ഇരുപത്താറാം വാരം: ചൊവ്വ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം -(3/10/17)

ഒന്നാം വായന
സഖറിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (8:20-23)
(അനേകം ജനതകള്‍ കര്‍ത്താവിനെ തേടി ജറുസലെമില്‍ വരും )
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകള്‍, അനേകം നഗരങ്ങളിലെ നിവാസികള്‍, ഇനിയും വരും. ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നില്‍ ചെന്നു പറയും; നമുക്കു വേഗം ചെന്ന് കര്‍ത്താവിന്‍റെ പ്രീതിക്കായി പ്രാര്‍ത്ഥിക്കാം; നമക്കു സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ സാന്നിദ്ധ്യം തേടാം. ഞാന്‍ പോവുകയാണ്. അനേകം ജനതകളും ശക്തമായ രാജ്യങ്ങളും സൈന്യങ്ങളുടെ കര്‍ത്താവിനെ തേടി ജറുസലേമിലേക്കുവന്ന് അവിടുത്തെ പ്രീതിക്കായി പ്രാര്‍ത്ഥിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നു പത്തുപേര്‍ ഒരു യഹൂദന്‍റെ അങ്കിയില്‍ പിടിച്ചുകൊണ്ടു പറയും; ഞങ്ങള്‍ നിന്‍റെ കൂടെ വരട്ടെ. ദൈവം നിന്നോടുകൂടെയുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(87:1-3,4-5,6-7)
R (സഖ.8:23) ദൈവം നിങ്ങളോടുകൂടെയുണ്ട്.
1. അവിടുന്നു വിശുദ്ധഗിരിയില്‍ തന്‍റെ നഗരം സ്ഥാപിച്ചു. യാക്കോബിന്‍റെ എല്ലാ വാസസ്ഥലങ്ങളെയുംകാള്‍ സീയോന്‍റെ കവാടങ്ങളെ കര്‍ത്താവു സ്നേഹിക്കുന്നു. ദൈവത്തിന്‍റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ പറയപ്പെടുന്നു.
R ദൈവം നിങ്ങളോടുകൂടെയുണ്ട്………
2. എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍ റാഹാബും ബാബിലോണും ഉള്‍പ്പെടുന്നു, ഫിലിസ്ത്യയിലും ടയിറിലും ഏത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച് അവര്‍ ഇവിടെ ജനിച്ചതാണെന്നു പറയുന്നു. സകലരും അവിടെ ജനിച്ചതാണ് എന്നു സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നെയാണ് അവളെ സ്ഥാപിച്ചത്.
R ദൈവം നിങ്ങളോടുകൂടെയുണ്ട്………
3. കര്‍ത്താവു ജനതകളുടെ കണക്കെടുക്കുമ്പോള്‍ ഇവന്‍ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും, എന്‍റെ ഉറവകള്‍ നിന്നിലാണ് എന്നു ഗായകരും നര്‍ത്തകരും ഒന്നുപോലെ പാടും.
R ദൈവം നിങ്ങളോടുകൂടെയുണ്ട്………
രണ്ടാം വര്‍ഷം
ഒന്നാം വായന
ജോബിന്‍റെ പുസ്തകത്തില്‍നിന്ന് (3:1-3, 11-17, 20-23)
(കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശം?)
