ഇരുപത്തഞ്ചാം വാരം: ശനി – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (30/9/17)

ഒന്നാം വായന

സഖറിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (2:1-5,10-11)

(ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും)

അക്കാലത്ത്, ഞാന്‍ കണ്ണുയര്‍ത്തിനോക്കി. അതാ, കൈയില്‍ അളവുചരടുമായി ഒരുവന്‍. നീ എവിടെ പോകുന്നു? – ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ജറുസലെമിനെ അളന്ന് അതിന്‍റെ നീളവും വീതിയും എത്രയെന്നു നോക്കാന്‍ പോകുന്നു. എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍ മുന്നോട്ടു വന്നു. അവനെ സ്വീകരിക്കാന്‍ മറ്റൊരു ദൂതനും വന്നു. അവന്‍ പറഞ്ഞു: ഓടിച്ചെന്ന് ആ യുവാവിനോടു പറയുക. ജറുസലെം മനുഷ്യരും മൃഗങ്ങളും പെരുകി കോട്ടയില്ലാതെ ഗ്രാമപ്രദേശങ്ങള്‍ പോലെ കിടക്കും. ഞാന്‍ അതിനു ചുറ്റും അഗ്നികൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്‍റെ മധ്യത്തില്‍ അതിന്‍റെ മഹത്വമായിരിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്‍റെ ജനമാകും. ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും.

കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(ജറെ.31:10,11-12ab,13)

R (v.10d) ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മളെ പാലിക്കും.

1. ജനതകളേ, കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍; ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നു പറയുവിന്‍.

R  ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ……….

2. കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു; ബലിഷ്ഠകരങ്ങളില്‍നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു. ആഹ്ലാദാരവത്തോടെ അവര്‍ സീയോന്‍ മലയിലേക്കു വരും. കര്‍ത്താവിന്‍റെ വിശിഷ്ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍ എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും.

R ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ……….3.

അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും; യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.

R ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ……….

രണ്ടാം വര്‍ഷം

ഒന്നാം വായന

സഭാപ്രസംഗകന്‍റെ പുസ്തകത്തില്‍നിന്ന് (11:9-12:8)

(യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക)

യുവാവേ, യുവത്വത്തില്‍ നീ സന്തോഷിക്കുക, യൗവനത്തിന്‍റെ നാളുകളില്‍ നിന്‍റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്‍റെ പ്രേരണകളെയും കണ്ണിന്‍റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മിച്ചുകൊള്ളുക, ഇവയ്ക്കെല്ലാം ദൈവം നിന്നെ ന്യായവിധിയ്ക്കായി വിളിക്കും. മനസ്സില്‍നിന്ന് ആകുലത അകറ്റുക. ശരീരത്തില്‍നിന്നു വേദന ദുരീകരിക്കുക; യുവത്വവും ജീവിതത്തിന്‍റെ പ്രഭാതവും മിഥ്യയാണ്. ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക. സൂര്യനും പ്രകാശവും, ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്ടി കഴിഞ്ഞ് മറഞ്ഞ മേഘങ്ങള്‍ വീണ്ടും വരും. വീട്ടുകാവല്‍ക്കാര്‍ സംഭ്രമിക്കുകയും ശക്തന്‍മാര്‍ കൂനിപ്പോവുകയും, അരയ്ക്കുന്നവര്‍ ആളു കുറവായതിനാല്‍ വിരമിക്കുകയും, കിളിവാതിലിലൂടെ നോക്കുന്നവര്‍ അന്ധരാവുകയും ചെയ്യും; തെരുവിലെ വാതിലുകള്‍ അടയ്ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും; പക്ഷിയുടെ ശബ്ദം കേട്ട് മനുഷ്യന്‍ ഉണര്‍ന്നുപോകും; ഗായികമാരുടെ ശബ്ദം താഴും. ഉയര്‍ന്നു നില്‍ക്കുന്നതും വഴിയില്‍ കാണുന്നതുമെല്ലാം അവര്‍ക്കു ഭീതിജനകമാകും; ബദാം വൃക്ഷം തളിര്‍ക്കും; പച്ചക്കുതിര ഇഴയും, ആശ അറ്റുപോകും; മനുഷ്യന്‍ തന്‍റെ നിത്യഭവനത്തിലേക്കു പോവുകയും, വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. വെള്ളിച്ചരട് പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും; ധൂളി അതിന്‍റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്മാവ് തന്‍റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും. സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്തവും മിഥ്യ.

കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(90:3-4,5-6,12-13,14+17)

R (v.1) കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.1. മനുഷ്യനെ അവിടുന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരുയാമംപോലെയും മാത്രമാണ്.

R കര്‍ത്താവേ അങ്ങു……….

2. അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന സ്വപ്നം പോലെ തുടച്ചുമാറ്റുന്നു; പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍. പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു; സായാഹ്നത്തില്‍ അതു വാടിക്കരിയുന്നു.

R കര്‍ത്താവേ അങ്ങു……….

3. ഞങ്ങളുടെ ആയുസ്സിന്‍റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണ്ണമാകട്ടെ! കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും? അങ്ങയുടെ ദാസരോട് അലിവു തോന്നണമേ!

R കര്‍ത്താവേ അങ്ങു……….

4. പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്ക്കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ കൃപ ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!

R കര്‍ത്താവേ അങ്ങു……….

അല്ലേലൂയാ!

അല്ലേലൂയാ! (2. തിമോ.1:10) നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും സുവിശേഷത്തിലൂടെ ജീവന്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (9:44-45)

(മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും. അതിനെപ്പറ്റി ചോദിക്കുവാന്‍ ശിഷ്യന്‍മാര്‍ ഭയപ്പെട്ടു )

അക്കാലത്ത്, ജനക്കൂട്ടം മുഴുവന്‍ യേശുവിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വിസ്മയഭരിതരായിരിക്കുമ്പോള്‍, അവിടുന്നു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ. മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. അവര്‍ക്ക് ഈ വചനം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കാത്തവിധം അത് അത്ര നിഗൂഢമായിരുന്നു. അതെപ്പറ്റി അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.

കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here