ഇരുപത്തിനാലാം വാരം: തിങ്കള്‍- ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം -(18/9/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (2:1-8)
(എല്ലാവരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തോട്
എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം)
എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാദ്ധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകത്തക്കവിധം രാജാക്കന്‍മാര്‍ക്കും ഉന്നതസ്ഥാനീയര്‍ക്കും വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ മുമ്പില്‍ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു. ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളു – മനുഷ്യനായ യേശുക്രിസ്തു. അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‍കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. അതിന്‍റെ പ്രഘോഷകനായും അപ്പസ്തോലനായും വിശ്വാസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്. അതിനാല്‍, കോപമോ കലഹമോ കൂടാതെ പുരുഷന്‍മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(28:2,7,8-9)
R (v.6) കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടന്ന് എന്‍റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.
1. അങ്ങയുടെ ശ്രീകോവിലിലേക്കു കൈകള്‍ നീട്ടി ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ യാചനയുടെ സ്വരം ശ്രവിക്കണമേ!
R കര്‍ത്താവു വാഴ്ത്തപ്പെടട്ടെ………..
2. കര്‍ത്താവ് എന്‍റെ ശക്തിയും പരിചയുമാണ്; കര്‍ത്താവില്‍ എന്‍റെ ഹൃദയം ശരണംവയ്ക്കുന്നു, അതുകൊണ്ട് എനിക്കു സഹായം ലഭിക്കുന്നു, എന്‍റെ ഹൃദയം ആനന്ദിക്കുന്നു.
R കര്‍ത്താവു വാഴ്ത്തപ്പെടട്ടെ………..
3. കര്‍ത്താവു സ്വന്തം ജനത്തിന്‍റെ ശക്തിയാണ്; തന്‍റെ അഭിഷിക്തനു സംരക്ഷണം നല്‍കുന്ന അഭയസ്ഥാനം അവിടുന്നാണ്. അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ! അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ!അവരുടെ ഇടയനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ!
R കര്‍ത്താവു വാഴ്ത്തപ്പെടട്ടെ………..
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (11:17-26)
(നിങ്ങളുടെ ഇടയില്‍ ഭിന്നതകളുണ്ടാകുകയാണെങ്കില്‍,
കര്‍ത്താവിന്‍റെ അത്താഴമല്ല നിങ്ങള്‍ ഭക്ഷിക്കുന്നത് )
സഹോദരരേ. ഇനി പറയാന്‍ പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തെന്നാല്‍, നിങ്ങളുടെ സമ്മേളനങ്ങള്‍ ഗുണത്തിനുപകരം ദോഷമാണു ചെയ്യുന്നത്. ഒന്നാമത്, നിങ്ങള്‍ സഭയായി സമ്മേളിക്കുമ്പോള്‍ നിങ്ങളുടെയിടയില്‍ ഭിന്നിപ്പുകളുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതു ഭാഗികമായി ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകേണ്ടതും ആവശ്യമാണ്. നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല നിങ്ങള്‍ ഭക്ഷിക്കുന്നത്. കാരണം, ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്ഷണം കഴിക്കുന്നു. തത്ഫലമായി ഒരുവന്‍ വിശന്നും അപരന്‍ കുടിച്ച് ഉന്‍മത്തനായും ഇരിക്കുന്നു. എന്ത്! തിന്നാനും കുടിക്കാനും നിങ്ങള്‍ക്കു വീടുകളില്ലേ? അതോ, നിങ്ങള്‍ ദൈവത്തിന്‍റെ സഭയെ അവഗണിക്കുകയും ഒന്നും ഇല്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ? നിങ്ങളോടു ഞാന്‍ എന്താണു പറയേണ്ടത്? ഇക്കാര്യത്തില്‍ നിങ്ങളെ പ്രശംസിക്കണമോ? ഇല്ല; ഞാന്‍ പ്രശംസിക്കുകയില്ല.
കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പ്പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരമാണ്. എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്‍റെ മരണം, അവന്‍റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(40:6-7a,7b-8,9,16)
R (v. 1.കോറി.11: 26b) കര്‍ത്താവിന്‍റെ മരണം, അവന്‍റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുവിന്‍.
1. ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍, അവിടുന്ന് എന്‍റെ കാതുകള്‍ തുറന്നുതന്നു. ദഹനബലിയും പാപപരിഹാരബലിയും അവിടുന്ന് ആവശ്യപ്പെട്ടില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.
R കര്‍ത്താവിന്‍റെ മരണം………..
2. പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്. എന്‍റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്‍റെ സന്തോഷം, അങ്ങയുടെ നിയമം എന്‍റെ ഹൃദയത്തിലുണ്ട്.
R കര്‍ത്താവിന്‍റെ മരണം………..
3. ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്‍റെ സന്തോഷവാര്‍ത്ത അറിയിച്ചു; കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ ഞാന്‍ എന്‍റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.
R കര്‍ത്താവിന്‍റെ മരണം………..
അല്ലേലൂയാ!
അല്ലേലൂയാ!(യോഹ.3:16) അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (7:1-10)
(ഇസ്രായേലില്‍പ്പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല)
അക്കാലത്ത്, യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫര്‍ണാമിലേക്കുപോയി. അവിടെ ഒരു ശതാധിപന്‍റെ ഭൃത്യന്‍ രോഗംബാധിച്ച് ആസന്നമരണനായിക്കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു. ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്, തന്‍റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്‍റെ അടുത്ത് അയച്ചു. അവര്‍ യേശുവിന്‍റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്. എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു. നമുക്ക് ഒരു സിനഗോഗു പണിയിച്ചു തരുകയും ചെയ്തിട്ടുണ്ട്. യേശു അവരോടൊപ്പം പുറപ്പെട്ടു. അവന്‍ വീടിനോടടുക്കാറായപ്പോള്‍ ആ ശതാധിപന്‍ തന്‍റെ സ്നേഹിതരില്‍ ചിലരെ അയച്ച് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്‍റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. അങ്ങയെ നേരിട്ടു സമീപിക്കാന്‍പോലും എനിക്കു യോഗ്യതയില്ല എന്നു ഞാന്‍ വിചാരിച്ചു. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്‍റെ ഭൃത്യന്‍ സുഖപ്പെട്ടുകൊള്ളും. കാരണം, ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്; എന്‍റെ കീഴിലും പടയാളികള്‍ ഉണ്ട്. ഞാന്‍ ഒരുവനോടു പോവുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. വോരൊരുവനോടു വരുക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്‍റെ ദാസനോട് ഇതു ചെയ്യുക എന്നു പറയുമ്പോള്‍ അവന്‍ ചെയ്യുന്നു. യേശു ഇതു കേട്ട് അവനെപ്പറ്റി വിസ്മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറയുന്നു, ഇസ്രായേലില്‍പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല. അയയ്ക്കപ്പെട്ടവര്‍ തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന്‍ സുഖപ്പെട്ടിരിക്കുന്നതായി കണ്ടു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here