ആഫ്രിക്കയില്‍ വീണ്ടും വൈദിക കൊലപാതകം: മരണം കിടപ്പുരോഗിക്ക് ദിവ്യകാരുണ്യം നല്‍കി മടങ്ങുന്നതിനിടെ

അന്തനാനാരിവോ: കത്തോലിക്ക സമൂഹത്തെ കണ്ണീരിലാഴ്ത്തി ആഫ്രിക്കയില്‍ വീണ്ടും വൈദിക കൊലപാതകം. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലാണ് ഒടുവിലത്തെ വൈദിക നരഹത്യ നടന്നിരിക്കുന്നത്. സോനവാല ഫോർമേഷൻ സെന്‍ററിൽ സേവനമനുഷ്ഠിക്കുകയായിരുന്ന ഫാ. നിക്കോളാസ് റാറ്റോഡിസോവയാണ് അക്രമികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. കിടപ്പു രോഗിക്ക് ദിവ്യകാരുണ്യം നല്‍കി ബൈക്കിൽ സോനാവാല സെന്ററിലേക്ക് മടങ്ങുകയായിരുന്ന ഫാ. നിക്കോളാസിനെ അക്രമികൾ റോഡിൽ തടഞ്ഞ് നിറുത്തി മർദിക്കുകയായിരുന്നുവെന്ന് അന്തനാനാരിവോ അതിരൂപത വികാരി ജനറാൾ ഫാ. ലുഡോവിക്ക് രബെനാറ്റോവഡ്രോ പറഞ്ഞു. ഫെബ്രുവരി ഒൻപതിനാണ് വൈദികന് അതിദാരുണമായ വിധത്തില്‍ മർദ്ദനമേല്‍ക്കേണ്ടി വന്നത്. തുടര്‍ന്നു വൈദികന് വെടിയേറ്റു.

പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാ. നിക്കോളാസ് പതിനാലിന് മരണമടയുകയായിരുന്നു. പോലീസ് അധികൃതരുടെ നിസംഗത കുറ്റവാളികളെ സഹായിക്കാനാണെന്നും അവർക്ക് ആയുധങ്ങൾ നല്‍കുന്നതായും അന്താനാനാരിവോ ആർച്ച് ബിഷപ്പ് മോൺ.ഒഡോൺ മാരി അർസെൻ രസനകൊലോന ആരോപിച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് നീതിയ്ക്കും സമാധാനത്തിനുമുള്ള എപ്പിസ്കോപ്പൽ കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റു സ്പാനിഷ് വൈദികന്‍ കൊല്ലപ്പെട്ടിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here