ഇരുപതാം വാരം: ബുധന്‍ ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (23/8/17)

ഒന്നാം വായന
ന്യായാധിപന്‍മാരുടെ പുസ്തകത്തില്‍നിന്ന് (9:6-15)
(ദൈവമായ കര്‍ത്താവു രാജാവായിരിക്കുമ്പോള്‍ത്തന്നെ, നിങ്ങളെ
ഭരിക്കാന്‍ ഒരു രാജാവു വേണമെന്നു നിങ്ങള്‍ പറഞ്ഞു)
അക്കാലത്ത്, ഷെക്കെമിലെയും ബത്മില്ലോയിലെയും എല്ലാ പൗരന്‍മാരും ഒന്നിച്ചുകൂടി. ഷെക്കെമിലെ സ്തംഭത്തോടു ചേര്‍ന്നുള്ള ഓക്കുമരത്തിന്‍റെ സമീപം വച്ച് അബിമെലക്കിനെ രാജാവായി വാഴിച്ചു.
യോത്താം ഇതറിഞ്ഞു ഗരിസിംമലയുടെ മുകളില്‍ കയറി നിന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഷെക്കെം നിവാസികളേ, ദൈവം നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കേണ്ടതിന് ഞാന്‍ പറയുന്നത് ശ്രദ്ധിക്കുവിന്‍. ഒരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കൊരു രാജാവിനെ അഭിഷേകം ചെയ്യാന്‍ തീരുമാനിച്ചു. ഞങ്ങളുടെ മേല്‍ വാഴുകയെന്ന് അവര്‍ ഒലിവുമരത്തോടു പറഞ്ഞു: ദേവന്‍മാരെയും മനുഷ്യരെയും ഒന്നുപോലെ ബഹുമാന്യരാക്കുന്ന എന്‍റെ എണ്ണമറന്ന് വൃക്ഷങ്ങളുടെ മേല്‍ വാഴുവാന്‍ ഞാന്‍ പോകണമെന്നോ? വൃക്ഷങ്ങള്‍ അത്തിമരത്തോടു പറഞ്ഞു: നീ വന്ന് ഞങ്ങളെ ഭരിക്കുക, അത്തിമരം അവരോട് പറഞ്ഞു: രുചിയേറിയ എന്‍റെ പഴം ഉപേക്ഷിച്ച് ഞാന്‍ വൃക്ഷങ്ങളുടെമേല്‍ വാഴുവാന്‍ പോകണമെന്നോ? അപ്പോള്‍ അവ മുന്തിരിയോടു പറഞ്ഞു: നീ വന്ന് ഞങ്ങളുടെമേല്‍ വാഴുക. എന്നാല്‍, മുന്തിരി പറഞ്ഞു: ദേവന്‍മാരെയും മനുഷ്യരെയും സന്തോഷിപ്പിക്കുന്ന എന്‍റെ വീഞ്ഞ് ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേല്‍ വാഴുവാന്‍ ഞാന്‍ വരണമെന്നോ? അപ്പോള്‍ വൃക്ഷങ്ങളെല്ലാം ഒന്നുചേര്‍ന്ന് മുള്‍പ്പടര്‍പ്പിനോടു പറഞ്ഞു: ഞങ്ങളുടെമേല്‍ വാഴുക. മുള്‍പ്പടര്‍പ്പ് പറഞ്ഞു: നിങ്ങളെന്നെ നല്ല മനസ്സോടെയാണ് അഭിഷേകംചെയ്യുന്നതെങ്കില്‍ എന്‍റെ തണലില്‍ അഭയംതേടുവിന്‍. അല്ലാത്തപക്ഷം മുള്‍പ്പടര്‍പ്പില്‍നിന്നു തീ ഇറങ്ങി ലെബനോനിലെ ദേവദാരുക്കളെ നശിപ്പിക്കട്ടെ!
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(21:1-2, 3-4,5-6)
R (v.1a) കര്‍ത്താവേ, രാജാവ് അങ്ങയുടെ ശക്തിയില്‍ സന്തോഷിക്കുന്നു.
1. കര്‍ത്താവേ, രാജാവ് അങ്ങയുടെ ശക്തിയില്‍ സന്തോഷിക്കുന്നു: അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു! അവന്‍റെ ഹൃദയാഭിലാഷം അങ്ങു സാധിച്ചു കൊടുത്തു; അവന്‍റെ യാചന അങ്ങ് നിഷേധിച്ചില്ല.
R കര്‍ത്താവേ, രാജാവ് അങ്ങയുടെ…………
2. സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്‍റെ ശിരസ്സില്‍ തങ്കക്കിരീടം അണിയിച്ചു. അവന്‍ അങ്ങയോടു ജീവന്‍ യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍ തന്നെ.
R കര്‍ത്താവേ, രാജാവ് അങ്ങയുടെ…………
3. അങ്ങയുടെ സഹായത്താല്‍ അവന്‍റെ മഹത്വം വര്‍ധിച്ചു; അങ്ങ് അവന്‍റെമേല്‍ തേജസ്സും പ്രതാപവും ചൊരിഞ്ഞു. അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹപൂര്‍ണനാക്കി; അങ്ങയുടെ സാന്നിദ്ധ്യത്തിന്‍റെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിച്ചു.
R കര്‍ത്താവേ, രാജാവ് അങ്ങയുടെ…………
രണ്ടാം വര്‍ഷം
ഒന്നാം വായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (34:1-11)
(എന്‍റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍
അവയെ അവരുടെ വായില്‍ നിന്നു രക്ഷിക്കും)
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിന്‍റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്‍റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്‍റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്‍റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല.
ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്‍റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്‍റെ ഇടയന്‍മാര്‍ എന്‍റെ ആടുകളെ അന്വേഷിച്ചില്ല. അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി. ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ അവരോടു കണക്കു ചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്‍റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(23:1-3a,3b-4,5-6)
R (v.1) കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
1. കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.
R കര്‍ത്താവാണ് എന്‍റെ ഇടയന്‍………..
2. തന്‍റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. മരണത്തിന്‍റെ നിഴല്‍വീണ താഴ്വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
R കര്‍ത്താവാണ് എന്‍റെ ഇടയന്‍………..
3. എന്‍റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ ശിരസ്സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
R കര്‍ത്താവാണ് എന്‍റെ ഇടയന്‍………..
അല്ലേലൂയാ!
അല്ലേലൂയാ!(ഹെബ്രാ.4:12) ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (20:1-16)
(ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് ഒരുപമ അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, തന്‍റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം. ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്കു അയച്ചു. മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട് അവരോടു പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണുക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്? ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍. വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക. പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറ ലഭിച്ചു. തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ കിട്ടി. അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു – അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളു; എന്നിട്ടും പകലിന്‍റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ. അവന്‍ അവരിലൊരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു: സ്നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്? നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്‍റെ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു? ഇപ്രകാരം, പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാരും പിമ്പന്‍മാരുമാകും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here