? ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വിലാപഗാനമാലപിച്ചുവെങ്കിലും നിങ്ങള്‍ കരഞ്ഞില്ല എന്ന് ചന്തസ്ഥലത്തിരുന്നു കൂട്ടുകാരോടു വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ് അവര്‍.
എന്തെന്നാല്‍, യോഹന്നാന്‍ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടേയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യന്‍ എന്നു നിങ്ങള്‍ പറയുന്നു. ജ്ഞാനം ശരിയെന്നു തെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here