ആഗസ്റ്റ് – 6 – കര്‍ത്താവിന്‍റെ രൂപാന്തരീകരണത്തിരുനാള്‍

 

ഒന്നാംവായന
ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (7:9-10,13-14)
(അദ്ദേഹത്തിന്‍റെ വസ്ത്രം മഞ്ഞുപോലെ ധവളമായിരുന്നു)
ഞാന്‍ നോക്കിക്കൊണ്ടിരിക്കെ,സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപവിഷ്ടനായി. അവന്‍റെ വസ്ത്രം മഞ്ഞുപോലെ ധവളം;തലമുടി, നിര്‍മ്മലമായ ആട്ടിന്‍രോമം പോലെ!തീജ്വാലകളായിരുന്നു അവന്‍റെ സിംഹാസനം;അതിന്‍റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി. അവന്‍റെ മുന്‍പില്‍നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേര്‍ അവനെ സേവിച്ചു;പതിനായിരം പതിനായിരം പേര്‍ അവന്‍റെ മുന്‍പില്‍നിന്നു. ന്യായാധിസഭ ന്യായവിധിക്ക് ഉപവിഷ്ടമായി. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു. നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാതനനായവന്‍റെ മുന്‍പില്‍ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്‍റെ ആധിപത്യം ശാശ്വതമാണ്;അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്‍റെ രാജത്വം അനശ്വരമാണ്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (97:1-2,5-6,9)
R (v.1a +9a ) കര്‍ത്താവു വാഴുന്നു; അവിടുന്നു ഭൂമി
മുഴുവന്‍റെയും അധിപനാണ്.
1. കര്‍ത്താവ് വാഴുന്നു;ഭൂമി സന്തോഷിക്കട്ടെ!
ദീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
R കര്‍ത്താവു വാഴുന്നു…………..
2. കര്‍ത്താവിന്‍റെ മുന്‍പില്‍, ഭൂമി മുഴുവന്‍റെയും അധിപനായ
കര്‍ത്താവിന്‍റെ മുന്‍പില്‍, പര്‍വതങ്ങള്‍ മെഴുകുപോലെ
ഉരുകുന്നു.
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു;
എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.
R കര്‍ത്താവു വാഴുന്നു…………..
3. കര്‍ത്താവേ, അങ്ങ് ഭൂമിമുഴുവന്‍റെയും അധിപനാണ്;
എല്ലാ ദേവന്‍മാരെയുംകാള്‍ ഉന്നതനാണ്.
R കര്‍ത്താവു വാഴുന്നു…………..
രണ്ടാം വായന
വി. പത്രോസ് എഴുതിയ രണ്ടാം ലേഖനത്തില്‍നിന്ന് (1:16-19)
(സ്വര്‍ഗത്തില്‍നിന്ന് ഈ വാക്കുകള്‍ മുഴങ്ങുന്നതു ഞങ്ങള്‍ കേട്ടതാണ്)
പ്രിയപ്പെട്ടവരെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ചു ഞങ്ങള്‍ നിങ്ങളെ അറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്‍പിതകഥകളെ വിശ്വസിച്ചതുകൊണ്ടല്ല;ഞങ്ങള്‍ അവന്‍റെ ശക്തിപ്രാഭവത്തിന്‍റെ ദൃക്സാക്ഷികളായതുകൊണ്ടാണ്. പിതാവായ ദൈവത്തില്‍നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവന്‍ എന്‍റെ പ്രിയപുത്രന്‍;ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമപ്രാഭവത്തില്‍ നിന്ന് അവന്‍റെ അടുത്തു വരുകയും ചെയ്തു. സ്വര്‍ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്‍റെ കൂടെ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതല്‍ ഉറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതംപൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
കര്‍ത്താവിന്‍റെ വചനം
അല്ലേലൂയാ!
അല്ലേലൂയാ!(Mt.17:5c)ഇവന്‍ എന്‍റെ പ്രിയപുത്രന്‍;ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു;ഇവന്‍റെ വാക്കു ശ്രവിക്കുവിന്‍- അല്ലേലൂയാ!
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (9:2-9)
(ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു)
അക്കാലത്ത് യേശു പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്‍റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വെണ്‍മയും തിളക്കമുള്ളവയുമായി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോള്‍, പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു. അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍ നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവന്‍റെ വാക്കു ശ്രവിക്കുവിന്‍. അവര്‍ ചുറ്റുംനോക്കി യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍ കണ്ടില്ല. അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍നിന്നിറങ്ങിപ്പോരുമ്പോള്‍ അവന്‍ അവരോടു കല്‍പിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here