ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായര്‍

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (25:6-10 a)
(കര്‍ത്താവ് വിരുന്നൊരുക്കും;സകലരുടെയും കണ്ണുനീര്‍
അവിടുന്ന് തുടച്ചു കളയും )
ഈ പര്‍വതത്തില്‍ സര്‍വജനതകള്‍ക്കുംവേണ്ടി സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും – മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും മേല്‍ത്തരം വീഞ്ഞുമുള്ള വിരുന്ന്. സര്‍വജനതകളെയും മറച്ചിരിക്കുന്ന ആവരണം – ജനതകളുടെമേല്‍ വിരിച്ചിരിക്കുന്ന മൂടുപടം – ഈ പര്‍വതത്തില്‍വച്ച് അവിടുന്ന് നീക്കിക്കളയും. അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും;സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും;തന്‍റെ ജനത്തിന്‍റെ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്. അന്ന് ഇങ്ങനെ പറയുന്നതു കേള്‍ക്കും: ഇതാ, നമ്മുടെ ദൈവം. നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അര്‍പ്പിച്ച ദൈവം. ഇതാ കര്‍ത്താവ്!നാം അവിടുത്തേക്കുവേണ്ടിയാണു കാത്തിരുന്നത്. അവിടുന്ന് നല്‍കുന്ന രക്ഷയില്‍ നമുക്കു സന്തോഷിച്ചുല്ലസിക്കാം. കര്‍ത്താവിന്‍റെ കരം ഈ പര്‍വതത്തില്‍ വിശ്രമിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (23:1-3ab,3b-4,5,6)
R (v.6b) കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍
എന്നേക്കും വസിക്കും.
1. കര്‍ത്താവാണ് എന്‍റെ ഇടയന്‍;എനിക്കൊന്നിനും
കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;പ്രശാന്തമായ
ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു.
R കര്‍ത്താവിന്‍റെ ആലയത്തില്‍…………….
2. തന്‍റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ
നയിക്കുന്നു. മരണത്തിന്‍റെ നിഴല്‍വീണ താഴ്വരയിലൂടെയാണു
ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും
എനിക്ക് ഉറപ്പേകുന്നു.
R കര്‍ത്താവിന്‍റെ ആലയത്തില്‍…………
3. എന്‍റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്ക്
വിരുന്നൊരുക്കുന്നു; എന്‍റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
R കര്‍ത്താവിന്‍റെ ആലയത്തില്‍…………
4. അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍
എന്നെ അനുഗമിക്കും; കര്‍ത്താവിന്‍റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.
R കര്‍ത്താവിന്‍റെ ആലയത്തില്‍………..
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ
ലേഖനത്തില്‍ നിന്ന് (4:12-14.19-20)
(എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും)
സഹോദരരേ, താഴ്ന്നനിലയില്‍ ജീവിക്കാന്‍ എനിക്കറിയാം;സമൃദ്ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് – അതേ, സുഭിക്ഷത്തിലും ദുര്‍ഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. എങ്കിലും, എന്‍റെ ഞെരുക്കങ്ങളില്‍ സൗമനസ്യത്തോടെ നിങ്ങള്‍ പങ്കു ചേര്‍ന്നു. എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളെതല്ലാം നല്‍കും. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ!ആമേന്‍.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(cf.Eph.1:1718)ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്ന് നമ്മെ വിളിച്ചിരിക്കുന്നതെന്നറിയാനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവ് നമ്മുടെ ആന്തരീകനേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (22:1-14)
(കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍)
(അക്കാലത്ത് യേശു പ്രധാനപുരോഹിതന്‍മാരോടും ജനപ്രമാണികളോടും ഉപമകള്‍വഴി സംസാരിച്ചു. സ്വര്‍ഗരാജ്യം, തന്‍റെ പുത്രനു വേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദൃശം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന്‍ ഭൃത്യന്‍മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു. വീണ്ടും അവന്‍ വേറെ ഭൃത്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു:ഇതാ, വിരുന്നു സജ്ജമാക്കിയിരിക്കുന്നു; എന്‍റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കികഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നുപറയുവിന്‍. എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന്‍ വയലിലേയ്ക്കും, വോറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവര്‍ ആ ഭൃത്യന്‍മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവന്‍ ഭൃത്യന്‍മാരോടു പറഞ്ഞു:വിവാഹവിരുന്നു തയ്യാറാക്കിയിരിക്കുന്നു;എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു. അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍. ആ ഭൃത്യന്‍മാര്‍ നിരത്തുകളില്‍ ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.)അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോടു ചോദിച്ചു:സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ?അവന്‍ മൗനം അവലംബിച്ചു. അപ്പോള്‍ രാജാവ് പരിചാരകന്‍മാരോടു പറഞ്ഞു:അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക;അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
ദൈവവചനമാണു നാം കേട്ടത്.
(ബ്രായ്ക്കറ്റില്‍ ഉള്ളത് ഹ്രസ്വരൂപം)

LEAVE A REPLY

Please enter your comment!
Please enter your name here