ഇരുപത്തഞ്ചാം വാരം: ചൊവ്വ ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (26/9/17)

ഒന്നാം വായന
എസ്രായുടെ പുസ്തകത്തില്‍നിന്ന് (6:7-8,12b,13-20)
(കര്‍ത്താവിന്‍റെ ആലയത്തിന്‍റെ പണി പൂര്‍ത്തിയായി;
അവര്‍ അവിടെ പെസഹാ ആചരിച്ചു)
അക്കാലത്ത്, ദാരിയൂസ് രാജാവ് നദിക്ക് അക്കരെയുള്ള ദേശങ്ങളിലെ അധിപതികള്‍ക്ക് ഇങ്ങനെ എഴുതി: ദേവാലയത്തിന്‍റെ പണി നടക്കട്ടെ. യഹൂദന്‍മാരുടെ ദേശാധിപതിയും ശ്രേഷ്ഠന്‍മാരുംകൂടെ ദേവാലയം യഥാസ്ഥാനം പണിയട്ടെ. ദേവാലയ പുന്‍ര്‍നിര്‍മാണത്തിന് യൂദാശ്രേഷ്ഠന്‍മാര്‍ക്ക് നിങ്ങള്‍ എന്തു ചെയ്തുകൊടുക്കണമെന്ന് ഞാന്‍ കല്‍പന നല്‍കുന്നു: നദിക്കക്കരെയുള്ള പ്രദേശത്തുനിന്നു പിരിച്ച കപ്പം രാജഭണ്‍ഡാരത്തില്‍ നിന്നു ചെലവു പൂര്‍ണമായി വഹിക്കുന്നതിന് അവരെ താമസമെന്നിയേ ഏല്‍പിക്കണം. ഈ കല്‍പന ലംഘിക്കുകയോ ജറുസലേമിലെ ദേവാലയം നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന രാജാക്കന്‍മാരെയും ജനങ്ങളെയും, തന്‍റെ നാമം അവിടെ സ്ഥാപിച്ച ദൈവം നശിപ്പിക്കട്ടെ. ഞാന്‍, ദാരിയൂസ്, പുറപ്പെടുവിക്കുന്ന കല്‍പന. ഇതു ശ്രദ്ധാപൂര്‍വം നിറവേറ്റണം.
ദാരിയൂസ്രാജാവിന്‍റെ കല്‍പന നദിക്കക്കരെയുള്ള ദേശത്തിന്‍റെ അധിപതികളായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുചരന്‍മാരും സുഹൃത്തുക്കളും ശുഷ്കാന്തിയോടെ അനുവര്‍ത്തിച്ചു. പ്രവാചകന്‍മാരായ ഹഗ്ഗായി, ഇദ്ദോയുടെ മകന്‍ സഖറിയാ എന്നിവര്‍ ആഹ്വാനം ചെയ്തതനുസരിച്ച് യൂദാശ്രേഷ്ഠന്‍മാര്‍ പണി ത്വരിതപ്പെടുത്തി. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ കല്‍പനയും പേര്‍ഷ്യാരാജാക്കന്‍മാരായ സൈറസ്, ദാരിയൂസ്, അര്‍ത്താക്സെര്‍ക്സസ് എന്നിവരുടെ ആജ്ഞകളും അനുസരിച്ച് അവര്‍ പണി പൂര്‍ത്തിയാക്കി. ദാരിയൂസ്, രാജാവിന്‍റെ ആറാം ഭരണവര്‍ഷം ആദാര്‍മാസം മൂന്നാംദിവസം ആലയം പൂര്‍ത്തിയായി. പുരോഹിതന്‍മാരും ലേവ്യരും മടങ്ങിയെത്തിയ മറ്റു പ്രവാസികളും ഉള്‍പ്പെട്ട ഇസ്രായേല്‍ജനം അത്യാഹ്ളാദപൂര്‍വം ദേവാലയത്തിന്‍റെ പ്രതിഷ്ഠാകര്‍മം ആഘോഷിച്ചു. ദേവാലയപ്രതിഷ്ഠയ്ക്ക് അവര്‍ നൂറു കാളകളെയും ഇരുനൂറു മുട്ടാടുകളെയും നാനൂറു ചെമ്മരിയാടുകളെയും ബലിയര്‍പ്പിച്ചു. ഇസ്രായേല്‍ജനത്തിനുവേണ്ടി ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് പന്ത്രണ്ടു മുട്ടാടുകളെ പാപപരിഹാരബലിയായും അര്‍പ്പിച്ചു. മോശയുടെ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് ജറുസലെമില്‍ ദൈവശുശ്രൂഷ ചെയ്യാന്‍ പുരോഹിതന്‍മാരെ ഗണമനുസരിച്ചും ലേവ്യരെ തവണയനുസരിച്ചും നിയമിച്ചു.
