ഇരുപത്താറാം വാരം: വ്യാഴം – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (5/10/17)

ഒന്നാം വായന
നെഹെമിയായുടെ പുസ്തകത്തില്‍നിന്ന് (2:1-4a, 5-6, 7b-12)
(എസ്രാ നിയമഗ്രന്ഥം തുറന്ന് ജനങ്ങളെ ആശീര്‍വദിച്ചു;
അവര്‍ ആമേന്‍, ആമേന്‍ എന്ന് ഉദ്ഘോഷിച്ചു )
അക്കാലത്ത്, ഇസ്രായേല്‍ ജനം ഒറ്റക്കെട്ടായി ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തില്‍ സമ്മേളിച്ചു. കര്‍ത്താവ് ഇസ്രായേലിനു നല്‍കിയ മോശയുടെ നിയമഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ നിയമജ്ഞനായ എസ്രായോട് ആവശ്യപ്പെട്ടു. ഏഴാംമാസം ഒന്നാം ദിവസം പുരോഹിതനായ എസ്രാ സ്ത്രീകളും പുരുഷന്‍മാരും തിരിച്ചറിവായ എല്ലാവരും അടങ്ങുന്ന സഭയുടെ മുന്‍പില്‍ നിയമഗ്രന്ഥം കൊണ്ടുവന്നു. അവന്‍ ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തു നിന്നുകൊണ്ട് അതിരാവിലെ മുതല്‍ മദ്ധ്യാഹ്നംവരെ അവരുടെ മുന്‍പില്‍ അതു വായിച്ചു. ജനം ശ്രദ്ധാപൂര്‍വം ശ്രവിച്ചു. പ്രത്യേകം നിര്‍മിച്ച തടികൊണ്ടുള്ള പീഠത്തിലാണ് എസ്രാ നിന്നത്.
ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട്, എല്ലാവരും കാണ്‍കെ അവന്‍ പുസ്തകം തുറന്നു. അവര്‍ എഴുന്നേറ്റുനിന്നു. എസ്രാ അത്യുന്നത ദൈവമായ കര്‍ത്താവിനെ സ്തുതിച്ചു. ജനം കൈകള്‍ ഉയര്‍ത്തി ആമേന്‍, ആമേന്‍ എന്ന് ഉദ്ഘോഷിക്കുകയും സാഷ്ടാംഗം വീണു കര്‍ത്താവിനെ ആരാധിക്കുകയും ചെയ്തു. ലേവ്യര്‍ ദൈവത്തിന്‍റെ നിയമഗ്രന്ഥം വ്യക്തമായി വായിച്ചു, ജനങ്ങള്‍ക്കു മനസ്സിലാകുംവിധം ആശയം വിശദീകരിച്ചു.
നിയമം വായിച്ചുകേട്ടു ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപനായ നെഹെമിയായും പുരോഹിതനും നിയമജ്ഞനായ എസ്രായും ജനത്തെ പഠിപ്പിച്ച ലേവ്യരും അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിന് ഈ ദിവസം വിശുദ്ധമാണ്. അതിനാല്‍, ദുഃഖിക്കുകയോ കരയുകയോ അരുത്. അനന്തരം അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പോയി വിഭവസമൃദ്ധമായ ഭക്ഷണവും മധുരവീഞ്ഞും കഴിക്കുക. ആഹാരമില്ലാത്തവന് ഓഹരി കൊടുത്തയയ്ക്കുകയും ചെയ്യുക. ഈ ദിവസം കര്‍ത്താവിനു വിശുദ്ധമാണ്. വിലാപം അരുത് എന്നു പറഞ്ഞ് ലേവ്യര്‍ ജനത്തെ ശാന്തരാക്കി. കാര്യം ഗ്രഹിച്ച് എല്ലാവരും ഭക്ഷണപാനീയങ്ങള്‍ കഴിക്കാനും ഓഹരികള്‍ എത്തിച്ചുകൊടുക്കാനും ആഹ്ലാദിക്കാനുംവേണ്ടി പിരിഞ്ഞുപോയി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(19:7,8,9,10)
R (v.8bc) കര്‍ത്താവിന്‍റെ കല്‍പനകള്‍ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.
