ഇരുപതാം വാരം: വെള്ളിഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – 25/8/17

ഒന്നാം വായന
റൂത്തിന്‍റെ പുസ്തകത്തില്‍നിന്ന് (1:1,3-6,14യ-16,22)
(നവോമി മൊവാബ്യയായ മരുമകള്‍ റൂത്തിനോടുകൂടെ
ബേത്ലഹേമില്‍ തിരിച്ചെത്തി)
ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി. അന്ന് യൂദയായിലെ ഒരു ബേത്ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് മൊവാബ്ദേശത്ത് കുടിയേറിപ്പാര്‍ത്തു. നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു. അവളും പുത്രന്‍മാരും ശേഷിച്ചു. പുത്രന്‍മാര്‍ ഓര്‍ഫാ, റൂത്ത് എന്നീ മൊവാബ്യസ്ത്രീകളെ വിവാഹം ചെയ്തു. പത്തുവര്‍ഷത്തോളം അവര്‍ അവിടെ കഴിഞ്ഞു. അങ്ങനെയിരിക്കെ മഹ്ലോനും കിലിയോനും മരിച്ചു; നവോമിക്ക് ഭര്‍ത്താവും പുത്രന്‍മാരും നഷ്ടപ്പെട്ടു. കര്‍ത്താവ് തന്‍റെ ജനത്തെ ഭക്ഷണം നല്‍കി അനുഗ്രഹിക്കുന്നു എന്നു കേട്ട് നവോമി മരുമക്കളോടുകൂടെ മൊവാബില്‍നിന്നു തിരികെ പോകാനൊരുങ്ങി. അവര്‍ വീണ്ടും പൊട്ടിക്കരഞ്ഞു; ഓര്‍ഫാ അമ്മായിയമ്മയെ ചുബിച്ച് വിടവാങ്ങി; റൂത്ത് അവളെ പിരിയാതെ നിന്നു.
നവോമി പറഞ്ഞു: നിന്‍റെ സഹോദരി ചാര്‍ച്ചക്കാരുടെയും ദേവന്‍മാരുടെയും അടുത്തേക്ക് മടങ്ങിപ്പോയല്ലോ; അവളെപ്പോലെ നീയും പോകുക. റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്‍റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്‍റെ ദൈവവുമായിരിക്കും; അങ്ങനെ നവോമി മൊവാബില്‍നിന്ന് അവിടത്തുകാരിയായ മരുമകള്‍ റൂത്തിനോടുകൂടെ തിരിച്ചെത്തി. ബാര്‍ലിക്കൊയ്ത്തു തുടങ്ങിയപ്പോഴാണ് അവര്‍ ബേത്ലെഹെമില്‍ എത്തിയത്.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(146:15-6, 7, 8-9a,9bc-10)
R (v.1b) എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.(അല്ലെങ്കില്‍: അല്ലേലൂയാ!)
1. യാക്കോബിന്‍റെ ദൈവം തുണയായിട്ടുള്ളവന്‍, തന്‍റെ ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നവന്‍, ഭാഗ്യവാന്‍. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്; അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
R എന്‍റെ ആത്മാവേ,…………
2.മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു; വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
R എന്‍റെ ആത്മാവേ,…………
3. കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു; അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു; അവിടുന്നു നീതിമാന്‍മാരെ സ്നേഹിക്കുന്നു. കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു.
R എന്‍റെ ആത്മാവേ,…………
4. വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്നു നാശത്തിലെത്തിക്കുന്നു. കര്‍ത്താവ് എന്നേക്കും വാഴുന്നു; സീയോനേ, നിന്‍റെ ദൈവം തലമുറകളോളം വാഴും.
