ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍ – 19/11/17

ഒന്നാംവായന
സുഭാഷിതങ്ങളുടെ പുസ്തകത്തില്‍ നിന്ന് (31:10-13,19-20,30-31)
(നല്ല ഭാര്യ സന്മനസ്സോടെ ജോലിചെയ്യുന്നു)
ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ ആര്‍ക്കു കഴിയും ?
അവള്‍ രത്നങ്ങളെക്കാള്‍ അമൂല്യയത്രേ. ഭര്‍ത്താവിന്‍റെ
ഹൃദയം അവളില്‍ വിശ്വാസം അര്‍പ്പിക്കുന്നു; അവന്‍റെ നേട്ടങ്ങള്‍
വര്‍ധിക്കുകയും ചെയ്യുന്നു. അവള്‍ ആജീവനാന്തം ഭര്‍ത്താവിനു
നന്‍മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല. അവള്‍ രോമവും ചണവും
ശേഖരിച്ച് ചുറുചുറുക്കോടെ നെയ്തെടുക്കുന്നു. അവള്‍ ദണ്‍ഡും
തക്ലിയുമുപയോഗിച്ച് നൂല്‍ നൂല്‍ക്കുന്നു. അവള്‍ ദരിദ്രര്‍ക്കു ദാനം
ചെയ്യുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
സൗകുമാര്യം വഞ്ചനനിറഞ്ഞതും സൗന്ദര്യം വ്യര്‍ഥവുമാണ്;
എന്നാല്‍, ദൈവഭക്തിയുള്ള സ്ത്രീ പ്രശംസയര്‍പ്പിക്കുന്നു.
അവളുടെ അധ്വാനത്തെ വിലമതിക്കുവിന്‍; അവളുടെ
പ്രവൃത്തികള്‍ നഗരകവാടത്തില്‍ അവള്‍ക്കു പ്രശംസയായിരിക്കട്ടെ!
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (128:1-2,3,4-5)
R (v.1a) കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
1. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍
നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്‍റെ അധ്വാനഫലം
നീ അനുഭവിക്കും;നീ സന്തുഷ്ടനായിരിക്കും;
R കര്‍ത്താവിനെ……………..
2. നിന്‍റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ
മുന്തിരി പോലെയായിരിക്കും; നിന്‍റെ മക്കള്‍ നിന്‍റെ
മേശയ്ക്കുചുറ്റും ഒലിവുതൈകള്‍പോലെയും
R കര്‍ത്താവിനെ……………..
3. കര്‍ത്താവിന്‍റെ ഭക്തന്‍ ഇപ്രകാരം അനുഗ്രഹീതനാകും.
കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്‍റെ ആയുഷ്കാലമത്രയും നീ ജറുസലെമിന്‍റെ
ഐശ്യര്യം കാണും.
R കര്‍ത്താവിനെ……………..
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കാക്കാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (5:1-6)
(രാത്രിയില്‍ വരുന്ന കള്ളനെപ്പോലെ കര്‍ത്താവിന്‍റെ ദിവസം ആഗതമാകും)
സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല. കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്‍റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം. സമാധാനവും ഭദ്രതയും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദനയുനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേല്‍ നിപതിക്കും; അതില്‍നിന്ന് അവര്‍ രക്ഷപെടുകയില്ല. എന്നാല്‍, സഹോദരരേ, ആ ദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധകാരത്തിലല്ല കഴിയുന്നത്. നിങ്ങളെല്ലാവരും പ്രകാശത്തിന്‍റെയും പകലിന്‍റെയും പുത്രന്‍മാരാണ്. നമ്മില്‍ ആരും തന്നെ രാത്രിയുടെയോ അന്ധകാരത്തിന്‍റെയോ മക്കളല്ല. അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം.
കര്‍ത്താവിന്‍റെ വചനം

അല്ലേലൂയാ!
അല്ലേലൂയാ!(Jh. 15: 4ab, 5b)കര്‍ത്താവ് അരുളിച്ചെയ്യുന്നു:നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍;ഞാന്‍ നിങ്ങളിലും വസിക്കും. ആര് എന്നില്‍ വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (25:14-30)
(അല്‍പ്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍
നിന്നെ ഞാന്‍ ഭരമേല്‍പ്പിക്കും)
(അക്കാലത്ത്,യേശു ശിഷ്യന്‍മാരോട് ഒരന്യാപദേശം അരുളിച്ചെയ്തു:ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഭൃത്യന്‍മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്‍പ്പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം. അവന്‍ ഓരോരുത്തന്‍റേയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു.) അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാല്‍. ഒരു താലന്തു ലഭിച്ചവന്‍ പോയി നിലം കുഴിച്ച് യജമാനന്‍റെ പണം മറച്ചു വച്ചു.(ഏറെക്കാലത്തിനുശേഷം ആ ഭൃത്യന്‍മാരുടെ യജമാനന്‍ വന്ന് അവരുമായി കണക്കുതീര്‍ത്തു.അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്, അഞ്ചു കൂടി സമര്‍പ്പിച്ച്, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. യജമാനന്‍ പറഞ്ഞു:കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.) രണ്ടു താലന്തു കിട്ടിയവനും വന്നു പറഞ്ഞു:യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ രണ്ടു കൂടി സമ്പാദിച്ചിരിക്കുന്നു. യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ,അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക. ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു: യജമാനനേ, നീ വിതയ്ക്കാത്തിടത്തു കൊയ്യുകയും വിതറാത്തിടത്തു നിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന് ഞാന്‍ മനസ്സിലാക്കി, അതിനാല്‍ ഞാന്‍ ഭയപ്പെട്ട് നിന്‍റെ താലന്ത് മണ്ണില്‍ മറച്ചുവച്ചു. ഇതാ, നിന്‍റേത് എടുത്തുകൊള്ളുക. യജമാനന്‍ പറഞ്ഞു:ദുഷ്ടനും മടിയനുമായ ഭൃത്യാ, ഞാന്‍ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തുനിന്ന് ശേഖരിക്കാത്തവനും ആണെന്നു നീ മനസ്സിലാക്കിയിരുന്നല്ലോ. എന്‍റെ നാണയം നീ പണവ്യാപാരികളുടെ പക്കല്‍ നിക്ഷേപിക്കണ്ടതായിരുന്നു. ഞാന്‍ വന്ന് എന്‍റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു. ആ താലന്ത് അവനില്‍ നിന്നെടുത്ത്, പത്തു താലന്തുള്ളവനുകൊടുക്കുക. ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത് അന്ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.
(ബ്രായ്ക്കറ്റില്‍ ഉള്ളത് ഹ്രസ്വരൂപം)

LEAVE A REPLY

Please enter your comment!
Please enter your name here