ആണ്ടുവട്ടത്തിലെ പതിനാലാം ഞായര്‍ – 8/7/2018

ഒന്നാംവായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (2:25)
(മത്സരബുദ്ധികളുടെ ഗോത്രത്തില്‍പ്പെട്ടവരുടെ ഇടയില്‍ ഒരു
പ്രവാചകനുണ്ടായിരിക്കുമെന്ന് അവര്‍ അറിയട്ടെ)
അക്കാലത്ത്, അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവ് എന്നില്‍ പ്രവേശിച്ച് എന്നെ കാലുകളില്‍ ഉറപ്പിച്ചുനിര്‍ത്തി. അവന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു. അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഇസ്രായേല്‍ ജനത്തിന്‍റെ അടുത്തേക്ക് നിന്നെ ഞാന്‍ അയയ്ക്കുന്നു – എന്നെ എതിര്‍ത്ത നിഷേധികളുടെ അടുത്തേക്ക്, അവരും അവരുടെ പിതാക്കന്‍മാരും ഇന്നേദിവസംവരെ എന്നെ ധിക്കരിച്ചവരാണ്. അവര്‍ മര്‍ക്കടമുഷ്ടികളും കഠിനഹൃദയരുമാണ്. അവരുടെ അടുത്തേക്കാണു നിന്നെ ഞാന്‍ അയയ്ക്കുന്നത്. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയുക. അവര്‍ ധിക്കാരികളുടെ ഭവനമാണ്. അവര്‍ കേട്ടാലും കേള്‍ക്കാന്‍ വിസമ്മതിച്ചാലും അവരുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നെന്ന് അവര്‍ അറിയും.
കര്‍ത്താവിന്‍റെവചനം.
പ്രതിവചനസങ്കീര്‍ത്തനം (123:1-2a, 2bcd,3-4)
R (v.2b) ഞങ്ങളുടെമേല്‍ കരുണതോന്നുവോളം
ഞങ്ങളുടെ കണ്ണുകള്‍ കര്‍ത്താവിനെ നോക്കിയിരിക്കുന്നു.
1. സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍
കണ്ണുകള്‍ ഉയര്‍ത്തുന്നു.
ദാസന്‍മാരുടെ കണ്ണുകള്‍ യജമാനന്‍റെ
കൈയിലേക്കെന്നപോലെ.
R ഞങ്ങളുടെമേല്‍ കരുണ……….
2. ഞങ്ങളോടു കരുണ തോന്നണമേ!
കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ!എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു മടുത്തു.
സുഖാലസരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദനവും
സഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു.
R ഞങ്ങളുടെമേല്‍ കരുണ……….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ രണ്ടാം ലേഖനത്തില്‍ നിന്ന് (12:7-10)
(കര്‍ത്താവിന്‍റെ ശക്തി എന്നില്‍ വസിക്കുന്നതിന്, എന്‍റെ
ബലഹീനതകളില്‍ ഞാന്‍ അഭിമാനംകൊള്ളും)
സഹോദരരേ, വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്‍റെ ദൂതന്‍. അത് എന്നെ വിട്ടകലാന്‍വേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു. എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്‍റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്‍റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും. അതുകൊണ്ട്, ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്തനായിരിക്കുന്നത്.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ(Lk.4:18)കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു – അല്ലേലൂയാ!

സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (6:1-6)
(പ്രവാചകന്‍ ബഹുമാനിക്കപ്പെടാത്തതു സ്വദേശത്തു മാത്രമാണ്)
അക്കാലത്ത് യേശു സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്‍റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു:ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്?എത്ര വലിയ കാര്യങ്ങളാണ് ഇവന്‍റെ കരങ്ങള്‍വഴി സംഭവിക്കുന്നത്? ഇവന്‍ മറിയത്തിന്‍റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്‍റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേല്‍ കൈകള്‍ വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന്‍ വിസ്മയിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here