ആണ്ടുവട്ടത്തിലെ ഇരുപതാം ഞായര്‍ – 20/8/17

ഒന്നാംവായന
ഇസയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (56:1,6-7)
(എന്‍റെ നിയമം പാലിക്കുന്നവരെ ഞാന്‍ എന്‍റെ
വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും)
കര്‍ത്താവ് അരുളിച്ചെയ്യുന്നു:ന്യായം പാലിക്കുക, നീതി പ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷ നല്‍കാന്‍ പോകുന്നു;എന്‍റെ നീതി വെളിപ്പെടും. എന്നെ സേവിക്കാനും എന്‍റെ നാമത്തെ സ്നേഹിക്കാനും എന്‍റെ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കുകയും സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും എന്‍റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും ഞാന്‍ എന്‍റെ വിശുദ്ധഗിരിയിലേയ്ക്കു കൊണ്ടുപോകും. എന്‍റെ പ്രാര്‍ത്ഥനാലയത്തില്‍ അവര്‍ക്കു സന്തോഷം നല്‍കും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്‍റെ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും. എന്‍റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള എന്‍റെ പ്രാര്‍ത്ഥനാലയമെന്ന് അറിയപ്പെടും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (67:1-2,4,5+7)
R (V.3) ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
1. ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ
അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്‍റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകര ശക്തി
സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.
R ദൈവമേ, ജനതകള്‍ …………….
2. ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം
ആലപിക്കുകയും ചെയ്യട്ടെ!അങ്ങു ജനതകളെ നീതിപൂര്‍വം
വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
R ദൈവമേ, ജനതകള്‍ …………….
3. ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
അവിടുന്നു നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവന്‍
അവിടുത്തെ ഭയപ്പെടട്ടെ!
R ദൈവമേ, ജനതകള്‍ …………….
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍ നിന്ന് (11:13-15,29-32)
(ദൈവത്തിന്‍റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല)
സഹോദരരേ, വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതീയരുടെ അപ്പസ്തോലന്‍ എന്ന നിലയ്ക്ക് എന്‍റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു. അതുവഴി എന്‍റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ. എന്തുകൊണ്ടെന്നാല്‍, അവരുടെ തിരസ്കാരം ലോകത്തിന്‍റെ അനുരജ്ഞനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍ നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും? എന്തെന്നാല്‍, ദൈവത്തിന്‍റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു. അതുപോലെ തന്നെ , നിങ്ങള്‍ക്കു ലഭിച്ച കൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു. എന്തെന്നാല്‍ എല്ലാവരോടും കൃപ കാണിക്കാന്‍ വേണ്ടി ദൈവം എല്ലാവരേയും അനുസരണമില്ലാത്തവരാക്കി.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(Cf.Mt:4:23)/യേശു, രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തിയും ചുറ്റിസ്സഞ്ചരിച്ചു- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (15:21-28)
അക്കാലത്ത്, യേശു ഗനേസറത്തുനിന്ന് പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ഈ പ്രദേശത്തു നിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്ഷിച്ചു: കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയണമേ! എന്‍റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാര്‍ അവനോട് അഭ്യര്‍ത്ഥിച്ചു: അവളെ പറഞ്ഞയച്ചാലും;അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ.അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമെ എന്ന് അപേക്ഷിച്ചു. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കളും യജമാനന്‍മാരുടെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു:സ്ത്രീയേ, നിന്‍റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here