ആഗസ്റ്റ് 24 – വി.ബര്‍ത്തലോം,അപ്പസ്തോലന്‍ (തിരുന്നാള്‍)

ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍ നിന്ന്(21: 9b-14)
(അടിസ്ഥാനക്കല്ലില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്‍മാരുടെ
പേരുകളുണ്ടായിരുന്നു)
അവസാനത്തെ ഏഴു മഹാമാരികള്‍ നിറഞ്ഞ ഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാരില്‍ ഒരുവന്‍ വന്ന് എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്‍റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചു തരാം. അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവില്‍ എന്നെ കൊണ്ടുപോയി. സ്വര്‍ഗത്തില്‍ നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു. അതിനു ദൈവത്തിന്‍റെ തേജസ്സുണ്ടായിരുന്നു. അതിന്‍റെ തിളക്കം അമൂല്യമായ രത്നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികം പോലെ നിര്‍മലം. അതിനു ബൃഹുത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്‍മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകള്‍ എഴുതപ്പെട്ടിരുന്നു. കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാറു മൂന്നു കവാടങ്ങള്‍, നഗരത്തിന്‍റെ മതിലിനു പന്ത്രണ്ടു അടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു; അവയിന്‍മേല്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്‍മാരുടെ പേരുകളും.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം(145: 10-11, 12-13ab, 17-18)
R (v.11a) കര്‍ത്താവേ അവിടുത്തെ രാജ്യത്തിന്‍റെ മഹത്വത്തെപ്പറ്റി അങ്ങേ വിശുദ്ധര്‍ സംസാരിക്കും.
1.കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യത്തിന്‍റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
R കര്‍ത്താവേ, അവിടുത്തെ…………..
2. അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്‍റെ മഹത്വപൂര്‍ണമായ പ്രതാപവും മനുഷ്യമക്കളെ അവര്‍ അറിയിക്കും. അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു.
R കര്‍ത്താവേ, അവിടുത്തെ…………..
3. കര്‍ത്താവിന്‍റെ വഴികള്‍ നീതിനിഷ്ഠവും അവിടുത്തെ പ്രവത്തികള്‍ കൃപാപൂര്‍ണവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.
R കര്‍ത്താവേ, അവിടുത്തെ…………..
അല്ലേലൂയാ !
അല്ലേലൂയാ!(യോഹ.1:49b) റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്‍റെ രാജാവാണ്. അല്ലേലൂയാ!
സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (1:45-51)
(ഇതാ, നിഷ്കപടനായ ഒരു യഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍)
അക്കാലത്ത്, പീലിപ്പോസ് നഥാനിയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ – ജോസഫിന്‍റെ മകന്‍, നസറത്തില്‍നിന്നുള്ള യേശുവിനെ – ഞങ്ങള്‍ കണ്ടു.നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്‍മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക! നഥാനയേല്‍ തന്‍റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരു യഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍! അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്‍റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്‍റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും. അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും മനുഷ്യപുത്രന്‍റെമേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here