ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായര്‍ 17/9/17

ഒന്നാംവായന
പ്രഭാഷകന്‍റെ പുസ്തകത്തില്‍ നിന്ന് (27:30-28:7)
(അയല്‍ക്കാരന്‍റെ തിന്മകള്‍ ക്ഷമിച്ചാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍
നിന്‍റെ പാപങ്ങളഉം ക്ഷമിക്കപ്പെടും)
കോപവും ക്രോധവും മ്ലേഛമാണ്; അവ എപ്പോഴും
ദുഷ്ടനോടുകൂടെയുണ്ട്. തെറ്റുകള്‍ ക്ഷമിക്കുക
പ്രതികാരം ചെയ്യുന്നവനോട് കര്‍ത്താവ് പ്രതികാരം ചെയ്യും;
അവിടുന്ന് അവന്‍റെ പാപം മറക്കുകയില്ല
അയല്‍ക്കാരന്‍റെ തിന്‍മകള്‍ ക്ഷമിച്ചാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍
നിന്‍റെ പാപങ്ങളും ക്ഷമിക്കപ്പെടും.
അയല്‍ക്കാരനോട് പക വച്ചു പുലര്‍ത്തുന്നവന്
കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്ഷിക്കാമോ?
തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍
പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ?
മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍
അവന്‍റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?
ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക;
നാശത്തെയും മരണത്തെയും ഓര്‍ത്ത്
കല്‍പനകള്‍ പാലിക്കുക.
കല്‍പനകളനുസരിച്ച് അയല്‍ക്കാരനോടു
കോപിക്കാതിരിക്കുക; അത്യുന്നതന്‍റെ ഉടമ്പടി
അനുസ്മരിച്ച് മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (103:1-2,3-4,9-10, 11-12)
R (v 8) കര്‍ത്താവ്, ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്. ക്ഷമാശീലനും സ്നേഹനിധിയും ആണ്.
1. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ
പുകഴ്ത്തുക. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും …………….
2. അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്നു നിന്‍റെ
ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്നേഹവും കരുണയുംകൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും …………….
3. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ
ശിഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു
നമ്മോടു പകരം ചെയ്യുന്നില്ല.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും …………….
4. ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു
തന്‍റെ ഭക്തനോട് അവിടുന്നു കാണിക്കുന്ന കാരുണ്യം
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും …………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍ നിന്ന് (14:7-9)
(ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്)
സഹോദരരേ, നമ്മിലാരും തനിക്കുവേണ്ടി മാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടി മാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു;മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്. എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനു വേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(jn:13:34)കര്‍ത്താവ് അരുളിച്ചെയ്യുന്നു:ഞാന്‍ പുതിയൊരു കല്‍പ്പന നിങ്ങള്‍ക്കു നല്‍കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (18:21-35)
(ഏഴെന്നല്ല, ഏഴ് എഴുപത് പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു)
അക്കാലത്ത്, പത്രോസ് മുന്നോട്ടുവന്ന് യേശുവിനോടു ചോദിച്ചു:കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്‍റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം?ഏഴു പ്രാവശ്യമോ?യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു. സ്വര്‍ഗരാജ്യം, തന്‍റെ സേവകന്‍മാരുടെ കണക്കുതീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്‍റെ മുമ്പില്‍ കൊണ്ടു വന്നു. അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയേയും മക്കളെയും അവന്‍റെ സമസ്ത വസ്തുക്കളെയും വിറ്റു കടം വീട്ടാന്‍ യജമാനന്‍ കല്‍പിച്ചു.അപ്പോള്‍ സേവകന്‍ വീണു നമസ്ക്കരിച്ചുകൊണ്ടു പറഞ്ഞു:പ്രഭോ, എന്നോടു ക്ഷമിക്കണമേ!ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം. ആ സേവകന്‍റെ യജമാനന്‍ മനസ്സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്യും. അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്ന തന്‍റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്‍റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു:എനിക്ക് തരാനുള്ളത് തന്നുതീര്‍ക്കുക. അപ്പോള്‍ ആ സേവകന്‍ അവനോട് വീണപേക്ഷിച്ചു:എന്നോടു ക്ഷമിക്കണമേ!ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു. സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്‍മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു.ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പിച്ചുകൊടുത്തു. നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.
ദൈവവചനമാണു നാം കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here