ആഗമനകാലം : രണ്ടാംഞായര്‍ – 10/12/17

ഒന്നാം വായന
ഏശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന്
(40:1-5,9-11)
(കര്‍ത്താവിനു വഴി ഒരുക്കുവിന്‍)
നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്‍റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍! ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍!അവളുടെ അടിമത്തം അവസാനിച്ചു;തിന്‍മകള്‍ ക്ഷമിച്ചിരിക്കുന്നു.എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍നിന്ന് ഇരട്ടിശിക്ഷയും ലഭിച്ചിരിക്കുന്നു.
ഒരു സ്വരം ഉയരുന്നു;മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍. താഴ് വരകള്‍ നികത്തപ്പെടും;മലകളും കുന്നുകളും താഴ്ത്തപ്പെടും;കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും.കര്‍ത്താവിന്‍റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാവരും ഒരുമിച്ച് അത് ദര്‍ശിക്കും.കര്‍ത്താവാണ് അത് അരുളിച്ചെയ്യുന്നത്.
സദ്വാര്‍ത്തയുമായി വരുന്ന സീയോനേ, ഉയര്‍ന്ന മലയില്‍ക്കയറി ശക്തിയോടെ സ്വരമുയര്‍ത്തി പറയുക;സദ്വാര്‍ത്തയുമായി വരുന്ന ജറുസലെമേ, നിര്‍ഭയം വിളിച്ചു പറയുക;യൂദായുടെ പട്ടണങ്ങളോടു പറയുക:ഇതാ, നിങ്ങളുടെ ദൈവം!ഇതാ, ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു.സമ്മാനം അവിടുത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്. ഇടയനെപ്പോലെ അവിടുന്ന് തന്‍റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (85:8-9,10-11,12-13)
R ( v.7)കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍
ചൊരിയണമേ!
ഞങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്യണമേ!
1. കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;
അവിടുന്നു തന്‍റെ ജനത്തിനു സമാധാനം അരുളും;
ഹൃദയപൂര്‍വ്വം തന്നിലേക്കു തിരിയുന്ന തന്‍റെ
വിശുദ്ധര്‍ക്കുതന്നെ.
അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്;
മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
R കര്‍ത്താവേ……………
2. കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും;
നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും;
നീതി ആകാശത്തു നിന്നു ഭൂമിയെ കടാക്ഷിക്കും.
R കര്‍ത്താവേ……………
3. കര്‍ത്താവു നന്‍മ പ്രദാനം ചെയ്യും;
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്
അവിടുത്തേക്കു വഴിയൊരുക്കും.
R കര്‍ത്താവേ……………
രണ്ടാം വായന
വി. പത്രോസ് എഴുതിയ രണ്ടാം ലേഖനത്തില്‍നിന്ന് (3:8-14)
(പുതിയ ആകാശവും പുതിയ ഭൂമിയും നാം പ്രതീക്ഷിക്കുന്നു)
പ്രിയപ്പെട്ടവരേ, കര്‍ത്താവിന്‍റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരുദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്. കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്‍റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളു. കര്‍ത്താവിന്‍റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തി നശിക്കും. ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്ക്കാന്തിയുള്ളവരായിരിക്കണം!ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്‍റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു.
ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയും ഇല്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍ വേണ്ടി ഉത്സാഹിക്കുവിന്‍.
കര്‍ത്താവിന്‍റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ!(Lk.3:4,6)കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍. അവന്‍റെ പാത നേരെയാക്കുവിന്‍.-സകല മനുഷ്യരും ദൈവത്തിന്‍റെ രക്ഷ കാണുകയും ചെയ്യും – അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന്(1:1 -8)
(കര്‍ത്താവിന്‍റെ ഊടുവഴികള്‍ നിരപ്പാക്കുവിന്‍)
ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം. ഇതാ, നിനക്കുമുമ്പേ ഞാന്‍ നിന്‍റെ ദൂതനെ അയയ്ക്കുന്നു. അവന്‍ നിന്‍റെ വഴി ഒരുക്കും. മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം:കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍. അവന്‍റെ പാത നേരെയാക്കുവിന്‍ എന്ന് ഏശയ്യാ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ട് സ്നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. യൂദയാ മുഴുവനിലെയും ജറുസലെമിലെയും ജനങ്ങള്‍ അവന്‍റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍വച്ചു സ്നാനം സ്വീകരിച്ചു. യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്‍റെ ഭക്ഷണം. അവന്‍ ഇപ്രകാരം ഉദ്ഘോഷിച്ചു. എന്നെക്കാള്‍ ശക്തനായവന്‍ എന്‍റെ പിന്നാലെ വരുന്നു, കുനിഞ്ഞ് അവന്‍റെ ചെരിപ്പിന്‍റെ വള്ളികള്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍ക്കു ജലം കൊണ്ടുള്ള സ്നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്നാനം നല്‍കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here