തിരിച്ചെത്തിയ പ്രവാസികള്‍ ഒന്നാംമാസം പതിന്നാലാം ദിവസം പെസഹാ ആചരിച്ചു. പുരോഹിതന്‍മാരും ലേവ്യരം ഒരുമിച്ച് തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. ശുദ്ധരായിത്തീര്‍ന്ന അവര്‍ തങ്ങള്‍ക്കും സഹപുരോഹിതന്‍മാര്‍ക്കും പ്രവാസത്തില്‍ നിന്നു മടങ്ങിയെത്തിയ എല്ലാവര്‍ക്കും വേണ്ടി പെസഹാക്കുഞ്ഞാടിനെ കൊന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(126:1-2ab,2cd-3,4,5)
R (v.1 ) കര്‍ത്താവിന്‍റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
1. കര്‍ത്താവിന്‍റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്‍റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.
R കര്‍ത്താവിന്‍റെ ആലയത്തിലേക്കു……….
2. നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം. അതിലേക്കു ഗോത്രങ്ങള്‍ വരുന്നു, കര്‍ത്താവിന്‍റെ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്‍പിച്ചതുപോലെ, കര്‍ത്താവിന്‍റെ നാമത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.
R കര്‍ത്താവിന്‍റെ ആലയത്തിലേക്കു……….
3. അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരിക്കുന്നു; ദാവീദ് ഭവനത്തിന്‍റെ ന്യായാസനങ്ങള്‍.
R കര്‍ത്താവിന്‍റെ ആലയത്തിലേക്കു……….
രണ്ടാം വര്‍ഷം
ഒന്നാം വായന
സുഭാഷിതങ്ങളുടെ പുസ്തകത്തില്‍നിന്ന് (21:1-6, 10-13)
(വിവിധ ഉപദേശങ്ങള്‍)
രാജാവിന്‍റെ ഹൃദയം കര്‍ത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക് അതിനെ ഒഴുക്കിവിടുന്നു. മനുഷ്യനു തന്‍റെ വഴികള്‍ ശരിയെന്നു തോന്നുന്നു. എന്നാല്‍, കര്‍ത്താവ് ഹൃദയത്തെ തൂക്കിനോക്കുന്നു. നന്‍മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം. ഗര്‍വു നിറഞ്ഞ കണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ. ഉത്സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധി കൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു. കള്ളം പറയുന്ന നാവ് നേടിത്തരുന്ന സമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്ന നീരാവിയും മരണത്തിന്‍റെ കെണിയുമാണ്. ദുഷ്ടന്‍റെ ഹൃദയം തിന്‍മ അഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരനോടു ദയ കാണിക്കുന്നില്ല. പരിഹാസകന്‍ ശിക്ഷിക്കപ്പെടുന്നതു കണ്ട് സരളചിത്തന്‍ ജ്ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോള്‍ ബുദ്ധിമാന്‍ ജ്ഞാനം നേടുന്നു. നീതിമാന്‍ ദുഷ്ടന്‍റെ ഭവനം നീരീക്ഷിക്കുന്നു; ദുഷ്ടന്‍ നാശത്തിലേക്കു വലിച്ചെറിയപ്പെടുന്നു. ദരിദ്രന്‍റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അത് ആരും കേള്‍ക്കുകയുമില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(126:1-2ab,2cd-3,4,5)
R (v.3a ) കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.
1. അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്‍റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍. അങ്ങയുടെ പ്രമാണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ! ഞാന്‍ അങ്ങയുടെ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.
R കര്‍ത്താവേ അവിടുത്തെ……….
2. ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങള്‍ എന്‍റെ കണ്‍മുന്‍പില്‍ ഉണ്ട്. ഞാന്‍ അങ്ങയുടെ പ്രമാണം പാലിക്കാനും പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി എനിക്ക് അറിവു നല്‍കണമേ!
R കര്‍ത്താവേ അവിടുത്തെ……….
3. അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ! ഞാന്‍ അതില്‍ സന്തോഷിക്കുന്നു. ഞാന്‍ അങ്ങയുടെ കല്‍പനകളെ നിരന്തരം എന്നേക്കും പാലിക്കും.
R കര്‍ത്താവേ അവിടുത്തെ……….
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.11:28) ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (8:19-21)
(ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരരും)
അക്കാലത്ത്, യേശുവിന്‍റെ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്‍റെ അടുത്ത് എത്താന്‍ കഴിഞ്ഞില്ല. നിന്‍റെ അമ്മയും സഹോദരരും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നു എന്ന് അവര്‍ അവനെ അറിയിച്ചു. അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരരും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here