ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായര്‍ – 3/7/17

ഒന്നാംവായന
ജറെമിയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (20:7-9)
(കര്‍ത്താവിന്‍റെ വചനം എനിക്കു സദാ പരിഹാസത്തിനു
ഹേതുവായിരിക്കുന്നു)
കര്‍ത്താവേ, അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു; ഞാന്‍ വഞ്ചിതനായി. അങ്ങ് എന്നേക്കാള്‍ ശക്തനാണ്. അങ്ങ് വിജയിച്ചിരിക്കുന്നു. ദിവസം മുഴുവന്‍ ഞാന്‍ പരിഹാസ പാത്രമായി. എല്ലാവരും എന്നെ അപഹസിക്കുന്നു. വായ് തുറക്കുമ്പോഴൊക്കെ അക്രമം, നാശം എന്നാണു ഞാന്‍ വിളിച്ചുപറയുന്നത്. കര്‍ത്താവിന്‍റെ വചനം എനിക്ക് ഇടവിടാത്ത നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. അവിടുത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയില്ല, അവിടുത്തെ നാമത്തില്‍ മേലില്‍ സംസാരിക്കുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി എന്‍റെ അസ്ഥിക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാന്‍ ശ്രമിച്ചു ഞാന്‍ തളര്‍ന്നു; എനിക്കു സാധിക്കുന്നില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (63:1,2-3, 4-5, 7-8)
R (V.1b) ദൈവമേ, എന്‍റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
1. ദൈവമേ, അവിടുന്നാണ് എന്‍റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്‍റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്‍റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.
R ദൈവമേ, എന്‍റെ …………….
2. അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വന്നു. അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്; എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും.
R ദൈവമേ, എന്‍റെ …………….
3. എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും. കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോള്‍ എന്‍റെ അധരങ്ങള്‍ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.
R ദൈവമേ, എന്‍റെ …………….
4. അവിടുന്ന് എന്‍റെ സഹായമാണ്; അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ ആനന്ദിക്കും. എന്‍റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങിനിര്‍ത്തുന്നു.
R ദൈവമേ, എന്‍റെ …………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍ നിന്ന് (12:1-2)
(നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിനു സജീവബലിയായി സമര്‍പ്പിക്കുവിന്‍)
സഹോദരരേ, ദൈവത്തിന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന. നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്‍റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(cf.Eph.1:1718) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്ന് നമ്മെ വിളിച്ചിരിക്കുന്നതെന്നറിയാന്‍ നമ്മുടെ ആന്തരീകനേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (16:21-27)
(എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ പരിത്യജിക്കുക)
അക്കാലത്ത്, യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്‍മാരെ അറിയിച്ചുതുടങ്ങി. പത്രോസ് അവനെ മാറ്റിനിറുത്തി തടസ്സം പറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ. യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്‍റെ മുമ്പില്‍നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്‍റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.
യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും? മനുഷ്യപുത്രന്‍ സ്വപിതാവിന്‍റെ മഹത്വത്തില്‍ തന്‍റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here