ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായര്‍ – 23/9/2018

ഒന്നാംവായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് (2:12,17-20)
(നമുക്ക് അവനെ ലജ്ജാവഹമായ മരണത്തിനു വിധിക്കാം)
ദുഷ്ടന്‍മാര്‍ പറഞ്ഞു: നീതിമാനെ നമുക്കു പതിയിരുന്ന് ആക്രമിക്കാം; അവന്‍ നമുക്കു ശല്യമാണ്; അവന്‍ നമ്മുടെ പ്രവത്തികളെ എതിര്‍ക്കുന്നു, നിയമം ലംഘിക്കുന്നതിനെയും ശിക്ഷണവിരുദ്ധമായി പ്രവൃത്തിക്കുന്നതിനെയും കുറിച്ച് അവന്‍ നമ്മെ ശാസിക്കുന്നു. അവന്‍റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്ഷിക്കാം; അവന്‍ മരിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നു നോക്കാം. നീതിമാന്‍ ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ അവിടുന്ന് അവനെ തുണയ്ക്കും, ശത്രുകരങ്ങളില്‍ നിന്നുമോചിപ്പിക്കും. നിന്ദനവും പീഡനവുംകൊണ്ട് അവന്‍റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം. അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം. അവന്‍റെ വാക്കു ശരിയെങ്കില്‍ അവന്‍ രക്ഷിക്കപ്പെടുമല്ലോ.
കര്‍ത്താവിന്‍റെവചനം.
പ്രതിവചനസങ്കീര്‍ത്തനം (116:123-4, 5-6, 8-9)
R (v.9b) കര്‍ത്താവാണ് എന്‍റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.
1. ദൈവമേ, അങ്ങയുടെ നാമത്താല്‍ എന്നെ രക്ഷിക്കണമേ!
അങ്ങയുടെ ശക്തിയില്‍ എനിക്കു നീതി നടത്തിത്തരണമേ!
ദൈവമേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ!
എന്‍റെ അധരങ്ങളില്‍നിന്ന് ഉതിരുന്ന വാക്കുകള്‍
ശ്രദ്ധിക്കണമേ!
R കര്‍ത്താവാണ് എന്‍റെ……………..
2. അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു;
നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു;
അവര്‍ക്കു ദൈവചിന്തയില്ല.
R കര്‍ത്താവാണ് എന്‍റെ……………..
3. ഇതാ, ദൈവമാണ് എന്‍റെ സഹായകന്‍,
കര്‍ത്താവാണ് എന്‍റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.
ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വം ബലി അര്‍പ്പിക്കും;
കര്‍ത്താവേ, അങ്ങയുടെ ശ്രേഷ്ഠമായ നാമത്തിനു
ഞാന്‍ നന്ദിപറയും.
R കര്‍ത്താവാണ് എന്‍റെ……………..
രണ്ടാം വായന
വി.യാക്കോബ്എഴുതിയ ലേഖനത്തില്‍ നിന്ന് (3:16-4:3)
(സമാധാനപാലകന്‍ സമാധാനം വിതച്ച്, നീതി കൊയ്യും)
വാത്സല്യരേ, എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്ക്കര്‍മങ്ങളും ഉണ്ട്. എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേത്വമുള്ളതും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാര്‍ത്ഥതയില്ലാത്തതോ അല്ല. സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.
നിങ്ങളുടെ ഇടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത്? നിങ്ങള്‍ ആഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല. ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ(2ഠThees.2:14) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു – അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (9:30-37)
(മനുഷ്യപുത്രന്‍ മനുഷ്രുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും….ഒന്നാമനാകാന്‍
ആഗ്രഹിക്കുന്നവന്‍ എല്ലാവരുടേയും ദാസനാകണം)
അക്കാലത്ത് യേശുവും ശിഷ്യന്‍മാരും മലയില്‍നിന്നിറങ്ങി ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവന്‍ ആഗ്രഹിച്ചു. കാരണം, അവന്‍ ശിഷ്യന്‍മാരെ പഠിപ്പിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയും ചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ വചനം അവര്‍ക്കു മനസ്സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്? അവര്‍ നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരേയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടേയും ശുശ്രൂഷകനുമാകണം. അവന്‍ ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here