ആസിയാ ബീബി: അന്തിമവിധി ജൂണില്‍ പ്രഖ്യാപിക്കും

ലാഹോര്‍: മുഹമ്മദ് നബിയെ അപമാനിച്ചുയെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ കീഴ്കോടതി വധശിക്ഷയ്ക്കു വിധിച്ച ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ കേസില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി ജൂണില്‍ അന്തിമ വിധി പറയും. ഇക്കാര്യം ആസിയായുടെ വക്കീലായ സൈഫുള്‍ മലൂക്കാണ് മാധ്യമങ്ങളെ അറിയിച്ചത്.

ആറു വര്‍ഷമായി വ്യാജ ആരോപണത്തിന്റെ പേരില്‍ ആസിയ ബീബി ജയിലിലാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവരുടെ അപ്പീല്‍ പാക് സുപ്രീംകോടതി ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് പരിഗണനക്കു എടുത്തത്.

എന്നാല്‍, പാനലിലെ ഒരു ജഡ്ജി പിന്‍മാറിയതിനെ തുടര്‍ന്ന് കേസ് അനിശ്ചിത കാലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബി.

ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്തുണച്ച് ആസിയായെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി നിരവധി ഇസ്ലാം മതസ്ഥര്‍ രംഗത്തെത്തുണ്ടെന്നതും ശ്രദ്ധേയമാണ്.

ആസിയ ബീബിയെ മോചിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധ റാലി നടന്നിരിന്നു. ജൂണില്‍ കേസ് പരിഗണിച്ചാല്‍ ആസിയായുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here