ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായര്‍ – 24/9/17

ഒന്നാംവായന

ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (55:6-9)

(എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല)

കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.ദുഷ്ടന്‍ തന്‍റെ മാര്‍ഗവും അധര്‍മി തന്‍റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു; എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല;നിങ്ങളുടെ വഴികള്‍ എന്‍റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.

കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം (145:2-3,8-9,17-18)

R (v.18) തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് കര്‍ത്താവ്    സമീപസ്ഥനാണ്.

1. അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും;   അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും.   കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്;   അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.

R    തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്…………….

2. കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും   സ്നേഹസമ്പന്നനുമാണ്. കര്‍ത്താവ് എല്ലാവര്‍ക്കും    നല്ലവനാണ്;തന്‍റെ സര്‍വസൃഷ്ടിയുടെയുംമേല്‍   അവിടുന്നു കരുണചൊരിയുന്നു.

R   തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്…………….

3. കര്‍ത്താവിന്‍റെ വഴികള്‍ നീതിനിഷ്ഠവും അവിടുത്തെ    പ്രവൃത്തകള്‍ കൃപാപൂര്‍ണവുമാണ്.   തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ   വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സ്മീപസ്ഥനാണ്.

R    തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്…………….

രണ്ടാം വായന

വി.പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ

ലേഖനത്തില്‍ നിന്ന് (1:20c-24,27b)

(എനിക്ക് ജീവിതം ക്രിസ്തുവാകുന്നു)

സഹോദരരേ, ക്രിസ്തു എന്‍റെ ശരീരത്തില്‍ – ജീവിതംവഴിയോ മരണംവഴിയോ – മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹവും പ്രതീക്ഷയുമുണ്ട്. എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. ശാരീരീകമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും ഏതാണ് തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്‍റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്ഠം. പക്ഷേ, ഞാന്‍ ശരീരത്തില്‍ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആവശ്യമാണ്. ക്രിസ്തുവിന്‍റെ സുവിശേഷത്തിനു യോഗ്യമായ രീതിയില്‍ നിങ്ങള്‍ ജീവിക്കണമെന്നുമാത്രംകര്‍ത്താവിന്‍റെ വചനം

അല്ലേലൂയാ! അല്ലേലൂയാ!

(cf.acts16:14b)കര്‍ത്താവേ, അങ്ങേ പുത്രന്‍റെ വചനം ഗ്രഹിക്കുന്നതിന് ഞങ്ങളുടെ ഹൃദയത്തെ തുറക്കണമേ – അല്ലേലൂയാ!

സുവിശേഷം

വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (20:1-16a)

(ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു)

അക്കാലത്ത് യേശു തന്‍റെ ശിഷ്യരോട് ഒരുപമ അരുളിച്ചെയ്തു:സ്വര്‍ഗരാജ്യം, തന്‍റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം. ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതു കണ്ട് അവരോടു പറഞ്ഞു:നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍;ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലതന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട് അവരോടു ചോദിച്ചു:നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്?ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു:നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍. വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു:ജോലിക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക. പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറ ലഭിച്ചു. തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി. അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു. അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളു. എന്നിട്ടും പകലിന്‍റെ അദ്ധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ തുല്യരാക്കിയല്ലോ. അവന്‍ അവരിലൊരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു:സ്നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്? നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്‍റെ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുളളതു ചെയ്യാന്‍ പാടില്ലെന്നോ?ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു? ഇപ്രകാരം, പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകം.

ദൈവവചനമാണു നാം കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here