ആഗസ്റ്റ് 15 പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗാരോപണത്തിരുനാള്‍ ദിനപൂജ

 

ഒന്നാംവായന
വെളിപാടിന്‍റെ പുസ്തകത്തില്‍ നിന്ന്(11:19a;12:1-6a,10ab)
(സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കിയ ഒരു സ്ത്രീ)
സ്വര്‍ഗത്തില്‍ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി. സ്വര്‍ഗത്തില്‍ മറ്റൊരടയാളവും കൂടി കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരുഗ്രസര്‍പ്പം. അതിനു ഏഴു തലയും പത്തുകൊമ്പും. തലകളില്‍ ഏഴു കിരീടങ്ങള്‍. അതിന്‍റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്‍ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍. അവളുടെ ശിശു ദൈവത്തിന്‍റെയും അവിടുത്തെ സിംഹാസനത്തിന്‍റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു. ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. സ്വര്‍ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു. ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്‍റെ അധികാരവും ആഗതമായിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (45:9a,10,11ab,15)
R (v.9b) നിന്‍റെ വലത്തുവശത്ത് ഓഫീര്‍സ്വര്‍ണം അണിഞ്ഞ
രാജ്ഞി നില്‍ക്കുന്നു.
1. നിന്‍റെ വലത്തുവശത്ത് ഓഫീര്‍സ്വര്‍ണം അണിഞ്ഞ
രാജ്ഞി നില്‍ക്കുന്നു.
R നിന്‍റെ വലത്തുവശത്ത്……………….
2. മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക;
നിന്‍റെ ജനത്തെയും പിതൃഭവനത്തെയും മറക്കുക.
R നിന്‍റെ വലത്തുവശത്ത്……………….
3. അപ്പോള്‍ രാജാവു നിന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും,
അവന്‍ നിന്‍റെ നാഥനാണ്.
R നിന്‍റെ വലത്തുവശത്ത്……………….
4. ആഹ്ളാദഭരിതരായി അവര്‍ രാജകൊട്ടാരത്തില്‍
പ്രവേശിക്കുന്നു.
R നിന്‍റെ വലത്തുവശത്ത്……………….
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (1:16-19)
(പ്രഥമഫലം ക്രിസ്തുവാണ്; അനന്തരം അവിടുത്തേക്കുള്ളവര്‍)
സഹോദരരേ, നിദ്രപ്രാപിച്ച എല്ലാവരുടേയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. ഒരു മനുഷ്യന്‍ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉണ്ടായി. ആദത്തില്‍ എല്ലാവരും പുനര്‍ജീവിക്കും. എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു;പിന്നെ ക്രിസ്തുവിന്‍റെ ആഗമനത്തില്‍ അവനുള്ളവരും. അവന്‍ എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മാര്‍ജനംചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്‍റെയും അവസാനമാകും. എന്തെന്നാല്‍, സകല ശത്രുക്കളെയും തന്‍റെ പാദസേവകരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു. മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ!പരിശുദ്ധ മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു; മാലാഖവൃന്ദങ്ങള്‍ ആനന്ദത്തിലാറാടുന്നു – അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (1:39-56)
(ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു.
വിനീതരെ അവിടുന്ന് ഉയര്‍ത്തി)
ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍റെ ഉദരഫലവും അനുഗൃഹീതം. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?ഇതാ, നിന്‍റെ അഭിവാദനസ്വരം എന്‍റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.
കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന്
വിശ്വസിച്ചവള്‍ ഭാഗ്യവതി.
മറിയത്തിന്‍റെ സ്തോത്രഗീതം
മറിയം പറഞ്ഞു:
എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍
ആനന്ദിക്കുന്നു.
അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി
എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.
അവിടുത്തെ നാമം പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും
അവിടുന്ന് കരുണ വര്‍ഷിക്കും.
അവിടുന്ന് തന്‍റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തന്‍മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു;
എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട്
സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്‍റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്‍റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ. മറിയം അവളുടെകൂടെ മൂന്നുമാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here