ഇരുപത്തഞ്ചാം വാരം: വ്യാഴം – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (28/9/17)

ഒന്നാം വായന
ഹഗ്ഗായി പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (1:1-8)
(എനിക്കു സ്വീകാര്യമായ ആലയം പണിയുവിന്‍)
ദാരിയൂസ് രാജാവിന്‍റെ രണ്ടാം ഭരണവര്‍ഷം ആറാം മാസം ഒന്നാം ദിവസം, യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്‍റെ മകന്‍ സെറുബാബേലിനും, യഹോസദാക്കിന്‍റ മകനും പ്രധാനപുരോഹിതനുമായ ജോഷ്വയ്ക്കും ഹഗ്ഗായി പ്രവാചകന്‍വഴി ലഭിച്ച കര്‍ത്താവിന്‍റെ അരുളപ്പാട്. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍റെ ആലയം പുനരുദ്ധരിക്കുന്നതിനു സമയമായിട്ടില്ല എന്ന് ഈ ജനം പറയുന്നു. അപ്പോള്‍ ഹഗ്ഗായി പ്രവാചകന്‍വഴി കര്‍ത്താവ് അരുളിച്ചെയ്തു: ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ? അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍. നിങ്ങള്‍ ഏറെ വിതച്ചു, കുറച്ചുമാത്രം കൊയ്തു. നിങ്ങള്‍ ഭക്ഷിക്കുന്നു, ഒരിക്കലും തൃപ്തരാകുന്നില്ല. നിങ്ങള്‍ പാനം ചെയ്യുന്നു, തൃപ്തി വരുന്നില്ല. നിങ്ങള്‍ വസ്ത്രം ധരിക്കുന്നു. ആര്‍ക്കും കുളിരു മാറുന്നില്ല. കൂലി ലഭിക്കുന്നവന് അതു ലഭിക്കുന്നത് ഓട്ടസഞ്ചിയില്‍ ഇടാന്‍ മാത്രം! സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഈ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍. നിങ്ങള്‍ മലയില്‍ചെന്ന് തടി കൊണ്ടുവന്ന് ആലയം പണിയുവിന്‍; ഞാന്‍ അതില്‍ സംപ്രീതനാകും. മഹത്വത്തോടെ ഞാന്‍ അതില്‍ പ്രത്യക്ഷനാകും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(149:1-2,3-4,5-6a+9b)
R (v.4a ) കര്‍ത്താവു തന്‍റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
1. കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. ഇസ്രായേല്‍ തന്‍റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ! സീയോന്‍റെ മക്കള്‍ ഞങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!
R കര്‍ത്താവ് തന്‍റെ ജനത്തില്‍……….
2. നൃത്തം ചെയ്തുകൊണ്ട് അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍ അവിടുത്തെ സ്തുതിക്കട്ടെ! എന്തെന്നാല്‍, കര്‍ത്താവു തന്‍റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു. എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.
R കര്‍ത്താവ് തന്‍റെ ജനത്തില്‍……….
3. വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ ആനന്ദംകൊണ്ടു പാടട്ടെ! അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്‍റെ സ്തുതി ഉയരട്ടെ! അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.
R കര്‍ത്താവ് തന്‍റെ ജനത്തില്‍……….
രണ്ടാം വര്‍ഷം
ഒന്നാം വായന
സഭാപ്രസംഗകന്‍റെ പുസ്തകത്തില്‍നിന്ന് (1:2-11)
(സൂര്യനുകീഴേ പുതുതായി യാതൊന്നുമില്ല )
പ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ! സൂര്യനു താഴേ മനുഷ്യന് അദ്ധ്വാനംകൊണ്ട് എന്തുഫലം? തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു. സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു. കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു. സകലവും മനുഷ്യനു ക്ലേശഭൂയിഷ്ഠം; അതു വിവരിക്കുക മനുഷ്യന് അസാധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല. ഉണ്ടായതുതന്നെ വീണ്ടും ഉണ്ടാകുന്നു. ചെയ്തതുതന്നെ വീണ്ടും ചെയ്യുന്നു. സൂര്യനു കീഴേ പുതുതായൊന്നുമില്ല. പുതിയത് എന്നു പറയാന്‍ എന്തുണ്ട്? യുഗങ്ങള്‍ക്ക് മുന്‍പുതന്നെ അതുണ്ടായിരുന്നു. കഴിഞ്ഞതൊന്നും ആരും ഓര്‍ക്കുന്നില്ല. വരാനിരിക്കുന്നവയെ അവയ്ക്കുശേഷം വരാനിരിക്കുന്നവര്‍ ഓര്‍മിക്കുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(90:3-4,5-6,12-13,14+17)
R (v.1 ) കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
1. മനുഷ്യനെ അവിടുന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങ് പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.
R കര്‍ത്താവേ അങ്ങു……….
2. അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന സ്വപ്നം പോലെ തുടച്ചുമാറ്റുന്നു; പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍. പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു; സായാഹ്നത്തില്‍ അതു വാടിക്കരിയുന്നു.
R കര്‍ത്താവേ അങ്ങു……….
3. ഞങ്ങളുടെ ആയുസ്സിന്‍റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ! കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും? അങ്ങയുടെ ദാസരോട് അലിവു തോന്നണമേ!
R കര്‍ത്താവേ അങ്ങു……….
4. പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ കൃപ ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!
R കര്‍ത്താവേ അങ്ങു……….
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.14:6) കര്‍ത്താവ് അരുളിച്ചെയ്യുന്നു: വഴിയുംസത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (9:7-9)
(ഞാന്‍ യോഹന്നാനെ ശിരച്ഛേദം ചെയ്തു. പിന്നെ ആരെപ്പറ്റിയാണു
ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത് )
അക്കാലത്ത്, സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാല്‍, യോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ പ്രവാചകന്‍മാരില്‍ ഒരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നു എന്നനു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരച്ഛേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അവന്‍ ആരാണ്? അവനെ കാണാന്‍ ഹോറോദേസ് ആഗ്രഹിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here