ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായര്‍

ഒന്നാംവായന
രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ നിന്ന് (4:8-11,14-16a)
(ആ മനുഷ്യന്‍ ഒരു ദൈവപുരുഷനാണ്)
ഒരിക്കല്‍ എലീഷാ ഷൂനേമില്‍ ചെന്നപ്പോള്‍ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവന്‍ ഭക്ഷണത്തിന് ആ വീട്ടില്‍ ചെല്ലുക പതിവായി. അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു; ഇതിലെ പോകാറുള്ള ആ മനുഷ്യന്‍ ഒരു ദൈവപുരുഷനാണ്. നമുക്കു മട്ടുപ്പാവില്‍ ചെറിയ ഒരു മുറിയുണ്ടാക്കി അതില്‍ കിടക്കയും മേശയും കസേരയും വിളക്കു വയ്ക്കാം. വരുമ്പോഴൊക്കെ അവന് അവിയെ വിശ്രമിക്കാമല്ലോ. ഒരിക്കല്‍ അവന്‍ അവിടെ വിശ്രമിക്കുകയായിരുന്നു. ഏലീഷാ പറഞ്ഞു; അവള്‍ക്കു വേണ്ടി എന്താണു ചെയ്യേണ്ടത്?ഭൃത്യനായ ഗഹസി പറഞ്ഞു:അവള്‍ക്കു മക്കളില്ല, ഭര്‍ത്താവ് വൃദ്ധനുമാണ്. അവന്‍ പറഞ്ഞു:അവളെ വിളിക്കുക. വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു. എലീഷാ പറഞ്ഞു:അടുത്തവര്‍ഷം ഈ സമയത്ത് നീ ഒരു പുത്രനെ താലോലിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (89:1-2,15-16,17-18)
R (v.1a ) കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
1. കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം
പ്രകീര്‍ത്തിക്കും.;എന്‍റെ അധരങ്ങള്‍ തലമുറകളോട്
അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും.എന്തെന്നാല്‍,
അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങയുടെ വിശ്വസ്തത ആകാശം പോലെ സുസ്ഥിരമാണ്
R കര്‍ത്താവേ ഞാന്‍…………….
2. ഉത്സവഘോഷത്താല്‍ അങ്ങയെ സ്തുതിക്കുന്നവര്‍
ഭാഗ്യവാന്മാര്‍;കര്‍ത്താവേ, അവര്‍ അങ്ങയുടെ മുഖത്തിന്‍റെ
പ്രകാശത്തില്‍ നടക്കുന്നു. അവര്‍ നിത്യം അങ്ങയുടെ
നാമത്തില്‍ ആനന്ദിക്കുന്നു;അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു.
R കര്‍ത്താവേ ഞാന്‍…………….
3. അങ്ങാണ് അവരുടെ ശക്തിയും മഹത്വവും;
അങ്ങയുടെ പ്രസാദം കൊണ്ടാണു ഞങ്ങളുടെ കൊമ്പ്
ഉയര്‍ന്നു നില്‍ക്കുന്നത്. കര്‍ത്താവാണു ഞങ്ങളുടെ പരിച;
ഇസ്രായേലിന്‍റെ പരിശുദ്ധനാണു ഞങ്ങളുടെ രാജാവ്.
R കര്‍ത്താവേ ഞാന്‍…………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍ നിന്ന് (6:3-4,8-11)
(ജ്ഞാനസാനാനത്താല്‍ നാം അവനോടുകൂടി സംസ്ക്കരിക്കപ്പെട്ടു.
നാമും പുതിയ ജീവിതം നയിക്കണം)
സഹോദരരേ, യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്ക്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതു പോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്ക്കരിക്കപ്പെട്ടത്.
നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു. മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്‍റെമേല്‍ ഇനി അധികാരമില്ല. അവന്‍ മരിച്ചു;പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(1.pet:2:9)നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്.അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്‍റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (10:37-42)
(സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു
യോഗ്യനല്ല. നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു)
അക്കാലത്ത്, യേശു തന്‍റെ അപ്പസേതോലന്‍മാരോട് അരുളിച്ചെയ്തു:എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല. എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല. സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.
നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു;എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്‍റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്‍റെ പ്രതിഫലവും ലഭിക്കുന്നു. ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നുസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here