ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായര്‍ – 9/9/2018

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (35:47a)
(ചെകിടരുടെ ചെവി തുറക്കപ്പെടുകയും ഊമരുടെ നാവിന്‍റെ കെട്ട്
അവിയുകയും ചെയ്യും)
ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍. ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്‍റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും. അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല. അപ്പോള്‍ മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്‍റെ നാവ് സന്തോഷത്തിന്‍റെ ഗാനം ഉതിര്‍ക്കും. വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികള്‍ ഒഴുകും. തപിച്ച മണലാരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും.
കര്‍ത്താവിന്‍റെവചനം.
പ്രതിവചനസങ്കീര്‍ത്തനം (146:6b7,89a, 9bc-10)
R (v.1)എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
1. അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
R എന്‍റെ ആത്മാവേ…………..
2. കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു;
അവിടുന്നു നീതമാന്‍മാരെ സ്നേഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു.
R എന്‍റെ ആത്മാവേ…………..
3. വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;
എന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്നു
നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു; സീയോനെ, നിന്‍റെ ദൈവം
തലമുറകളോളം വാഴും: കര്‍ത്താവിനെ സ്തുതിക്കുവിന്‍.
R എന്‍റെ ആത്മാവേ…………..
രണ്ടാം വായന
വി.യാക്കോബ്എഴുതിയ ലേഖനത്തില്‍ നിന്ന് (1:17-18,21b-22,27)
(വചനം ശ്രവിച്ച്, തദനുസാരം പ്രവര്‍ത്തിക്കുവിന്‍)
എന്‍റെ വത്സല സഹോദരരേ, മഹത്വപൂര്‍ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്. നിങ്ങളുടെ സംഘത്തിലേയ്ക്ക് സ്വര്‍ണമോതിരമണിഞ്ഞു മോടിയുള്ള വസ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ മോടിയായി വസ്ത്രം ധരിച്ചവനെ നോക്കി, ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു. പാവപ്പെട്ടവനോടു അവിടെ നില്‍ക്കുക എന്നോ എന്‍റെ പാദപീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ടവിചാരങ്ങള്‍ പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയും അല്ലേ ചെയ്യുന്നത്? എന്‍റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ(Mt.4:23) യേശു രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു- അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (7:31-37)
(ചെകിടര്‍ക്കു കേള്‍വിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു)
അക്കാലത്ത്, ഈശോ ടയിര്‍പ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കോപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കുപോയി. ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്‍റെയടുത്തു കൊണ്ടുവന്നു. അവന്‍റെമേല്‍ കൈകള്‍വയ്ക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്‍റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്‍റെ നാവില്‍ സ്പര്‍ശിച്ചു. സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത – തുറക്കപ്പെടട്ടെ എന്നര്‍ഥം. ഉടനെ അവന്‍റെ ചെവികള്‍ തുറന്നു. നാവിന്‍റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു. അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here