ആഗമനകാലം രണ്ടാം വാരം : ബുധന്‍(13/12/17)

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (40:25-31)
(തളര്‍ന്നവന് കര്‍ത്താവ് ബലം നല്‍കുന്നു: ദുര്‍ബലനു ശക്തി
പകരുകയും ചെയ്യുന്നു )
ആരോടു നിങ്ങളെന്നെ ഉപമിക്കും, ആരോടാണെനിക്കു സാദൃശേയം എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു. നിങ്ങള്‍ കണ്ണുയര്‍ത്തി കാണുവിന്‍, ആരാണിവയെല്ലാം സൃഷ്ടിച്ചത്? പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ എണ്ണമനുസരിച്ച് പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ. അവിടുത്തെ ശക്തിയുടെ മഹത്വവും പ്രഭാവവുംമൂലം അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല.
യാക്കോബേ, ഇസ്രായേലേ, എന്‍റെ വഴികള്‍ കര്‍ത്താവില്‍ നിന്നു മറഞ്ഞിരിക്കുന്നു. എന്‍റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്നു നീ പരാതി പറയുന്നച് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്‍റെയും സ്രഷ്ടാവുമാണ്. അവിടുന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്സ് അഗ്രാഹ്യമാണ്. തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം. എന്നാല്‍, ദൈവത്തില്‍ ആ8യിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(103: 1-2,3-4,8+10)
R (v .1a) എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
1. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
R എന്‍റെ ആത്മാവേ………….
2. അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്നു നിന്‍റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു; അവിടുന്നു സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.
R എന്‍റെ ആത്മാവേ………….
3. കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയും ആണ്. നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.
R എന്‍റെ ആത്മാവേ………….
അല്ലേലൂയാ!
അല്ലേലൂയാ! തന്‍റെ ജനത്തെ രക്ഷിക്കാന്‍ ഇതാ, കര്‍ത്താവ് വരുന്നു; അവിടുത്തെ എതിരേല്ക്കാന്‍ ഒരുങ്ങിയവര്‍ അനുഗൃഹീതരാകുന്നു. അല്ലേലൂയാ!
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (11:28-30)
(അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും
എന്‍റെ അടുക്കല്‍ വരുവിന്‍)
അക്കാലത്ത് യേശു അരുളിച്ചെയ്തു: അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്‍റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here