ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായര്‍ – 10/9/17

ഒന്നാംവായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (33:7-9)
(നീ ദുഷ്ടന് മുന്നറിയിപ്പ് നല്‍കാതിരുന്നാല്‍ അവന്‍റെ രക്തത്തിന്
ഞാന്‍ നിന്നോടു പകരം ചോദിക്കും)
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്‍റെ നാവില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്‍റെ താക്കീത് അവരെ അറിയിക്കണം. ഞാന്‍ ദുഷ്ടനോട്, ദുഷ്ടാ, നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ തന്‍റെ മാര്‍ഗത്തില്‍ നിന്നു പിന്തിരിയാന്‍ നീ മുന്നറിയിപ്പു നല്‍കാതിരിക്കുകയും ചെയ്താല്‍ അവന്‍ തന്‍റെ ദര്‍വൃത്തിയില്‍ത്തന്നെ മരിക്കും.എന്നാല്‍, അവന്‍റെ രക്തത്തിന് ഞാന്‍ നിന്നോടു പകരം ചോദിക്കും. ദുഷ്ടനോട് തന്‍റെ മാര്‍ഗത്തില്‍ നിന്നു പിന്തിരിയാന്‍ നീ താക്കീതു കൊടുത്തിട്ടും അവന്‍ പിന്തിരിയാതിരുന്നാല്‍ അവന്‍ തന്‍റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍ നീ നിന്‍റെ ജീവനെ രക്ഷിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (95:1-2,6-7,8-9)
R (v.7b&8b) നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം
ശ്രവിച്ചിരുന്നുവെങ്കില്‍ !നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
1. വരുവിന്‍, നമുക്കു കര്‍ത്താവിനു സ്തോത്രമാലപിക്കാം;
നമ്മുടെ ശിലയെ സന്തോഷപൂര്‍വ്വം പാടിപുകഴ്ത്താം.
കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍
ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം
R നിങ്ങള്‍ ഇന്ന് …………….
2. വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്‍റെ മുന്‍പില്‍ മുട്ടുകൂത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും; അവിടുന്നു
പാലിക്കുന്ന അജഗണം.
R നിങ്ങള്‍ ഇന്ന് …………….
3. മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍,
ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
അന്നു നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നെ പരീക്ഷിച്ചു;
എന്‍റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരൂക്ഷിച്ചു
R നിങ്ങള്‍ ഇന്ന് …………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍ നിന്ന് (13:8-10)
(സ്നേഹം നിയമത്തിന്‍റെ പൂര്‍ത്തീകരണമാണ്)
സഹോദരരേ, പരസ്പരം സ്നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍,അയല്‍ക്കാരനെ സ്നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. സ്നേഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല.അതുകൊണ്ടു നിയമത്തിന്‍റെ പൂര്‍ത്തീകരണം സ്നേഹമാണ്.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(Mt:16:18)ദൈവം രമ്യതയുടെ സന്ദേശം നമ്മെ ഭരമേല്‍പ്പിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (18:15-20)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു:നിന്‍റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവന് ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്‍റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്‍റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെകൂടി നിന്നോടൊത്തുകൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക;സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു;ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
ദൈവവചനമാണു നാം കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here