ആണ്ടുവട്ടത്തിലെ ഇരുപത്തൊന്നാം ഞായര്‍ – 26/8/2018

ഒന്നാംവായന
ജോഷ്വയുടെ പുസ്തകത്തില്‍ നിന്ന് (24:12മ, 1517,18b)
(്കര്‍ത്താവിനെ ഞങ്ങള്‍ സേവിക്കും; എന്തെന്നാല്‍ അവിടുന്നാണു
ഞങ്ങളുടെ ദൈവം)
അക്കാലത്ത്, ജോഷ്വാ ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചുകൂട്ടി; അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയും സ്ഥാനികളെയും അവന്‍ വരുത്തി. അവര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നു. ജോഷ്വ അവരോടു പറഞ്ഞു: ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, കര്‍ത്താവിനെ സേവിക്കുന്നതിനു മനസ്സില്ലെങ്കില്‍ നദിക്കക്കരെ നിങ്ങളുടെ പിതാക്കന്‍മാര്‍ സേവിച്ച ദേവന്‍മാരെയോ നിങ്ങള്‍ വസിക്കുന്ന നാട്ടിലെ അമോര്യരുടെ ദേവന്‍മാരെയോ ആരെയാണ് സേവിക്കുക എന്ന് ഇന്നു തന്നെ തീരുമാനിക്കുവിന്‍. ഞാനും എന്‍റെ കുടുംബവും കര്‍ത്താവിനെ സേവിക്കും. അപ്പോള്‍ ജനം പ്രതിവചിച്ചു: ഞങ്ങള്‍ കര്‍ത്താവിനെ വിട്ട് അന്യദേവന്‍മാരെ സേവിക്കാന്‍ ഇടയാകാതിരിക്കട്ടെ! നമ്മുടെ ദൈവമായ കര്‍ത്താവാണ് നമ്മെയും നമ്മുടെ പിതാക്കന്‍മാരെയും അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്ന് കൊണ്ടുപോരുകയും നമ്മുടെ കണ്‍മുമ്പില്‍ മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നാം പോയ എല്ലാ വഴികളിലും, കടന്നുപോയ എല്ലാ ജനതകളുടെ ഇടയിലും, നമ്മെ സംരക്ഷിക്കുകയും ചെയ്തത്. അതിനാല്‍, ഞങ്ങളും കര്‍ത്താവിനെ സേവിക്കും; അവിടുന്നാണ് നമ്മുടെ ദൈവം.
കര്‍ത്താവിന്‍റെവചനം.

പ്രതിവചനസങ്കീര്‍ത്തനം (34:1-2,15-16,17-18,19-20,21 -22)
R (v.8b)കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍;
1. കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്‍റെ
അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!
R കര്‍ത്താവ് എത്ര…………..
2. കര്‍ത്താവു നീതിമാന്‍മാരെ കടാക്ഷിക്കുന്നു;
അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
ദുഷ്കര്‍മികളുടെ ഓര്‍മ ഭൂമിയില്‍നിന്നു വിച്ഛേദിക്കാന്‍
കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.
R കര്‍ത്താവ് എത്ര…………..
3. നീതിമാന്‍മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍
കര്‍ത്താവു കേള്‍ക്കുന്നു;
അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്;
മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
R കര്‍ത്താവ് എത്ര…………..
4. നീതിമാന്‍റെ ക്ലേശങ്ങള്‍ നമുക്ക് അസംഖ്യമാണ്,
അവയില്‍നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു.
അവന്‍റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു;
അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല.
R കര്‍ത്താവ് എത്ര…………..
5. തിന്‍മ ദുഷ്ടരെ സംഹരിക്കും; നീതിമാന്‍മാരെ
ദ്വേഷിക്കുന്നവര്‍ക്കു ശിക്ഷാവിധിയുണ്ടാകും.
കര്‍ത്താവു തന്‍റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു.
അവിടുത്തെ ശരണം പ്രാപിക്കുന്നവന്‍ ശിക്ഷയ്ക്കു
വിധിക്കപ്പെടുകയില്ല.
R കര്‍ത്താവ് എത്ര…………..
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍ നിന്ന് (5:21-32)
(ഇതൊരു വലിയ രഹസ്യമാണ്; സഭയോടും ക്രിസ്തുവിനോടും
ബന്ധപ്പെടുത്തിയാണ് ഞാന്‍ അതു പറയുന്നത്)
സഹോദരരേ, ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍. ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍, ക്രിസ്തു തന്‍റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തു തന്നെയാണ് ശരീരത്തിന്‍റെ രക്ഷകനും. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കണം. ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം. അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കു തന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്. അതുപോലെ തന്നെ, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറിക്കുന്നില്ലല്ലോ. ക്രിസ്തു സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍, നാം അവന്‍റെ ശരീരത്തിന്‍റെ അവയവങ്ങളാണ്. ഇക്കാരണത്താല്‍ പുരിഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇതു പറയുന്നത്.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ(Jn.6:63c+68c) കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ് – അവ നിത്യജീവന്‍റെ വാക്കുകളാണല്ലോ – അല്ലേലൂയാ!
സുവിശേഷം
വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്ന് (6:61-70)
(ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും?
നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്)
അക്കാലത്ത്, യേശുവിന്‍റെ വാക്കുകേട്ട് അവന്‍റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും? തന്‍റെ ശിഷ്യന്‍മാര്‍ പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്നുവോ? അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ? ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്. എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മതലേ അവന്‍ അറിഞ്ഞിരുന്നു. അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്‍റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഇതിനുശേഷം അവന്‍റെ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്‍റെകൂടെ നടന്നില്ല. യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ? ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്. നീയാണു ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here