1. കര്‍ത്താവിന്‍റെ നിയമം അവികലമാണ്; അത് ആത്മാവിനു പുതുജീവന്‍ പകരുന്നു. കര്‍ത്താവിന്‍റെ സാക്ഷ്യം വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു:
R കര്‍ത്താവിന്‍റെ കല്‍പനകള്‍………
2. കര്‍ത്താവിന്‍റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്‍റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
R കര്‍ത്താവിന്‍റെ കല്‍പനകള്‍………
3. ദൈവഭക്തി നിര്‍മ്മലമാണ്; അത് എന്നേക്കും നിലനില്‍ക്കുന്നു; കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.
R കര്‍ത്താവിന്‍റെ കല്‍പനകള്‍………
4. അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്; അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
R കര്‍ത്താവിന്‍റെ കല്‍പനകള്‍………
രണ്ടാം വര്‍ഷം
ഒന്നാം വായന
ജോബിന്‍റെ പുസ്തകത്തില്‍നിന്ന് (19:21-27)
(എന്‍റെ രക്ഷകന്‍ ജീവിച്ചിരിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു)
അക്കാലത്ത്, ജോബ് പറഞ്ഞു: എന്‍റെ പ്രിയ സ്നേഹിതരേ, എന്നോടു കരുണയുണ്ടാകണമേ. ദൈവത്തിന്‍റെ കരം എന്‍റെമേല്‍ പതിച്ചിരിക്കുന്നു. ദൈവത്തെപ്പോലെ നിങ്ങളും എന്നെ അനുധാവനം ചെയ്യുന്നതെന്ത്? എന്‍റെ മാംസംകൊണ്ടു നിങ്ങള്‍ക്കു തൃപ്തിവരാത്തതെന്ത്? എന്‍റെ വാക്കുകള്‍ എഴുതപ്പെട്ടിരുന്നെങ്കില്‍? അവ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍! ഇരുമ്പുനാരായവും ഈയവുംകൊണ്ട് അവ എന്നേക്കുമായി പാറയില്‍ ആലേഖനം ചെയ്തിരുന്നെങ്കില്‍! എനിക്കു ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്‍റെ ചര്‍മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍ നിന്നു ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്‍റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്‍റെ കണ്ണുകള്‍ ദര്‍ശിക്കും. എന്‍റെ ഹൃദയം തളരുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(27:7-8a,8b-9abc,13-14)
R (v.13) ജീവിക്കുന്നവരുടെ ദേശത്ത് കര്‍ത്താവിന്‍റെ നന്മ കാണാമെന്നു ഞാന്‍ വിചാരിക്കുന്നു.
1. കര്‍ത്താവേ, ഞാന്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കണമേ! കാരുണ്യപൂര്‍വ്വം എനിക്ക് ഉത്തരമരുളണമേ!എന്‍റെ മുഖം തേടുവിന്‍ എന്ന് അവിടുന്നു കല്‍പിച്ചു; കര്‍ത്താവേ, അങ്ങയുടെ മുഖം ഞാന്‍ തേടുന്നു എന്ന് എന്‍റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു.
ഞ ജീവിക്കുന്നവരുടെ ദേശത്ത്………
2. അങ്ങയുടെ മുഖം എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ! എന്‍റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ! എന്‍റെ രക്ഷകനായ ദൈവമേ എന്നെ തിരസ്ക്കരിക്കരുതേ! എന്നെ കൈവെടിയരുതേ!
R ജീവിക്കുന്നവരുടെ ദേശത്ത്………
3. ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്‍റെ നന്‍മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍. ദുര്‍ബലരാകാതെ ധൈര്യമവംലമബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.
R ജീവിക്കുന്നവരുടെ ദേശത്ത്………
അല്ലേലൂയാ!
അല്ലേലൂയാ! (മര്‍ക്കോ.1:15) ദ്രൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (10:1-12)
(നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും)
അക്കാലത്ത്, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടു പേരായി അവരെ തനിക്കു മുമ്പേ അയച്ചു. അവന്‍ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്‍റെ നാഥനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍. പോകുവിന്‍, ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്‍റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും. അവരോടൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടില്‍ തന്നെ വസിക്കുവിന്‍. വേലക്കാരന്‍ തന്‍റെ കൂലിക്ക് അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോറും ചുറ്റി നടക്കരുത്. ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്ഷിക്കുവിന്‍. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്നു അവരോടു പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം: നിങ്ങളുടെ നഗരത്തില്‍നിന്ന് ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, ആ ദിവസം സോദോമിന്‍റെ സ്ഥിതി ഈ നഗരത്തിന്‍റേതിനെക്കാള്‍ സഹനീയമായിരിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here