ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ഞായര്‍ – 5/11/17

ഒന്നാംവായന
മലാക്കി പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (1:14b-2:2b,8-10)
(നിങ്ങള്‍ യഥാര്‍ത്ഥമാര്‍ഗത്തില്‍നിന്നു വ്യതിചലിച്ച് അനേകരെ
അധര്‍മ്മത്തിലേക്ക് ആനയിക്കുന്നു)
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:ഞാന്‍ ഉന്നതനായ രാജാവാണ്. ജനതകള്‍ എന്‍റെ നാമം ഭയപ്പെടുന്നു, പുരോഹിതന്‍മാരേ, ഇതാ, ഈ കല്‍പന നിങ്ങള്‍ക്കു വേണ്ടിയാണ്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും, എന്‍റെ നാമത്തിനു മഹത്വം നല്‍കാന്‍ മനസ്സു വയ്ക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപം അയയ്ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപമാക്കും. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍റെ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനംമുഴുവന്‍റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും. നമുക്കെല്ലാവര്‍ക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവം തന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്? എങ്കില്‍ നമ്മുടെ പിതാക്കന്‍മാരുടെ ഉടമ്പടിയുടെ പവിത്രത നശിപ്പിച്ചുകൊണ്ട് നാം എന്തിനു പരസ്പരം അവിശ്വസ്തത കാണിക്കുന്നു?
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (131:1,2,3)
R കര്‍ത്താവേ, എന്‍റെ ആത്മാവിനെ അങ്ങയുടെ മുമ്പില്‍
സമാധാനത്തില്‍ സംരക്ഷിക്കണമേ.
1. കര്‍ത്താവേ, എന്‍റെ ഹൃദയം അഹങ്കരിക്കുന്നില്ല;
എന്‍റെ നയനങ്ങളില്‍ നിഗളമില്ല;എന്‍റെ കഴിവില്‍ക്കവിഞ്ഞ
വന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും
ഞാന്‍ വ്യാപൃതനാകുന്നില്ല.
R കര്‍ത്താവേ, എന്‍റെ……………..
2. മാതാവിന്‍റെ മടിയില്‍ ശാന്തനായി കിടക്കുന്ന
ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി;
ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ്
എന്‍റെ ആത്മാവ്.
R കര്‍ത്താവേ, എന്‍റെ……………..
3. ഇസ്രായേലേ, ഇന്നുമെന്നേക്കും കര്‍ത്താവില്‍
പ്രത്യാശവയ്ക്കുക.
R കര്‍ത്താവേ, എന്‍റെ……………..
കര്‍ത്താവിന്‍റെ വചനം
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കാക്കാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (2:7b -19,13)
(ദൈവത്തിന്‍റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവന്‍പോലും
നിങ്ങള്‍ക്കു നല്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നു)
സഹോദരരേ, ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായി പെരുമാറി. നിങ്ങളോടുള്ള അതീവതാത്പര്യം നിമിത്തം ദൈവത്തിന്‍റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ സന്നദ്ധരായി. കാരണം, നിങ്ങള്‍ അത്രമാത്രം ഞങ്ങളുടെ വാത്സല്യഭാജനങ്ങളായിരുന്നു. സഹോദരരേ, ഞങ്ങളുടെ കഠിനാദ്ധ്വാനം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ. ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപകല്‍ അധ്വാനിച്ചു. ഞങ്ങളില്‍നിന്നു നിങ്ങള്‍ ശ്രവിച്ച ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ദൈവത്തിന്‍റെ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്ദി പറയുന്നു.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(Mt.23: 9b, 10b)നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളു സ്വര്‍ഗസ്ഥനായ പിതാവ്. ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (23:1-12)
(അവര്‍ പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ല)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോടും തന്‍റെ ശിഷ്യന്‍മാരോടും അരുളിച്ചെയ്തു: നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചു കൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്‍റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു;വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബി എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളു. നിങ്ങളെല്ലാം സഹോദരന്‍മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളു – സ്വര്‍ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും;തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here