ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായര്‍ – 16/9/2018

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (50:59a)
(അടിക്കുന്നവര്‍ക്ക് എന്‍റെ പുറം കാണിച്ചുകൊടുത്തു)
ദൈവമായ കര്‍ത്താവ് എന്‍റെ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്‍മാറുകയോ ചെയ്തില്ല. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല. ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്‍റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു. എനിക്കു നീതി നടത്തിത്തരുന്നവന്‍ എന്‍റെ അടുത്തുണ്ട്. ആരുണ്ട് എന്നോട് മത്സരിക്കാന്‍? നമുക്ക് നേരിടാം, ആരാണ് എന്‍റെ എതിരാളി? അവന്‍ അടുത്തു വരട്ടെ! ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നു.
കര്‍ത്താവിന്‍റെവചനം.
പ്രതിവചനസങ്കീര്‍ത്തനം (116:123-4, 5-6, 8-9)
R (v.9)ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്‍റെ
മുന്‍പില്‍ വ്യാപരിക്കും.
1. ഞാന്‍ കര്‍ത്താവിനെ സ്നേഹിക്കുന്നു,
എന്‍റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്നു ശ്രവിച്ചു.
അവിടുന്ന് എനിക്കു ചെവിചായിച്ചുതന്നു,
ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും.
R ഞാന്‍ ജീവിക്കുന്നവരുടെ……………..
2. മരണക്കെണി എന്നെ വലയം ചെയ്തു;
പാതാളപാശങ്ങള്‍ എന്നെ ചുറ്റി;
ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു.
ഞാന്‍ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിച്ചു;
കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു; എന്‍റെ ജീവന്‍
രക്ഷിക്കണമേ!
R ഞാന്‍ ജീവിക്കുന്നവരുടെ……………..
3. കര്‍ത്താവു കരുണാമയനും നീതിമാനും ആണ്;
നമ്മുടെ ദൈവം കൃപാലുവാണ്.
എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു;
ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു.
R ഞാന്‍ ജീവിക്കുന്നവരുടെ……………..
4. അവിടുന്ന് എന്‍റെ പ്രാണനെ മരണത്തില്‍നിന്നും
ദൃഷ്ടികളെ കണ്ണീരില്‍നിന്നും
കാലുകളെ ഇടര്‍ച്ചയില്‍നിന്നും മോചിപ്പിച്ചിരിക്കുന്നു.
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്‍റെ മുന്‍പില്‍
വ്യാപരിക്കും.
R ഞാന്‍ ജീവിക്കുന്നവരുടെ……………..
രണ്ടാം വായന
വി.യാക്കോബ്എഴുതിയ ലേഖനത്തില്‍ നിന്ന് (2:14-18)
(പ്രവൃത്തികൂടാത്ത വിശ്വാസം നിര്‍ജ്ജീവമത്രേ)
എന്‍റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്‍മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അഴരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജ്ജീവമാണ്. എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം; നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍ കൂടാതെയുള്ള നിന്‍റെ വിശ്വാസം എന്നെ കാണിക്കുക. ഞാന്‍ എന്‍റെ പ്രവൃത്തികള്‍ വഴി എന്‍റെ വിശ്വാസം നിന്നെ കാണിക്കാം.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ(Gal.6:14) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ- അല്ലേലൂയാ!

സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (8:27-35)
(നീ ക്രിസ്തുവാണ്…..മനുഷ്യപുത്രന്‍ വളരെയേറെ
സഹിക്കേണ്ടി വരും)
അക്കാലത്ത്, യേശുവും ശിഷ്യന്‍മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമദ്ധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നുംപറയുന്നു. അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്. തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു. മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്‍മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്ക്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്സംപറയാന്‍ തുടങ്ങി. യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്‍ക്കുന്നതുകണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്‍റെ മുമ്പില്‍നിന്നു പോകു. നിന്‍റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്. അവന്‍ ശിഷ്യന്‍മാരോടൊപ്പം ജനക്കൂട്ടത്തെയും തന്‍റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here