ആഗമനകാലം : രണ്ടാംഞായര്‍ – 9/12/2018

 

ഒന്നാം വായന

ബാറൂക് പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന്
(5:1 -9)
(ദൈവം നിന്‍റെ തേജസ്സു വെളിപ്പെടുത്തും)
ജറുസലെം, നീ ദുഃഖത്തിന്‍റെയും പീഡനത്തിന്‍റെയും വസ്ത്രം മാറ്റി ദൈവത്തില്‍ നിന്നുള്ള മഹത്വത്തിന്‍റെ സൗന്ദര്യം എന്നേക്കുമായി അണിയുക. ദൈവത്തില്‍നിന്നുള്ള നീതിയുടെ മേലങ്കി ധരിക്കുക. നിത്യനായവന്‍റെ മഹത്വത്തിന്‍റെ കിരീടം ശിരസ്സില്‍ അണിയുക. ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്‍റെ തേജസ്സു വെളിപ്പെടുത്തും. നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവും എന്ന് ദൈവം എന്നേക്കുമായി നിന്നെ പേര് വിളിക്കും. ജറുസലെം, ഉണരുക; ഉയരത്തില്‍നിന്നു കിഴക്കോട്ടു നോക്കുക. പരിശുദ്ധനായവന്‍റെ കല്‍പനയനുസരിച്ച്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട നിന്‍റെ മക്കളെ കാണുക. ദൈവം നിന്നെ സ്മരിച്ചതില്‍ അവര്‍ ആനന്ദിക്കുന്നു. ശത്രുക്കള്‍ അവരെ നിന്നില്‍നിന്നു വേര്‍പെടുത്തി നടത്തിക്കൊണ്ടുപോയി. എന്നാല്‍ ദൈവം അവരെ സിംഹാസനത്തിലെന്നപോലെ മഹത്വത്തില്‍ സംവഹിച്ചു നിന്നിലേക്കു മടക്കിക്കൊണ്ടുവരും. ഉന്നതഗിരികളും ശാശ്വതശൈലങ്ങളും ഇടിച്ചു നിരത്താനും താഴ്വരകള്‍ നികത്തി നിരപ്പുള്ളതാക്കാനും ദൈവം കല്‍പിച്ചിരിക്കുന്നു. അങ്ങനെ ഇസ്രായേല്‍ ദൈവത്തിന്‍റെ മഹത്വത്തില്‍ സുരക്ഷിതരായി നടക്കും. ദൈവത്തിന്‍റെ കല്‍പനയനുസരിച്ച് വനങ്ങളും സുഗന്ധവൃക്ഷങ്ങളും ഇസ്രായേലിനു തണലേകി. തന്നില്‍നിന്നു വരുന്ന നീതിയും കാരുണ്യവും കൊണ്ടു ദൈവം സന്തോഷപൂര്‍വം ഇസ്രായേലിനെ തന്‍റെ മഹത്വത്തിന്‍റെ പ്രകാശത്തില്‍ നയിക്കും. അവിടുത്തെ കാരുണ്യവും നീതിയും അവര്‍ക്ക് അകമ്പടി സേവിക്കും.

കര്‍ത്താവിന്‍റെ വചനം

 

പ്രതിവചനസങ്കീര്‍ത്തനം (126: 1 -2ab,2cd- 3, 4-5)

R (v . 3) കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.

1. കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി. അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി;

R കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി ………

2. കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു. കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.

R കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി ………

3. നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ! കണ്ണീരോടെ വിതയ്ക്കുന്നവന്‍ ആനന്ദഘോഷത്തോടെ കൊയ്യട്ടെ! വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലേക്കു മടങ്ങും.

R കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി ………

രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ
ലേഖനത്തില്‍നിന്ന് (1: 4-6, 8- 11)
(നിങ്ങള്‍ ക്രിസ്തുവിന്‍റെ ദിനത്തിലേക്ക് നിഷ്കളങ്കരും
നിര്‍ദോഷരുമായി ഭവിക്കട്ടെ )

സഹോദരരേ, എപ്പോഴും എന്‍റെ എല്ലാ പ്രാര്‍ത്ഥനകളിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സന്തോഷത്തോടെ യാചിക്കുന്നു; ആദ്യദിവസംമുതല്‍ ഇന്നുവരെയും സുവിശേഷപ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്മയ്ക്കു ഞാന്‍ നന്ദി പറയുന്നു. നിങ്ങളില്‍ സത്പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനിക്കു ബോദ്ധ്യമുണ്ട്. യേശുക്രിസ്തുവിന്‍റെ വാത്സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നവെന്നതിനു ദൈവംതന്നെ സാക്ഷി. നിങ്ങളുടെ സ്നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്തിയിലും ഉത്തരോത്തരം വര്‍ദ്ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ, ഉത്തമമായവ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു കഴിയും. ദൈവത്തിന്‍റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന നീതിയുടെ ഫലങ്ങള്‍കൊണ്ടു നിറഞ്ഞ് നിങ്ങള്‍ ക്രിസ്തുവിന്‍റെ ദിനത്തിലേക്ക് നിഷ്കളങ്കരും നിര്‍ദോഷരുമായി ഭവിക്കട്ടെ.

കര്‍ത്താവിന്‍റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (Lk. 3: 4,6) കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍; അവന്‍റെ പാത നേരെയാക്കുവിന്‍. – സകല മനുഷ്യരും ദൈവത്തിന്‍റെ രക്ഷ കാണുകയും ചെയ്യും. അല്ലേലൂയാ!

സുവിശേഷം

വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (3: 1 – 6)
(സകല മനുഷ്യരും ദൈവത്തിന്‍റെ രക്ഷ കാണുകയും ചെയ്യും)

തിബേരിയൂസ് സീസറിന്‍റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ് യൂദയായുടെ ദേശാധിപതിയും ഹേറോദേസ് ഗലീലിയുടെയും അവന്‍റെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപന്മാരും, അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്‍മാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയില്‍വച്ചു ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി. അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ട് ജോര്‍ദാന്‍റെ സമീപപ്രദേശങ്ങളിലേക്കു വന്നു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം: കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍: അവന്‍റെ പാത നേരെയാക്കുവിന്‍. താഴ്വരകള്‍ നികത്തപ്പെടും. കുന്നും മലയും നിരത്തപ്പെടും. വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും; സകല മനുഷ്യരും ദൈവത്തിന്‍റെ രക്ഷ കാണുകയും ചെയ്യും.

കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here