ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായര്‍ – 14/10/2018

ഒന്നാംവായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് (7:7-11)
(വിജ്ഞാനത്തോടു തുലനം ചെയ്യുമ്പോള്‍
ധനം നിസ്സാരമെന്നു ഞാന്‍ കണക്കാക്കി)
ഞാന്‍ പ്രാര്‍ത്ഥിച്ചു, എനിക്കു വിവേകം ലഭിച്ചു: ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു, ജ്ഞാനചൈതന്യം എനിക്കു ലഭിച്ചു. ചെങ്കോലിലും സിംഹാസനത്തിലുമധികം അവളെ ഞാന്‍ വിലമതിച്ചു. അവളോടു തുലനംചെയ്യുമ്പോള്‍ ധനം നിസ്സാരമെന്നു ഞാന്‍ കണക്കാക്കി. അനര്‍ഘരത്നവും അവള്‍ക്കു തുല്യമല്ലെന്നു ഞാന്‍ കണ്ടു. അവളുടെ മുന്‍പില്‍ സ്വര്‍ണം മണല്‍ത്തരി മാത്രം; വെള്ളി കളിമണ്ണും. ആരോഗ്യത്തെയും സൗന്ദര്യത്തെയുംകാള്‍ അവളെ ഞാന്‍ സ്നേഹിച്ചു. പ്രകാശത്തെക്കാള്‍ കാമ്യമായി അവളെ ഞാന്‍ വരിച്ചു. അവളുടെ കാന്തി ഒരിക്കലും ക്ഷയിക്കുകയില്ല. അവളോടൊത്ത് എല്ലാ നന്‍മകളും എണ്ണമറ്റ ധനവും എനിക്കു ലഭിച്ചു.
കര്‍ത്താവിന്‍റെവചനം.
പ്രതിവചനസങ്കീര്‍ത്തനം (90:12-14-15,16-17)
R (v.14) പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു
ഞങ്ങളെ സംതൃപ്തരാക്കണമേ!
1. ഞങ്ങളുടെ ആയുസ്സിന്‍റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ
പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം
ജ്ഞാനപൂര്‍ണമാകട്ടെ!
കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും?
അങ്ങയുടെ ദാസരോട് അലിവു തോന്നണമേ!
R പ്രഭാതത്തില്‍ അങ്ങയുടെ ……………..
2. പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ
സംതൃപ്തരാക്കണമേ!
ഞങ്ങളുടെ ആയുഷ്കാലം മുഴുവന്‍ ഞങ്ങള്‍
സന്തോഷിച്ചുല്ലസിക്കട്ടെ.
അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം ദിവസങ്ങളും
ഞങ്ങള്‍ ദുരിതമനുഭവിച്ചിടത്തോളം വര്‍ഷങ്ങളും
സന്തോഷിക്കാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ!
R പ്രഭാതത്തില്‍ അങ്ങയുടെ ……………..
3. അങ്ങയുടെ ദാസര്‍ക്ക് അങ്ങയുടെ പ്രവൃത്തിയും
അവരുടെ മക്കള്‍ക്ക് അങ്ങയുടെ മഹത്വവും
വെളപ്പെടുമാറാകട്ടെ!
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ കൃപ
ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ.
ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!
ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!
R പ്രഭാതത്തില്‍ അങ്ങയുടെ ……………..
രണ്ടാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് (4:12-13)
(ദൈവത്തിന്‍റെ വചനം ഹൃദയത്തിന്‍റെ വിചാരങ്ങളെയും
നിയോഗങ്ങളെയും വിവേചിക്കുന്നതാണ്)
ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അവന്‍റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ(Mt.5:3) ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്- അല്ലേലൂയാ!

സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (10:17-30)
(നിനക്കുള്ളതെല്ലാം വിറ്റ്, എന്നെ അനുഗമിക്കുക)
(അക്കാലത്ത്, യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടി വന്ന് അവന്‍റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? യേശു അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല. പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ; കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. അവന്‍ പറഞ്ഞു: ഗുരോ, ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്. യേശു സ്നേഹപൂര്‍വം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് അവന്‍ വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. യേശു ചുറ്റും നോക്കി ശിഷ്യരോടു പറഞ്ഞു: സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! അവന്‍റെ വാക്കു കേട്ടു ശിഷ്യന്‍മാര്‍ വിസ്മയിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം!ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു: അങ്ങനെയെങ്കില്‍, രക്ഷപെടാന്‍ ആര്‍ക്കു കഴിയും? യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന് അത് അസാദ്ധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും.) പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെ പ്രതിയും സുവിശേഷത്തെ പ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല – ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും വരാനിരിക്കുന്ന കാലത്തു നിത്യജീവനും.
കര്‍ത്താവിന്‍റെ സുവിശേഷം.
(ബ്രായ്ക്കറ്റില്‍ ഉള്ളത് ഹ്രസ്വരൂപം)

LEAVE A REPLY

Please enter your comment!
Please enter your name here