ഇരുപത്തിനാലാം വാരം: ചൊവ്വ ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – (19/9/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (3:1-13)
(മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനായിരിക്കണം; ഡീക്കന്‍മാര്‍ നിര്‍മ്മല മന
സ്സാക്ഷിയോടുകൂടെ വിശ്വാസത്തിന്‍റെ രഹസ്യം സൂക്ഷിക്കുന്നവരായിരിക്കണം)
വാത്സ്യല്യമുള്ളവനേ, മെത്രാന്‍സ്ഥാനം ആഗ്രഹിക്കുന്നവന്‍ ഉത്കൃഷ്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എന്നതു സത്യമാണ്. മെത്രാന്‍ ആരോപണക്കള്‍ക്കതീതനും ഏകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസത്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം. അവന്‍ തന്‍റെ കുടുംബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുംബത്തെ ഭരിക്കാന്‍ അറിഞ്ഞുകൂടാത്തവന്‍ ദൈവത്തിന്‍റെ സഭയെ എങ്ങനെ ഭരിക്കും? അവന്‍ പുതുതായി വിശ്വാസം സ്വീകരിച്ചവനായിരിക്കരുത്; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നു പിശാചിനെപ്പോലെ ശിക്ഷാവിധിക്ക് അര്‍ഹനായിത്തീര്‍ന്നെന്നുവരും. കൂടാതെ, അവന്‍ സഭയ്ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം; അല്ലെങ്കില്‍, ദുഷ്കീര്‍ത്തിയിലും പിശാചിന്‍റെ കെണിയിലും പെട്ടു പോയെന്നു വരാം.
അതുപോലെതന്നെ, ഡീക്കന്‍മാര്‍ ഗൗരവബുദ്ധികളായിരിക്കണം; അസത്യവാദികളോ മദ്യാസക്തിക്ക് അധീനരോ ഹീനമായ ലാഭേച്ഛയുള്ളവരോ ആയിരിക്കരുത്. അവര്‍ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ വിശ്വാസത്തിന്‍റെ രഹസ്യം സൂക്ഷിക്കുന്നവരാകണം, ആദ്യമേ തന്നെ അവര്‍ പരീക്ഷണവിധേയരാകണം. കുറ്റമറ്റവരെന്നു തെളിയുന്നപക്ഷം അവര്‍ സഭാശുശ്രൂഷ ചെയ്യട്ടെ.
അപ്രകാരംതന്നെ അവരുടെ സ്ത്രീകള്‍ ഗൗരവ ബുദ്ധികളും പരദൂഷണം പറയാത്തവരും സംയമനമുള്ളവരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരുമായിരിക്കണം. ഡീക്കന്‍മാര്‍ ഏകപത്നീവ്രതം അനുഷ്ഠിക്കുന്നവരും സന്താനങ്ങളെയും കുടുംബത്തെയും നന്നായി നിയന്ത്രിക്കുന്നവരുമായിരിക്കണം. എന്തെന്നാല്‍, സ്തുത്യര്‍ഹമായി ശുശ്രൂഷ ചെയ്യുന്നവര്‍ ബഹുമാന്യമായ സ്ഥാനം നേടുകയും യേശുക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ച്, ആത്മധൈര്യം സമ്പാദിക്കുകയും ചെയ്യും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(101:1-2ab,2bc-3ab,5,6)
R (v. 2b) ഞാന്‍ പരമാര്‍ഥഹൃദയത്തോടെ വ്യാപരിക്കും.
1. ഞാന്‍ കരുണയെയും നീതിയെയും കുറിച്ചു പാടും; കര്‍ത്താവേ, ഞാന്‍ അങ്ങേക്കു കീര്‍ത്തനമാലപിക്കും. നിഷ്കളങ്കമാര്‍ഗത്തില്‍ ചരിക്കാന്‍ ഞാന്‍ ശ്രദ്ധവയ്ക്കും; എപ്പോഴാണ് അങ്ങ് എന്‍റെ അടുക്കല്‍ വരുക?
R ഞാന്‍ പരമാര്‍ഥഹൃദയത്തോടെ………..
2. ഞാന്‍ എന്‍റെ ഭവനത്തില്‍ പരമാര്‍ഥ ഹൃദയത്തോടെ വ്യാപരിക്കും. നീചമായ ഒന്നിലും ഞാന്‍ കണ്ണുവയ്ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാന്‍ വെറുക്കുന്നു.
R ഞാന്‍ പരമാര്‍ഥഹൃദയത്തോടെ………..
3. അയല്‍ക്കാരനെതിരേ ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; അഹങ്കാരിയെയും ഗര്‍വിഷ്ഠനെയും ഞാന്‍ പൊറുപ്പിക്കുകയില്ല.
R ഞാന്‍ പരമാര്‍ഥഹൃദയത്തോടെ………..
4. ദേശത്തുള്ള വിശ്വസ്തരെ ഞാന്‍ പ്രീതിയോടെ വീക്ഷിക്കും; അവര്‍ എന്നോടൊത്തു വസിക്കും; നിഷ്കളങ്ക മാര്‍ഗത്തില്‍ ചരിക്കുന്നവന്‍ എന്‍റെ സേവകനായിരിക്കും.
ഞ ഞാന്‍ പരമാര്‍ഥഹൃദയത്തോടെ………..
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (12:12-14,27-31 മ)
(നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ
അവയവങ്ങളുമാണ് )
സഹോദരരേ, ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു. ഒരു അവയവമല്ല. പലതുചേര്‍ന്നതാണ് ശരീരം.
നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ദൈവം സഭയില്‍ ഒന്നാമത് അപ്പസ്തോലന്‍മാരെയും രണ്ടാമത് പ്രവാചകന്‍മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്തോലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ? എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ? എന്നാല്‍, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(100:2,3,4മയ,4ഇ-5)
R (v. 3c) നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
1. സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.
R നാം അവിടുത്തെ ജനവും………..
കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍; അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്; നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
R നാം അവിടുത്തെ ജനവും………..
3. കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതുകള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.
R നാം അവിടുത്തെ ജനവും………..
4. അവിടുത്തേക്കു നന്ദി പറയുവിന്‍; അവിടുത്തെ നാമം വാഴ്ത്തുവിന്‍. കര്‍ത്താവു നല്ലവനാണ്, അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.
R നാം അവിടുത്തെ ജനവും………..
അല്ലേലൂയാ!(ലൂക്കാ.7:16) ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (7:11-17)
(യുവാവേ, ഞാന്‍ നിന്നോട് പറയുന്നു, എഴുന്നേല്‍ക്കുക)
അക്കാലത്ത്, യേശു നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്‍മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവന്‍ നഗരകവാടത്തിനടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍. പട്ടണത്തില്‍നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ, അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക. മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പരന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here