ആണ്ടുവട്ടത്തിലെ പതിനേഴാം ഞായര്‍ – 29/7/2018

ഒന്നാംവായന
രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തില്‍ നിന്ന് (4:42-44)
(അവര്‍ അതു ഭക്ഷിച്ചിട്ട് മിച്ചം വരും)
അക്കാലത്ത്, ബാല്‍ഷാലിഷായില്‍നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ കുറെ അപ്പവും ഇരുപതു ബാര്‍ലിയപ്പവും കുറെ പുതിയ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ടുവന്ന് ദൈവപുരുഷനു കൊടുത്തു. അപ്പോള്‍ എലീഷാ പറഞ്ഞു: അത് ഇവര്‍ക്കു കൊടുക്കുക. ഇവര്‍ ഭക്ഷിക്കട്ടെ. ഭൃത്യന്‍ ചോദിച്ചു: നൂറ് ആളുകള്‍ക്കായി ഇതു ഞാന്‍ എങ്ങനെ പങ്കുവയ്ക്കും?അവന്‍ ആവര്‍ത്തിച്ചു: കൊടുക്കുക, അവര്‍ ഭക്ഷിക്കട്ടെ. എന്തെന്നാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു; അവര്‍ ഭക്ഷിക്കുകയും മിച്ചംവരുകയും ചെയ്യും. ഭൃത്യന്‍ അത് അവര്‍ക്കു വിളമ്പി. കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവര്‍ ഭക്ഷിച്ചു; മിച്ചം വരുകയും ചെയ്തു.
കര്‍ത്താവിന്‍റെവചനം.
പ്രതിവചനസങ്കീര്‍ത്തനം (145:10-11,15-16,17-18)
R (v.16)അവിടുന്നു കൈതുറന്നുകൊടുക്കുന്നു; എല്ലാവരും
സംതൃപ്തരാകുന്നു.
1. കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്‍റെ മഹത്വത്തെപ്പറ്റി അവര്‍
സംസാരിക്കും;
അവിടുത്തെ ശക്തിയും അവര്‍ വര്‍ണിക്കും.
R അവിടുന്നു കൈതുറന്നു…………..
2. എല്ലാവരും അങ്ങയില്‍ ദൃഷ്ടി പതിച്ചിരിക്കുന്നു;
അങ്ങ് അവര്‍ക്കു യഥാസമയം ആഹാരം കൊടുക്കുന്നു.
അവിടുന്നു കൈതുറന്നുകൊടുക്കുന്നു; എല്ലാവരും
സംതൃപ്തരാകുന്നു.
R അവിടുന്നു കൈതുറന്നു…………..
3. കര്‍ത്താവിന്‍റെ വഴികള്‍ നീതിനിഷ്ഠവും
അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണവുമാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
കര്‍ത്താവു സമീപസ്ഥനാണ്.
അവിടുന്നു കൈതുറന്നു…………..
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍ നിന്ന് (4:1-6)
(ഒരു ശരീരവും ഒരു കര്‍ത്താവും ഒരു വിശ്വാസവും
ഒരു ജ്ഞാനസ്നാനവുമേയുള്ളു)
സഹോദരരേ, കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്‍റെ ബന്ധത്തില്‍ ആത്മാവിന്‍റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍. ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളു. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ(Lk.7:16) ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു – അല്ലേലൂയാ!

സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (6:1-15)
(ജനക്കൂട്ടത്തിനു വേണ്ടുവോളം കൊടുത്തു)
അക്കാലത്ത്, യേശു തിബേരിയാസ് എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലിക്കടലിന്‍റെ മറുകരയിലേക്കു പോയി. വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം, രോഗികളില്‍ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു. യേശു മലയിലേക്കു കയറി ശിഷ്യന്‍മാരോടുകൂടെ അവിടെയിരുന്നു. യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. യേശു കണ്ണുകളുയര്‍ത്തി ഒരു വലിയ ജനതതി തന്‍റെ അടുത്തേക്കു വരുന്നതു കണ്ടു. അവന്‍ പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും? അവനെ പരീക്ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് യേശു നേരത്തെ മനസ്സില്‍ കരുതിയിരുന്നു. പീലിപ്പോസ് മറുപടി പറഞ്ഞു; ഓരോരുത്തര്‍ക്കും അല്‍പം വീതം കൊടുക്കുവാന്‍ ഇരുനൂറു ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല. ശിഷ്യന്‍മാരിലൊരുവനും ശിമയോന്‍ പത്രോസിന്‍റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു: അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്. എന്നാല്‍, ഇത്രയും പേര്‍ക്ക് അതെന്തുണ്ട്? യേശു പറഞ്ഞു: ആളുകളെയെല്ലാം ഭക്ഷണത്തിനിരുത്തുവിന്‍. ആ സ്ഥലത്തു പുല്ലു തഴച്ചുവളര്‍ന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരിഷന്‍മാര്‍ അവിടെ ഇരുന്നു. അനന്തരം യേശു അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കു വിതരണം ചെയ്തു. അതുപോലെതന്നെ മീനും വേണ്ടത്ര നല്‍കി. അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍. അഞ്ചു ബാര്‍ലിയപ്പത്തില്‍നിന്നു ജനങ്ങള്‍ ഭക്ഷിച്ചതിനുശേഷം മിച്ചം വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ത്തിച്ച അടയാളം കണ്ട ജനങ്ങള്‍ പറഞ്ഞു: ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്. അവര്‍ വന്നു തന്നെ രാജാവാക്കാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേക്കു പിന്‍മാറി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here