ആണ്ടുവട്ടത്തിലെ ഇരുപത്താറാം ഞായര്‍ – 1/10/17

ഒന്നാംവായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (18:25-28)
(ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്‍മയില്‍നിന്നു പിന്തിരിഞ്ഞാല്‍
അവന്‍ തന്‍റെ ജീവന്‍ രക്ഷിക്കും )
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:കര്‍ത്താവിന്‍റെ വഴി നീതിപൂര്‍വകമല്ല എന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, കേള്‍ക്കുക. എന്‍റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്ത്? നീതിമാന്‍ തന്‍റെ നീതിമാര്‍ഗം വെടിഞ്ഞു തിന്‍മ പ്രവര്‍ത്തിച്ചാല്‍ ആ തിന്‍മകള്‍ നിമിത്തം അവന്‍ മരിക്കും. ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്‍മയില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പാലിച്ചാല്‍ അവന്‍ തന്‍റെ ജീവന്‍ രക്ഷിക്കും. താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്‍മയില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പാലിച്ചാല്‍ അവന്‍ തന്‍റെ ജീവന്‍ രക്ഷിക്കും. താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്‍മകള്‍ മനസ്സിലാക്കി അവയില്‍നിന്നു പിന്‍മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (25:4-5,6-7,8-9)
R (V.6a) കര്‍ത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും
അനുസ്മരിക്കണമേ!
1. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു
മനസ്സിലാക്കിത്തരണമേ!അങ്ങയുടെ പാതകള്‍
എന്നെ പഠിപ്പിക്കണമേ!അങ്ങയുടെ സത്യത്തിലേക്ക്
എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം;
അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.
R കര്‍ത്താവേ അങ്ങയുടെ…………….
2. കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച
അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
എന്‍റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ്
ഓര്‍ക്കരുതേ!കര്‍ത്താവേ, അങ്ങയുടെ
അചഞ്ചലസ്നേഹത്തിന് അനുസൃതമായി കരുണാപൂര്‍വ്വം
എന്നെ അനുസ്മരിക്കണമേ!
R കര്‍ത്താവേ അങ്ങയുടെ……………
3. കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക്
അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവിടുന്നു
നീതിമാര്‍ഗത്തില്‍ നയിക്കുന്നു;വിനീതരെ തന്‍റെ വഴി
പഠിപ്പിക്കുന്നു.
R കര്‍ത്താവേ അങ്ങയുടെ……………
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ
ലേഖനത്തില്‍ നിന്ന് (2:1-11)
(യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ)
(സഹോദരരേ,ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്‍റെ സന്തോഷം പൂര്‍ണമാക്കുവിന്‍. മാത്സര്യമോ വ്യര്‍ഥാഭിമാനമോമൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍പോരാ, മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ആ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.) ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്‍റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.
കര്‍ത്താവിന്‍റെ വചനം
(ബ്രായ്ക്കറ്റില്‍ ഉള്ളത് ഹ്രസ്വരൂപം)
അല്ലേലൂയാ!
അല്ലേലൂയാ!(jn10:27)കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (21:28-32)
(അവന്‍ അനുതപിച്ചു…ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കുമുമ്പേ
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക)
അക്കാലത്ത്, യേശു പ്രധാനാചാര്യന്‍മാരോടും പ്രമാണികളോടും ചോദിച്ചു: നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്‍റെ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലിചെയ്യുക. ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല. അവന്‍ രണ്ടാമന്‍റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്ചാത്തപിച്ച് അവന്‍ പോയി. ഈ രണ്ടുപേരില്‍ ആരാണ് പിതാവിന്‍റെ ഇഷ്ടം നിറവേറ്റിയത്?അവര്‍ പറഞ്ഞു:രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കുമുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു;നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
ദൈവവചനമാണു നാം കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here