ആണ്ടുവട്ടത്തിലെ പതിനാറാം ഞായര്‍ – 23/7/2017

ഒന്നാംവായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് (12:13,16-19)
(കര്‍ത്താവ് അനുതാപത്തിന് അവസരം നല്‍കുന്നു)
അങ്ങല്ലാതെ, എല്ലാവരോടും കരുണകാണിക്കുന്ന മറ്റൊരു ദൈവം ഇല്ല; അങ്ങയുടെ വിധി നീതിപൂര്‍വകമാണെന്ന് ആരുടെ മുന്‍പിലും തെളിയിക്കേണ്ടതുമില്ല. അങ്ങയുടെ ശക്തി, നീതിയുടെ ഉറവിടമാണ്. എല്ലാറ്റിന്‍റെയും മേല്‍ അവിടുത്തേക്കുള്ള പരമാധികാരം എല്ലാറ്റിനോടും ദയകാണിക്കാന്‍ കാരണമാകുന്നു. അങ്ങയുടെ അധികാരത്തിന്‍റെ പൂര്‍ണതയെ സംശയിക്കുന്നവര്‍ക്ക് അങ്ങ് അങ്ങയുടെ ശക്തി അനുഭവപ്പെടുത്തി കൊടുക്കുന്നു; അറിഞ്ഞിട്ടും ഗര്‍വു ഭാവിക്കുന്നവരെ ശാസിക്കുകയും ചെയ്യുന്നു. സര്‍വശക്തനായ അങ്ങ് മൃദുലമായ ശിക്ഷ നല്‍കുന്നു; വലിയ സഹിഷ്ണതയോടെ ഞങ്ങളെ ഭരിക്കുന്നു; യഥേഷ്ഠം പ്രവര്‍ത്തിക്കാന്‍ അങ്ങേക്ക് അധികാരമുണ്ടല്ലോ. നീതിമാന്‍ ദയാലുവായിരിക്കണമെന്ന് ഇത്തരം പ്രവൃത്തികള്‍ കൊണ്ട് അങ്ങ് സ്വജനത്തെ പഠിപ്പിച്ചു. അവിടുന്ന് പാപത്തെക്കുറിച്ച് അനുതാപം നല്‍കി. അവിടുത്തെ മക്കളെ പ്രത്യാശകൊണ്ടു നിറച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (86:5-6,9-10,15- 16a)
R (v.5a) കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്.
1. കര്‍ത്താവേ, അങ്ങ് നല്ലവനും ക്ഷമാശീലനുമാണ്;
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങു സമൃദ്ധമായി
കൃപ കാണിക്കുന്നു. കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന
കേള്‍ക്കണമേ!എന്‍റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!
R കര്‍ത്താവേ അങ്ങു…………….
2. കര്‍ത്താവേ, അങ്ങു സൃഷ്ടിച്ച ജനതകള്‍ വന്ന്
അങ്ങയെ കുമ്പിട്ട് ആരാധിക്കും;
അവര്‍ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
എന്തെന്നാല്‍, അങ്ങു വലിയവനാണ്. വിസ്മയകരമായ
കാര്യങ്ങള്‍ അങ്ങു നിര്‍വഹിക്കുന്നു;
അങ്ങു മാത്രമാണു ദൈവം.
R കര്‍ത്താവേ അങ്ങു…………….
3. കര്‍ത്താവേ, അങ്ങു കാരുണ്യവാനും
കൃപാനിധിയുമായ ദൈവമാണ്; അങ്ങു ക്ഷമാശീലനും
സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.
എന്നിലേക്ക് ആര്‍ദ്രതയോടെ തിരിയണമേ
R കര്‍ത്താവേ അങ്ങു…………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍ നിന്ന് (8:26-27)
(അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി
മാധ്യസ്ഥം വഹിക്കുന്നു)
സഹോദരരേ,നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവു തന്നെ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു.ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്‍റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നത്.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(cf.Mt:11:25)ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെടട്ടെ – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (13:24-43)
(കൊയ്ത്തുവരെ ഗോതമ്പുകളോടൊപ്പം കളകളും വളരട്ടെ)
(അക്കാലത്ത് യേശു ഒരുപമ ജനക്കൂട്ടത്തോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്ക്കുന്നതിനോട് സ്വര്‍ഗരാജ്യത്തെ ഉപമിക്കാം. ആളുകള്‍ ഉറക്കമായപ്പോള്‍ അവന്‍റെ ശത്രു വന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാര്‍ ചെന്ന് വീട്ടുടമസ്ഥനോടു ചോദിച്ചു: യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്?അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നു വരും. കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ കൊയത്തുകാരോടു പറയും:ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കി വയ്ക്കുവിന്‍:ഗോതമ്പ് എന്‍റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍)
വേറൊരുപമ അവന്‍ അവരോടു പറഞ്ഞു:സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കുടുകുമണിക്കു സദൃശം. അത് എല്ലാ വിത്തിനെയുകാള്‍ ചെറുതാണ്;എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്‍റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീര്‍ന്നു. മറ്റൊരുപമ അവന്‍ അവരോട് അരുളിച്ചെയ്തു: മൂന്ന് ഇടങ്ങഴി മാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് സ്വര്‍ഗരാജ്യം.
ഇതെല്ലാം യേശു ഉപമകള്‍ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ഞാന്‍ ഉപമകള്‍ വഴി സംസാരിക്കും. ലോകസ്ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്താവിക്കും എന്ന പ്രവാചക വചനം പൂര്‍ത്തിയാകാനായിരുന്നു ഇത്.
ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവന്‍ വീട്ടിലേക്കു വന്നു. ശിഷ്യന്‍മാര്‍ അവന്‍റെ അടുത്തുവന്ന് അപേക്ഷിച്ചു. വയലിലെ കളകളെ സംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും!അവന്‍ ഉത്തരം പറഞ്ഞു;നല്ല വിത്തു വിതക്കുന്നവന്‍ മനുഷ്യപുത്രനാണ്. വയല്‍ ലോകവും നല്ല വിത്ത് രാജ്യത്തിന്‍റെ പുത്രന്‍മാരും കളകള്‍ ദുഷ്ടന്‍റെ പുത്രന്‍മാരുമാണ്. അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തു യുഗാന്തമാണ്; കൊയ്ത്തുകാര്‍ ദൈവദൂതന്‍മാരും.കളകള്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെ തന്നെ യുഗാന്തത്തിലും സംഭവിക്കും. മനുഷ്യപുത്രന്‍ തന്‍റെ ദൂതന്‍മാരെ അയയ്ക്കുകയും അവര്‍ അവന്‍റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. അപ്പോള്‍ നീതിമാന്‍മാര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
കര്‍ത്താവിന്‍റെ സുവിശേഷം
(ബ്രായ്ക്കറ്റില്‍ ഉള്ളത് ഹ്രസ്വരൂപം)

LEAVE A REPLY

Please enter your comment!
Please enter your name here