ആണ്ടുവട്ടത്തിലെ ഇരുപത്തൊന്‍പതാം ഞായര്‍ – 21/10/2018

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (53:10-11)
(പാപപരിഹാരബലിയായി തന്നെതന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍റെ
സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും)
കര്‍ത്താവാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപ പരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്‍റെ കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്തനാകും. നീതിമാനായ എന്‍റെ ദാസന്‍ തന്‍റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്‍മാരാക്കും; അവന്‍ അവരുടെ തിന്‍മകളെ വഹിക്കുകയും ചെയ്യും.
കര്‍ത്താവിന്‍റെവചനം.
പ്രതിവചനസങ്കീര്‍ത്തനം (33:45,18-19, 20 + 22)
R (v.22) കര്‍ത്താവേ അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍
ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ
അര്‍പ്പിച്ചിരിക്കുന്നു.
1. കര്‍ത്താവിന്‍റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി
വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
R കര്‍ത്താവേ അങ്ങയുടെ……………..
2. ഇതാ! തന്നെ ഭയപ്പെടുന്നവരെയും
തന്‍റെ കാരുണ്യത്തില്‍ പ്രത്യാശ വയ്ക്കുന്നവരെയും
കര്‍ത്താവു കടാക്ഷിക്കുന്നു.

അവിടുന്ന് അവരുടെ പ്രാണനെ മരണത്തില്‍നിന്നു
രക്ഷിക്കുന്നു;
ക്ഷാമത്തിന് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.
Rഞ കര്‍ത്താവേ അങ്ങയുടെ……………..
3. നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍
ചൊരിയണമേ!
ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.
R കര്‍ത്താവേ അങ്ങയുടെ……………..
രണ്ടാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് (4:14-16)
(പ്രത്യാശയോടെ കൃപയുടെ സിംഹാസനത്തെ നമുക്കു സമീപിക്കാം)
സഹോദരരേ, സ്വര്‍ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാനപുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതു കൊണ്ടു നമ്മുടെ വിശ്വാസത്തെ മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍റെ സിംഹാസനത്തെ സമീപിക്കാം.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ(Mk.10:45) മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ- അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (10:35-45)
(മനുഷ്യപുത്രന്‍ അനേകര്‍ക്കുവേണ്ടി തന്‍റെ ജീവന്‍ നല്കാനത്രേ
വന്നിരിക്കുന്നത്)
അക്കാലത്ത്, സെബദീപുത്രന്‍മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവന്‍ ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു: അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ! യേശു പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ? ഞങ്ങള്‍ക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്നാനം നിങ്ങള്‍ സ്വീകരിക്കും. എന്നാല്‍, എന്‍റെ വലത്തു വശത്തോ ഇടത്തു വശത്തോ ഇരിക്കാനുള്ള വരം തരേണ്ടതു ഞാനല്ല. അത് ആര്‍ക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്ക് യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി. (യേശു അവരെ അടുത്തുവിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.)
കര്‍ത്താവിന്‍റെ സുവിശേഷം.(ബ്രായ്ക്കറ്റില്‍ ഉള്ളത് ഹ്രസ്വരൂപം)

LEAVE A REPLY

Please enter your comment!
Please enter your name here