അക്കാലത്ത്, ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ! ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞരാത്രി ശപിക്കപ്പെടട്ടെ! ജനിച്ചയുടനെ ഞാന്‍ മരിക്കാഞ്ഞതെന്ത്? അമ്മയുടെ ഉദരത്തില്‍നിന്ന് പുറത്തുവന്നയുടനെ എന്തുകൊണ്ട് എന്‍റെ ജീവിതം അവസാനിച്ചില്ല? എന്‍റെ അമ്മ എന്തിന് എന്നെ മടിയില്‍കിടത്തി ഓമനിച്ചു? എന്തിനെന്നെ പാലൂട്ടി വളര്‍ത്തി? ഞാന്‍ നിദ്രയണഞ്ഞ് ശാന്തി അനുഭവിക്കുമായിരുന്നല്ലോ. നഷ്ടനഗരങ്ങള്‍ പുനരുദ്ധരിച്ച രാജാക്കന്‍മാരെയും അവരുടെ ഉപദേഷ്ടാക്കളെയും പോലെ, തങ്ങളുടെ കൊട്ടാരങ്ങള്‍ സ്വര്‍ണവും വെള്ളിയുംകൊണ്ടു നിറച്ച പ്രഭുക്കന്‍മാരെപ്പോലെ ഞാന്‍ ശാന്തനായി ശയിക്കുമായിരുന്നല്ലോ. പ്രകാശം നുകരാന്‍ ഇടകിട്ടാതെ മാതൃഗര്‍ഭത്തില്‍വച്ചു മരിച്ച ശിശുക്കളുടെ ഗണത്തില്‍ ഞാന്‍ ഉള്‍പ്പെടാഞ്ഞതുകൊണ്ട്? അവിടെ ദുഷ്ടരുടെ ഉപദ്രവം കടന്നുവരുന്നില്ല. ക്ഷീണിച്ചവര്‍ക്ക് അവിടെ വിശ്രമം ലഭിക്കുന്നു. കഷ്ടപ്പെടുന്നവന് എന്തിന പ്രകാശം? തപ്തഹൃദയന് എന്തിനു ജീവിതം? അവന്‍ മരണത്തെ തീവ്രമായി വാഞ്ഛിക്കുന്നു; അതു വന്നണയുന്നില്ല. നിധി തേടുന്നവനെക്കാള്‍ ശ്രദ്ധയോടെ അവന്‍ മരണം അന്വേഷിക്കുന്നു. ശവകുടീരം പ്രാപിക്കുമ്പോള്‍ അവര്‍ അത്യധികം ആനന്ദിക്കുന്നു. വഴികാണാത്തവന്, ദൈവം വഴിയടച്ചവന്, വെളിച്ചം എന്തിനാണ്?
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(88:12,3-4,5,6-7)
R (v.2a ) കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ മുന്‍പില്‍ എത്തുമാറാകട്ടെ.
1. കര്‍ത്താവേ, പകല്‍ മുഴുവന്‍ ഞാന്‍ സഹായത്തിനപേക്ഷിക്കുന്നു; എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ മുന്‍പില്‍ എത്തുമാറാകട്ടെ! എന്‍റെ നിലവിളിക്കു ചെവി ചായിക്കണമേ!
R കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ……….
2. എന്‍റെ ആത്മാവു ദുഃഖപൂര്‍ണമാണ്; എന്‍റെ ജീവന്‍ പാതാളത്തിന്‍റെ വക്കിലെത്തിയിരിക്കുന്നു. പാതാളത്തില്‍ പതിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നു; എന്‍റെ ശക്തി ചോര്‍ന്നു പോയി.
R കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ……….
3. മരിച്ചവരുടെയിടയില്‍ പരിത്യജിക്കപ്പെട്ടവനെപ്പോലെയും ശവകുടീരത്തില്‍ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയും, അങ്ങ് ഇനി ഒരിക്കലും ഓര്‍ക്കാത്തവരെപ്പോലെയും ഞാന്‍ അങ്ങില്‍ നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
R കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ……….
4. അങ്ങ് എന്നെ പാതാളത്തിന്‍റെ അടിത്തട്ടില്‍, അന്ധകാരപൂര്‍ണവും അഗാധവുമായ തലത്തില്‍, ഉപേക്ഷിച്ചിരിക്കുന്നു. അങ്ങയുടെ ക്രോധം എന്നെ ഞെരുക്കുന്നു; അങ്ങയുടെ തിരമാലകള്‍ എന്നെ മൂടുന്നു.
R കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ……….
അല്ലേലൂയാ!
അല്ലേലൂയാ! (മര്‍.10:45) മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശ്രുശ്രൂഷിക്കപ്പെടാനല്ല, ശ്രുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി നല്കാനുമത്രേ. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (9:51-56)
(ജറുസലേമിലേക്കു പോകാന്‍ യേശു ഉറച്ചു )
തന്‍റെ ആരോഹണത്തിന്‍റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, യേശു ജറുസലെമിലേക്കു പോകാന്‍ ഉറച്ചു. അവന്‍ തനിക്കു മുമ്പേ ഏതാനും ദൂതന്‍മാരെ അയച്ചു. അവനു വേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ അവര്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. അവന്‍ ജറുസലെമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവര്‍ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോള്‍ ശിഷ്യന്‍മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന് അഗ്നി ഇറങ്ങി അവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ? അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു. അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here