ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായര്‍ – 12/12/17

ഒന്നാംവായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് (6:12-16)
(വിജ്ഞാനത്തെ അന്വേഷിക്കുന്നവന്‍ അതിനെ കണ്ടെത്തുന്നു)
തേജസ്സുറ്റതാണ് ജ്ഞാനം;അതു മങ്ങിപ്പോവുകയില്ല. ജ്ഞാനത്തെ സ്നേഹിക്കുന്നവര്‍ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു;അവളെ തേടുന്നവര്‍ കണ്ടെത്തുന്നു. തന്നെ അഭിലഷിക്കുന്നവര്‍ക്കു വെളിപ്പെടാന്‍ അവള്‍ തിടുക്കം കൂട്ടുന്നു. പ്രഭാതത്തിലുണര്‍ന്ന് അവളെ തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും; അവള്‍ വാതില്‍ക്കല്‍ കാത്തുനില്‍പ്പുണ്ട്. അവളില്‍ ചിന്തയുറപ്പിക്കുന്നതാണ് വിവേകത്തിന്‍റെ പൂര്‍ണത. അവളുടെ കാര്യത്തില്‍ ജാഗരൂകതയുള്ളവന്‍ ദുഃഖവുമുക്തനാകും. യോഗ്യതയുള്ളവരെ ജ്ഞാനം അന്വേഷിച്ചു ചെല്ലുന്നു. അവരുടെ ചിന്തകളും പാതകളിലും അവള്‍ കനിവോടെ പ്രത്യക്ഷപ്പെടുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (63:1,2-3,4-5,6-7)
R (v.1b) ദൈവമേ, എന്‍റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
1. ദൈവമേ, അവിടുന്നാണ് എന്‍റെ ദൈവം;ഞാനങ്ങയെ
തേടുന്നു. എന്‍റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്‍റെ ശരീരം അങ്ങയെ
കാണാതെ തളരുന്നു.
R ദൈവമേ, എന്‍റെ……………..
2. അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍
വിശുദ്ധമന്ദിരത്തില്‍ വന്നു. അങ്ങയുടെ കാരുണ്യം
ജീവനെക്കാള്‍ കാമ്യമാണ്; എന്‍റെ അധരങ്ങള്‍ അങ്ങയെ
സ്തുതിക്കും.
R ദൈവമേ, എന്‍റെ……………..
3. എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം
വിളിച്ചപേക്ഷിക്കും. കിടക്കയില്‍ ഞാന്‍ അങ്ങയെ
ഓര്‍ക്കുകയും
R  ദൈവമേ, എന്‍റെ……………..
4. രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചു ധ്യാനിക്കുകയും
ചെയ്യുമ്പോള്‍ ഞാന്‍ മജ്ജയും മേദസും കൊണ്ടെന്നപോലെ
സംതൃപ്തിയടയുന്നു.എന്‍റെ അധരങ്ങള്‍ അങ്ങേക്ക്
ആനന്ദഗാനം ആലപിക്കും. അവിടുന്ന് എന്‍റെ സഹായമാണ്.
അങ്ങയുടെ ചിറകില്‍കീഴില്‍ ഞാന്‍ ആനന്ദിക്കും.
R ദൈവമേ, എന്‍റെ……………..
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കാക്കാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (4:13-18)
(യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും)
(സഹോദരരേ,പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍ നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.) കര്‍ത്താവിന്‍റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്‍റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു. എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്‍റെ ശബ്ദം ഉയരുകയും ദൈവത്തിന്‍റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയും ചെയ്യും. അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുവിന്‍.
കര്‍ത്താവിന്‍റെ വചനം

അല്ലേലൂയാ!
അല്ലേലൂയാ!(Mt. 24: 42a, 44)ജാഗരൂകരായിരിക്കുവിന്‍;അതുപോലെ തയ്യാറായിരിക്കുകയും ചെയ്യുവിന്‍. എന്തെന്നാല്‍ മനുഷ്യപുത്രന്‍ എപ്പോഴാണു വരികയെന്ന് നിശ്ചയമില്ല- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (25:1-13)
(ഇതാ, മണവാളന്‍!പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് ഒരന്യാപദേശം അരുളിച്ചെയ്തു:സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം. അവരില്‍ അഞ്ചുപേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു. വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല. വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു. മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി. അര്‍ദ്ധരാത്രിയില്‍, ഇതാ, മണവാളന്‍!പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍!എന്ന് ആര്‍പ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു.വിവേകശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക. വിവേകവതികള്‍ മറുപടി പറഞ്ഞു:ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍. അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് മറ്റു കന്യകമാര്‍വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന്അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here