R എന്‍റെ ആത്മാവേ,…………
രണ്ടാം വര്‍ഷം
ഒന്നാം വായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (37:1-14)
(വരണ്ട അസ്ഥികളേ, നിങ്ങള്‍ കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവി്ന്‍;
ഇസ്രായേല്‍ജനമേ; ഞാന്‍ കല്ലറകള്‍ തുറന്ന് നിങ്ങളെ ഉയര്‍ത്തും)
അക്കാലത്ത്, കര്‍ത്താവിന്‍റെ കരം എന്‍റെമേല്‍ വന്നു. അവിടുന്നു തന്‍റെ ആത്മാവിനാല്‍ എന്നെ നയിച്ച് അസ്ഥികള്‍ നിറഞ്ഞ ഒരു താഴ്വരയില്‍ കൊണ്ടുവന്നു നിര്‍ത്തി. അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു. അവിടുന്ന് എന്നോട് ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്ക് ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അങ്ങേക്കറിയാമല്ലോ. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക. ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മം പൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍ പ്രാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദം ഉണ്ടായി – ഒരു കിരുകിരാ ശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ ചേര്‍ന്നു. ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു; ചര്‍മം അവയെ പൊതിഞ്ഞിരുന്നു; എന്നാല്‍ അവയ്ക്ക് പ്രാണന്‍ ഉണ്ടായിരുന്നില്ല. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലു വായുക്കളില്‍ വന്ന് ഈ നിഹിതന്‍മാരുടെമേല്‍ വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ. അവിടുന്നു കല്‍പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു.
അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ വരണ്ടിരിക്കുന്നു; പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങള്‍ തീര്‍ത്തും പരിത്യക്തരായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ആകയാല്‍ അവരോട് പ്രവചിക്കുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ജനമേ, ഞാന്‍ കല്ലറകള്‍ തുറന്ന് നിങ്ങളെ ഉയര്‍ത്തും, ഇസ്രായേല്‍ദേശത്തേക്ക് ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും. എന്‍റെ ജനമേ, കല്ലറകള്‍ തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും. എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്ത് വസിപ്പിക്കും. കര്‍ത്താവായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. കര്‍ത്താവ് അരുളിച്ചെയ്യുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(107:12-3,4-5,6-7,8-9)
R (v.1) കര്‍ത്താവിനു നന്ദി പറയുവിന്‍; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
1. കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്ന് രക്ഷിച്ചു. ദേശങ്ങളില്‍നിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടുന്ന് അവരെ ഒന്നിച്ചുകൂട്ടി.
R കര്‍ത്താവിനു നന്ദിപറയുവിന്‍………..
2. വാസയോഗ്യമായ നഗരത്തിലേക്കു വഴി കണ്ടെത്താതെ ചിലര്‍ മരുഭൂമിയില്‍ അലഞ്ഞുനടന്നു. വിശന്നും ദാഹിച്ചും അവര്‍ വലഞ്ഞു:
R കര്‍ത്താവിനു നന്ദിപറയുവിന്‍………..
3.അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവരുടെ കഷ്ടതയില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. വാസയോഗ്യമായ നഗരത്തില്‍ എത്തുവോളം അവരെ അവിടുന്നു നേര്‍വഴിക്കു നയിച്ചു.
R കര്‍ത്താവിനു നന്ദിപറയുവിന്‍………..
4. അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ! എന്തെന്നാല്‍, അവിടുന്നു ദാഹാര്‍ത്തനു തൃപ്തിവരുത്തുകയും, വിശപ്പുള്ളവനു വിശിഷ്ടവിഭവങ്ങള്‍ കൊണ്ടു സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.
R കര്‍ത്താവിനു നന്ദിപറയുവിന്‍………..
അല്ലേലൂയാ!
അല്ലേലൂയാ!(സങ്കീ.25:4b +5 a) കര്‍ത്താവേ, അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (22:34-40)
(നിന്‍റെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുക. നിന്നെപ്പോലെ നിന്‍റെ
അയല്‍ക്കാരനെ സ്നേഹിക്കുക)
അക്കാലത്ത്, യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി. അവരില്‍ ഒരു നിയമപണ്ഡിതന്‍ അവനെ പരീക്ഷിക്കാന്‍ ചോദിച്ചു: ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്? അവന്‍ പറഞ്ഞു: നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന. രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഈ രണ്ടു കല്‍പനകളില്‍ സമസ്തനിയമവും പ്രവാചകന്‍മാരും അധിഷ്ഠിതമായിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here