ആണ്ടുവട്ടത്തിലെ ഇരുപത്തൊന്‍പതാം ഞായര്‍ — 22/10/17

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (45:1,4-6)
(സൈറസിന്‍റെ മുമ്പില്‍ രാജ്യങ്ങള്‍ കീഴ്പ്പെടുന്നതിന്, കര്‍ത്താവ്
അദ്ദേഹത്തിന്‍റെ വലത്തുകൈക്കു പിടിച്ചിരിക്കുന്നു )
രാജ്യങ്ങള്‍ കീഴടക്കുന്നതിനും രാജാക്കന്‍മാരുടെ അരപ്പട്ടകള്‍ അഴിക്കുന്നതിനും നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോ, തന്‍റെ അഭിഷിക്തനായ ആ സൈറസിനോടു കര്‍ത്താവ് അരുളിച്ചെയ്യുന്നു:എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു. ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല:നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്‍റെ അര മുറുക്കും. കിഴക്കും പടിഞ്ഞാറും ഉള്ള എല്ലാവരും ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് അറിയുന്നതിനും വേണ്ടിത്തന്നെ.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (96:1+3,4-5,7-8,9-10a)
R (v.7b) ജനപദങ്ങളേ, മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതെന്ന്
ഉദ്ഘോഷിക്കുവിന്‍.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍
വര്‍ണിക്കുവിന്‍.
R ജനപദങ്ങളേ, മഹത്വവും…………….
2. എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം
സ്തുത്യര്‍ഹനുമാണ്;സകലദേവന്‍മാരെയുംകാള്‍
ഭയപ്പെടേണ്ടവനുമാണ്. ജനതകളുടെ ദേവന്‍മാര്‍ വിഗ്രഹങ്ങള്‍
മാത്രം. എന്നാല്‍, കര്‍ത്താവ് ആകാശത്തിന്‍റെ സ്രഷ്ടാവാണ്.
R ജനപദങ്ങളേ, മഹത്വവും…………….
3. ജനപദങ്ങളേ, ഉദ്ഘോഷിക്കുവിന്‍; മഹത്വവും ശക്തിയും
കര്‍ത്താവിന്‍റേതെന്ന് ഉദ്ഘോഷിക്കുവിന്‍. കര്‍ത്താവിന്‍റെ
നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;
കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.
R ജനപദങ്ങളേ, മഹത്വവും…………….
4. വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍;
ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ!
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
R ജനപദങ്ങളേ, മഹത്വവും…………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കാക്കാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (4:12-14.19-20)
(നിങ്ങളുടെ വിശ്വാസവും പ്രത്യാശയും സ്നേഹവും ഞങ്ങള്‍ സ്മരിക്കുന്നു)
പൗലോസും സില്‍വാനോസും തിമോത്തോയോസും ചേന്‍ന്ന്, പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്ക്കെഴുതുന്നത്. നിങ്ങള്‍ക്കു കൃപയും സമാധാനവും!ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ സദാ നിങ്ങളെ അനുസ്മരിച്ചുകൊണ്ടു നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി ദൈവത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നമ്മുടെ പിതാവായ ദൈവത്തിന്‍റെ മുമ്പാകെ, നിങ്ങളുടെ വിശ്വാസത്തിന്‍റെ പ്രവൃത്തിയും സ്നേഹത്തിന്‍റെ പ്രയത്നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങള്‍ അനുസ്മരിക്കുന്നു. ദൈവത്തിന്‍റെ വാത്സല്യഭാജനങ്ങളായ സഹോദരരേ, നിങ്ങളെ അവിടുന്നു തെരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങള്‍ അറിയുന്നു. എന്തെന്നാല്‍, ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചതു വചനത്തില്‍ മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും ഉത്തമമായ ബോദ്ധ്യത്തോടെയുമത്രേ.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(phil. 15d, 16a) നിങ്ങള്‍ ജീവന്‍റെ വചനത്തെ മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തില്‍ വെളിച്ചമായി പ്രകാശിക്കട്ടെ- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (22:15-21)
(സീസറിന്‍റേതു സീസറിനും ദൈവത്തിന്‍റേതു ദൈവത്തിനുെ കൊടുക്കുവിന്‍)
അക്കാലത്ത്, ഫരിസേയര്‍ പോയി, യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന് ആലോചന നടത്തി. അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ് പക്ഷക്കാരോടൊത്ത് അവന്‍റെ അടുത്ത് അയച്ചു ചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി ദൈവത്തിന്‍റെ വഴി സത്യമായി പഠിപ്പിക്കുന്നവെന്നും ഞങ്ങള്‍ അറിയുന്നു. അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്ക് എന്തു തോന്നുന്നു, സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ?അവരുടെ ദുഷ്ടത മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതെന്ത്? നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവര്‍ ഒരു ദനാറ അവനെ കാണിച്ചു.യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്‍റേത് എന്ന് അവര്‍ പറഞ്ഞു. അവന്‍ അരുളിച്ചയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here